വേദികള്‍ സജീവം, എക്‌സ്‌പോ 2023 ദോഹ ഇന്ന് തുടങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ. കാത്തിരിപ്പ് അവസാനിക്കുന്നു. എല്ലാ വേദികളുമൊരുങ്ങി കഴിഞ്ഞു. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന
എക്‌സ്‌പോ 2023 ദോഹ ഇന്ന് തുടങ്ങും. ഔപചാരികമായ ഉദ്ഘാടനവും അതിനോടനുബന്ധിച്ച വി.ഐ.പി. അതിഥികളുടെ സന്ദര്‍ശനവും പരിഗണിച്ച് പൊതുജനങ്ങള്‍ക്ക് നാളെ മുതലായിരിക്കും എക്‌സ്‌പോയിലേക്ക് പ്രവേശനം.
2022 ലെ ഫിഫ ലോകകപ്പിന്റെ ഐതിഹാസികമായ വിജയത്തിന് ശേഷം ഖത്തര്‍ ആതിഥ്യമരുളുന്ന ഏറ്റവും വലിയ ഈവന്റായ എക്സ്പോ 2023 ദോഹക്കായി ലോകത്തെ വരവേല്‍ക്കാനൊരുങ്ങി ദോഹ . എക്സ്പോക്ക് വേണ്ടി തയ്യാറെടുപ്പുകളും സജ്ജീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കിയ സംഘാടകര്‍ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്‍പതിവധികം രാജ്യങ്ങളുടെ പങ്കാളിത്തമുള്ള അന്താരാഷ്ട്ര ഹോര്‍ട്ടി കള്‍ചര്‍ പ്രദര്‍ശനം പാരിസ്ഥിതിക ചിന്തകളും കാലാവസ്ഥ പ്രശ്നങ്ങളുമൊക്കെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതോടൊപ്പം നമ്മുടെ ആവാസ വ്യവസ്ഥയെ കാര്യക്ഷമമായി സംരക്ഷിക്കാനും ആഹ്വാനം ചെയ്യുന്ന ലോക സമ്മേളനമാണ്. ഇന്നു മുതല്‍ 2024 മാര്‍ച്ച് 28 വരെ മുപ്പത് ലക്ഷത്തോളം സന്ദര്‍ശകരെയാണ് എക്സ്പോ 2023 ദോഹ പ്രതീക്ഷിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എക്സ്പോ സന്ദര്‍ശകരെ പ്രത്യേകം സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ബാനറുകളും ഉയര്‍ന്നു കഴിഞ്ഞു. ദോഹ മെട്രോ സന്ദര്‍ശകരെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എക്സ്പോയുടെ നിറങ്ങളിലും ലോഗോയോടെയും വൈവിധ്യമാര്‍ന്ന ബ്രാന്‍ഡിംഗുകളോടെയാണ് ഓരോ മെട്രോ സ്റ്റേഷനും അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് സവിശേഷമായ സ്റ്റോപ്പോവര്‍ പാക്കേജുകളും ടിക്കറ്റ് നിരക്കുമായി ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് രംഗത്തുണ്ട്.ഖത്തറിലെ വിവിധ നിലവാരത്തിലുള്ള ഹോട്ടലുകളും സന്ദര്‍ശകരെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ്. ഏത് ബജറ്റില്‍പ്പെട്ടവര്‍ക്കും താമസിക്കാവുന്ന ഹോട്ടല്‍ റൂമുകള്‍ ലഭ്യമാണ്.
എക്സ്പോ ദോഹ 2023 ന് നിറം പകരുവാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഖത്തര്‍ ടൂറിസം സജ്ജീകരിച്ചിരിക്കുന്നത്. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കുന്ന ആഘോഷരാവുകളാണ് ദോഹയെ കാത്തിരിക്കുന്നത്.