ജാസ്മിന്‍ സമീറിന്റെ സര്‍ഗസഞ്ചാരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന്‍ സമീര്‍ സര്‍ഗസഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന പ്രതിഭയാണ്. പേര് അന്വര്‍ഥമാക്കുന്ന തരത്തില്‍ മുല്ലപ്പൂവിന്റെ പരിമളം വീശുന്ന രചനകളിലൂടെ സഹൃദയ മനസുകളില്‍ ഇടം കണ്ടെത്തിയ ഈ എഴുത്തുകാരി പാട്ടെഴുത്തിലും വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയാണ് മുന്നേറുന്നത്.
ജാസ്മിന്റെ രചനയില്‍ പിറന്ന ഭക്തി ഗാന ആല്‍ബം ജന്നത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. എസ്.ആന്റ് പ്രൊഡക്ഷന്‍സ് യുട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് ആല്‍ബം കാണുകയും മികച്ച അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തത്. മനുഷ്യനെ ക്രിയാത്മകവും രചനാത്മകവുമായ മാര്‍ഗങ്ങളിലേക്ക് നയിക്കുന്ന ചാലക ശക്തിയായ പ്രാര്‍ഥനയാണ് ഈ രചനയുടെ ഏറ്റവും വലിയ കരുത്ത്. ജാസ്മിന്റെ വരികള്‍ ആല്‍ബമാകുന്നത് ഇത് രണ്ടാം തവണയാണ്. എന്നോട് അടുക്കുവാന്‍ വൈകിയതെന്തേ എന്നതായിരുന്നു ജാസ്മിന്റെ വരികളില്‍ ആദ്യമിറങ്ങിയ ആല്‍ബം. ഇഖ്ബാല്‍ കണ്ണൂര്‍ സംഗീതം നല്‍കി ആലപിച്ച നാവിന്‍തുമ്പില്‍ നിന്നും മായാതെ തത്തിക്കളിക്കും ഇമ്പമാര്‍ന്ന ഒരു പ്രണയ ഗാനമായിരുന്നു അത്
ജന്നത്തിലെ പാട്ട് പരിചയപ്പെടുത്തുന്നിടത്ത്, പരിമിതിയില്ലാത്ത ഊര്‍ജ്ജമാണ് പ്രാര്‍ത്ഥന, അനന്തമാണതിന്‍ വ്യാപ്തി, എന്നിങ്ങനെ ജാസ്മിന്‍ കുറിക്കുന്ന വരികള്‍ ഏറെ കാലിക പ്രസക്തവും ചിന്തോദ്ദീപകവുമാണ്.
കേള്‍ക്കാന്‍ ഇമ്പമുള്ള ഭക്തിസാന്ദ്രവും സന്ദേശ പ്രധാനവുമായൊരു ഗാനം എന്നതാണ് ജന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത. കോവിഡ് ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന സമയത്ത് ഭക്തിയും പ്രാര്‍ഥനയുമാണ് മനുഷ്യന് ഏറ്റവും ആശ്വാസം പകരുന്നത് എന്നതിനാല്‍ ഏറെ അവസരോചിതമായ ജാസ്മിന്റെ ഈ സര്‍ഗസഞ്ചാരം സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. സുകൃതങ്ങളിലൂടെ ജീവിതം ധന്യമാക്കുവാന്‍ ആഹ്വാനം ചെയ്യുന്ന അര്‍ഥ സമ്പുഷ്ടമായ വരികളും മനോഹരമായ ചിത്രീകരണവും ജന്നത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
നീണ്ട പതിനഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ കണ്‍മണിയായ ജന്നത്തിന്റെ പേര്് ആല്‍ബത്തിന് നല്‍കിയതിലൂടെ തന്റെ ഹൃദയവികാരമാണ് ജാസ്മിന്‍ പങ്കുവെക്കുന്നത്. സ്വര്‍ഗലോകത്തുനിന്നും ദൈവം നല്‍കിയ മാലാഖയാണ് ജന്നത്ത്. ഓരോ മനുഷ്യനും വൈവിധ്യമാര്‍ന്ന അനുഗ്രഹങ്ങളാണ് ദൈവം കനിഞ്ഞരുളുന്നത്. കരുണാമയനും കാരുണ്യവാനുമായ ഈശ്വരനോടുള്ള നന്ദിയും കടപ്പാടും അറിയിച്ച് പ്രാര്‍ഥനാസാന്ദ്രമായി ജീവിതം ചിട്ടപ്പെടുത്തുന്നതാണ് ജന്നത്തിന്റെ പ്രമേയം. തികച്ചും സാന്ദ്രവും സന്ദേശ പ്രധാനവുമായ വരികളിലൂടെ ആസ്വാദകരുടെ മനം കവരുന്നതോടൊപ്പം ചിന്തയും സ്പര്‍ശിക്കുന്നു എന്നിടത്താണ് ഈ ആല്‍ബം സവിശേഷമാകുന്നത്.
കാവ്യാത്മകമായ പാട്ടുകള്‍ എന്നാണ് ജാസ്മിന്റെ വരികളെ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റിലും സംഗീത സംവിധായകന്‍ കെ.വി. അബുട്ടിയുമൊക്കെ വിശദീകരിച്ചത്. ഷാര്‍ജ ബുക്ക് അതോരിറ്റിയിലെ മോഹന്‍കുമാറും ജാസ്മിന്റെ സര്‍ഗസപര്യകളെ ഏറെ പ്രശംസിച്ചുവെന്നത് സര്‍ഗവഴികളിലെ ജാസ്മിന്റെ ധന്യമായ ചുവടുകള്‍ക്കുള്ള അംഗീകാരമാണ് .
കണ്ണൂര്‍ ജില്ലയിലെ ചിറക്കലില്‍ ഖദീജ അമ്പലത്തിലകത്തിന്റേയും അബ്ദുല്‍ ഖാദര്‍ ഗുരുക്കളുടേയും മകളായ ജാസ്മിന്‍ വൈകി വീശിയ മുല്ലഗന്ധം, മകള്‍ക്ക്, കാത്തുവെച്ച പ്രണയമൊഴികള്‍ എന്നീ കാവ്യ സമാഹാരങ്ങളുടെ കര്‍ത്താവാണ്. ദുബൈയില്‍ സിവില്‍ എഞ്ചിനീയറായ സമീറാണ് ഭര്‍ത്താവ്. ശഹ്‌സാദ്, ജന്നത്ത് എന്നിവര്‍ മക്കളാണ്.
റഹ്‌മാനാണ് ആല്‍ബത്തിന്റെ നിര്‍മാതാവ്. സാവേരി ബിഥുലാണ് ജന്നത്ത് എന്ന മനോഹരമായ ഗാനം ഹൃദ്യമായി ആലപിച്ചിരിക്കുന്നത്. യു.എ.ഇ യിലെ സംഗീത സദസ്സുകളിലെ സജീവസാന്നിധ്യവും താളങ്ങളുടെ രാജാവെന്ന് വിശേഷിപ്പിക്കാവുന്ന സര്‍ഗപ്രതിഭ ബിനില്‍ ത്യാഗരാജനാണ് സംഗീതവും ഈണവും നല്‍കിയിരിക്കുന്നത്. സജിത് ശങ്കറിന്റെ ഓര്‍ക്കസ്‌ട്രേഷന്‍, നിഖിലിന്റെ ഫ്‌ളൂട്ട്, രാദിയേഷ് പാലിന്റെ സൗണ്ട് മിക്‌സിംഗ് അഭിലാഷ് അശോകിന്റെ ക്യാമറ, പ്രമോദ് മാധവന്റെ എഡിറ്റിംഗ് എന്നിവയും ആല്‍ബത്തെ ആകര്‍ഷകമാക്കിയിരിക്കുന്നു.
എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ ഇഷ്ട വിനോദമായ ഉറക്കത്തെക്കുറിച്ച് കവിത എഴുതികൊണ്ടാണ് ജാസ്മിന്‍ തന്റെ സര്‍ഗസഞ്ചാരം ആരംഭിച്ചത്. ആ കവിത മലയാള മനോരമ ദിനപത്രത്തിന്റെ ഞായറാഴ്ച്ചപേജില്‍ അച്ചടിച്ച് വന്നത് വലിയ പ്രചോദനമായി. ചുറ്റിലുമുള്ള ജീവിതങ്ങളും സ്വന്തം അനുഭവങ്ങളും പ്രമേയമാക്കി ധാരാളം മിനിക്കഥകളും കവിതകളുമെഴുതി ക്രിയാത്മക മേഖലയില്‍ സജീവമായി.
സ്‌ക്കൂളിലെ മലയാളം ക്ലാസാണ് ജാസ്മിനെ ഏറെ ആകര്‍ഷിച്ചത്.പാഠപുസ്തകങ്ങളിലെ കഥ കവിത ആവര്‍ത്തിച്ച് വായിച്ചും, കവിതകള്‍ ഈണത്തോടെ മന:പാഠമാക്കിയും ജാസ്മിന്‍ ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളും, മാധവിക്കുട്ടിയുടെ കവിതകളുമൊക്കെ ജാസ്മിന്‍ എന്ന എഴുത്തുകാരിയെ സ്വാധീനിച്ച ഘടകങ്ങളാണ്. മാതാപിതാക്കള്‍, അദ്ധ്യാപകര്‍, സുഹൃത്തുക്കളായ എഴുത്തുകാരുടെയും പ്രോത്സാഹനവും പ്രചോദനവും പിന്തുണയുമാണ് തന്റെ സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജനമായി ജാസ്മിന്‍ കാണുന്നത്.
ഉപ്പ നല്ലൊരു വായനക്കാരനും സഹൃദയനുമാണ്. ഉമ്മയും വലിയ പ്രോല്‍സാഹനമാണ് എന്നും നല്‍കുന്നത്
ഇതിനകം മൂന്ന് പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. എഴുത്തിന്റെ ആദ്യ നാളുകളിലെ കവിതകളുടെ സമാഹാരമായ വൈകി വീശിയ മുല്ല ഗന്ധം എന്ന കൃതിക്ക് ബഷീര്‍ തിക്കോടിയാണ് അവതാരികയെഴുതിയത്. 15 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദൈവം കനിഞ്ഞരുളിയ മകള്‍ ജന്നയ്ക്കു വേണ്ടി സമര്‍പ്പിച്ച ഒരു കവിത ഉള്‍പ്പെടെ മകളെ കുറിച്ചുള്ള നല്ല കവിതകളുടെ സമാഹാരമായ മകള്‍ക്ക് എന്നതാണ് രണ്ടാമത്തെ പുസ്തകം. 50 എഴുത്തുകാരുടെ ‘മകള്‍’ വിഷയമായ കവിതകളാണ് പുസ്‌കത്തിലുള്ളത്. വെള്ളിയോടനാണ് അവതാരിക. കാത്തു വെച്ച പ്രണയമൊഴികള്‍ എന്ന തലക്കെട്ടില്‍ 25 പ്രണയകവിതകള്‍ ഉള്‍കൊള്ളുന്ന മൂന്നാമത്തെ പുസ്‌കത്തിന് കെ ജയകുമാര്‍ ആണ് അവതാരിക എഴുതിയിരിക്കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സ് ആണ് 3 പുസ്തകങ്ങളുടേയും പ്രസാധകര്‍. മൂന്നും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് പ്രകാശിതമായത്. അയ്യപ്പനെന്ന സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിയുടെ എന്റെ ലോകം എന്ന കവിതാ സമാഹാരം സുഹൃത്ത് അംജദ് അമീനുമായി ചേര്‍ന്ന് അറബിയിലേക്ക് തര്‍ജമ ചെയ്തു 2019 ല്‍ ഷാര്‍ജ ബുക്ക് ഫെയറില്‍ റിലീസ് ചെയ്തു.
അദ്ധ്യാപികയായിരുന്നതിനാല്‍ സ്‌ക്കൂള്‍ അസംബ്ലികളില്‍ കുട്ടികള്‍ക്ക് അവതരിപ്പിക്കുവാനുള്ള കുഞ്ഞു കവിതകള്‍ എഴുതിയിട്ടുണ്ടായിരുന്നു, അങ്ങനെയൊരു കവിതാ സമാഹാരം പുറത്തിറക്കുവാന്‍ ആലോചനയുണ്ട്. ഒരു മിനിക്കഥാസമാഹാരമാണ് ജാസ്മിന്റെ മറ്റൊരു സ്വപ്നം.
നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ജാസ്മിനെ തേടിയെത്തിയിട്ടുണ്ട്. കണ്ണൂര്‍ ആകാശവാണിയുടെ അങ്കണം പുരസ്‌കാരം, പാം അക്ഷരതൂലിക കവിത പുരസ്‌കാരം, യു. എഫ്.കെ. അസ്മോ പുത്തഞ്ചിറ കവിത പുരസ്‌കാരം എന്നിവ പുരസ്‌കാരങ്ങളില്‍ ചിലത് മാത്രമാണ്.
ജാസ്മിന്‍ സമീര്‍ ലേഖകനോടൊപ്പം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍