രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ക്ക് രാജ്യം വിട്ടുപോകുവാന്‍ യാതൊരു തടസ്സങ്ങളുമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നിന്നും രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ക്ക് 14 ദിവസം കഴിഞ്ഞ ശേഷമേ രാജ്യം വിട്ടുപോകുവാന്‍ പാടുള്ളൂ, എങ്കില്‍ മാത്രമേ തിരിച്ചുവരുമ്പോള്‍ ക്വാറന്റൈന് ഇളവ് ലഭിക്കുകയുള്ളൂ എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.
രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത ശേഷം പ്രയാസങ്ങളൊന്നുമില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ യാത്ര ചെയ്യുന്നതിന് യാതൊരു തടസ്സങ്ങളുമില്ല. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞശേഷം മാത്രമേ ക്വാറന്റൈന് ഇളവ് ലഭിക്കുകയുള്ളൂവെന്ന് മാത്രം.
യാത്ര പുറപ്പെടുവാന്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ടതില്ല. കാരണം വാക്സിനെടുത്തതിന്റെ തെളിവായി ഇഹ്തിറാസ് ആപ്പില്‍ വാക്സിനേറ്റഡ് സീല്‍ വരും. ഇനി സര്‍ട്ടിഫിക്കറ്റ് വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായാണ് ലഭിക്കുക. അത് ലോകത്ത് എവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്യാം.