നാടന്‍ പാട്ടുകള്‍ നെഞ്ചേറ്റുന്ന പ്രവാസി കലാകാരന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ഏതൊരു സമൂഹത്തിന്റേയും സാഹിത്യ സാമൂഹ്യ നവോത്ഥാന ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് നാടന്‍ പാട്ടുകള്‍. പ്രാചീന കാലം മുതലേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാടന്‍ പാട്ടുകളായിരുന്നു ആദാനപ്രദാനങ്ങളുടെ സുപ്രധാനമായ മാധ്യമമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എഴുത്തുവിദ്യയുടെ കണ്ടുപിടുത്തത്തിനും പ്രചാരത്തിനും മുമ്പും പാടിയും പറഞ്ഞുമാണ് ആശയങ്ങളും സന്ദേശങ്ങളും കൈമാറിയിരുന്നത്. ജീവിതത്തിന്റെ സത്യാത്മകവും ആത്മാര്‍ത്ഥവുമായ ആവിഷ്‌ക്കരണങ്ങളാണ് നാടന്‍ പാട്ടുകള്‍. ഭാവനയ്ക്കും കല്പനകള്‍ക്കുമപ്പുറം ചൂടേറിയ ജീവിതത്തിന്റെ കാല്പാടുകളാണ് നാടന്‍ പാട്ടുകള്‍ പ്രതിനിധീകരിക്കുന്നത്. നാടന്‍ പാട്ടുകള്‍ മിക്കതും അജ്ഞാതകര്‍ത്തൃകങ്ങളും വാഗ്രൂപമാത്രപാരമ്പര്യം ഉളളതുമാണ്.
തന്നാട്ടുഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകൃത്യാലുള്ള ശുദ്ധിയും കാവ്യഭംഗിയും പ്രസരിക്കുന്ന തനതു സംഗീതരൂപങ്ങളാണ് നാടന്‍പാട്ടുകള്‍. ഭാഷയുടേയും സാഹിത്യത്തിന്റേയും എന്നതിലുപരി ഇവ സംസ്‌കാരത്തിന്റെ കൂടി ചിഹ്നങ്ങളാണ്. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമം നടന്നുകൊണ്ടിരുന്നതോ ആണ് മിക്ക നാടന്‍ പാട്ടുകളും. ഉപരിവര്‍ഗ്ഗത്തിന്റെ കര്‍ശനമായ വ്യാകരണസംഹിതകളിലും ച്ഛന്ദശ്ശാസ്ത്രനിയമങ്ങളിലും ഒതുങ്ങിക്കിടക്കാതെ, മിക്കവാറും സര്‍വ്വതന്ത്രസ്വതന്ത്രമായി രൂപപ്പെട്ടുവന്ന ഇത്തരം പാട്ടുസംസ്‌കാരം ജനസാമാന്യത്തിന്റെ നിത്യവൃത്തിയും പ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢമായ ബന്ധത്തെ ചൂണ്ടിക്കാണിക്കുന്ന ഏറ്റവും നല്ല ചരിത്രപഠനസാമഗ്രികള്‍ കൂടിയാണ്.
കേരളീയ ജീവിതത്തിന്റെ പശമണ്ണില്‍ വേരൂന്നിവളര്‍ന്ന നടന്‍ പാട്ടുകള്‍ അക്കാലത്തെ ആചാരങ്ങളും വിശ്വാസങ്ങളും ആശകളും ആശങ്കകളും പ്രതിഫലിച്ചു കാണാം. ഹൃദയത്തില്‍ നിന്നും ഉത്ഭവിച്ച് ഹൃദയത്തിലേക്ക് ഒഴുകുന്ന ഈ പാട്ടുകള്‍ക്ക് ചൂടേറിയ ജീവിതത്തിന്റെ ഊഷ്മാവും ഗന്ധവുമുണ്ട്. സാമൂഹികജീവിതത്തിന്റെ വികാസ പരിണാമങ്ങള്‍ അവ വിളിച്ചോതുന്നു. മലയാണ്മയുടെ ഗാനസാഹിത്യത്തിലെ രത്നശോഭയുള്ള നാടന്‍ പാട്ടുകളെ പുനരുജ്ജീവിപ്പിക്കേണ്ടത് കലാസാഹിത്യ പാരമ്പര്യസംരക്ഷണത്തിനനുപേക്ഷ്യേമാണ്.
കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തില്‍ നാടന്‍ പാട്ടുകളുടെ പങ്ക് വളരെ വലുതാണ്. ചരിത്രവും സംസ്‌കാരവും ആചാരങ്ങളും ശീലങ്ങളുമൊക്കെ അടയാളപ്പെടുത്തുന്ന നിരവധി നാടന്‍ പാട്ടുകള്‍ കേരളീയ ജീവിതത്തിന്റെ ഭാഗമായിരുന്നു. പണിയെടുക്കുന്നവന്റെ പടപ്പാട്ടുകളാണ് നാടന്‍ പാട്ടുകള്‍. നമ്മുടെ സമൂഹത്തിന്റെ തൊഴില്‍ വിഭജനം നടന്ന കാലം മുതലേ നാടന്‍ പാട്ടുകള്‍ പ്രചാരത്തിലിരുന്നു. വിവിധ ആഘോഷങ്ങളും ജീവിത രീതികളുമായുമൊക്കെ ബന്ധപ്പെട്ട് തലമുറ തലമുറകളായി കൈമാറിയ നാടന്‍ പാട്ട് സംസ്‌കാരം ആധുനികതയുടേയും പരിഷ്‌ക്കാരത്തിന്റേയും തള്ളിക്കയറ്റത്തില്‍ കേരളീയ സമൂഹത്തില്‍ നിന്നുപോലും മെല്ലെ മെല്ലെ അന്യം നിന്നുപോകുന്ന സാഹചര്യത്തിലാണ് പ്രവാസ ലോകത്തിരുന്ന് നാടന്‍ പാട്ടുകളെ നെഞ്ചേറ്റുന്ന പ്രവാസി കലാകാരനായ ഷൈജു ധമനി നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
നാടന്‍ പാട്ട് മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കേരള സര്‍ക്കാറിന്റെ ഫോക് ലോര്‍ അക്കാദമി ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേടിയ ഖത്തറിലെ ഭവന്‍സ് പബ്ലിക് സ്‌കൂളിലെ ആക്ടിവിറ്റി കോര്‍ഡിനേറ്ററും സീനിയര്‍ മലയാളം ടീച്ചറുമായ ഷൈജു ധമനി കഴിഞ്ഞ 20 വര്‍ഷത്തോളമായി നാടന്‍ പാട്ടുകളൈ നെഞ്ചേറ്റിയ കലാകാരനാണ് .ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായ ഷൈജു കഴിഞ്ഞ 9 വര്‍ഷത്തോളമായി പ്രവാസിയാണെങ്കിലും കേരളത്തോടും കേരളീയ പാരമ്പര്യങ്ങളോടുമുള്ള പൊക്കിള്‍കൊടി ബന്ധം ശക്തമാക്കുന്ന നാടന്‍ പാട്ടുകളെ പ്രചരിപ്പിക്കുവാനും പരിചയപ്പെടുത്താനുമായി കനല്‍ നാടന്‍ പാട്ട്് സംഘം രൂപീകരിച്ചാണ് ഈ പ്രവാസി അധ്യാപകന്‍ സര്‍ഗസഞ്ചാരത്തിന്റെ വേറിട്ട മാതൃക സമ്മാനിക്കുന്നത്
കനല്‍ നാടന്‍ പാട്ട് സംഘം
കേരള ഫോക് ലോര്‍ അക്കാദമിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രവാസ ലോകത്തെ പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിന് പരിഗണിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷത്തോളമായി ഖത്തറില്‍ അധ്യാപകനായ ഷൈജു കനല്‍ നാടന്‍ പാട്ട് സംഘത്തിന്റെ കീഴില്‍ ചെറുതും വലുതുമായ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് .
കായംകുളം എം. എസ്. എം. കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഷൈജുവിന് നാടന്‍ പാട്ടുകളില്‍ കമ്പം തുടങ്ങിയത്. അധ്യാപകനായ ഡോ. അജുനാരായണന്‍ സാറിന്റെ ക്ളാസുകളാണ് പ്രചോദനമായത്. ചേര്‍ത്തലയില്‍ നടന്ന എന്‍. എസ്. എസ്. ലീഡര്‍ഷിപ്പ് ക്യാമ്പില്‍ അനൂപ് ചന്ദ്രനും സംഘവും അവതരിപ്പിച്ച സി.ജെ. കുട്ടപ്പന്‍ മാഷിന്റെ ആദിയില്ലല്ലോ അനന്തമില്ലല്ലോ എന്നു തുടങ്ങുന്ന ഗാനം ഏറെ ആവേശം നല്‍കി. ആയിടക്കാണ് കരുനാഗപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാവ്് എന്ന നാടന്‍ പാട്ട് സംഘം എം. എസ്. എം. കോളേജില്‍ പരിപാടിയവതരിപ്പിക്കാനെത്തിയത്. അവരുടെ പ്രകടനത്തില്‍ ആകൃഷ്ടനായ ഷൈജു അവരോടൊപ്പം ചേരുകയും വിവിധ വേദികളില്‍ സജീവമായി പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
കോളേജിലെ കൂട്ടുകാരെ കൂട്ടി ധമനി കലാമന്ദിര്‍ എന്ന പേരില്‍ ഒരു നാടന്‍ പാട്ട് സംഘം രൂപീകരിച്ച അദ്ദേഹം സജീവമായ കലാപ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. 2012 ല്‍ ദോഹയില്‍ ജോലി കിട്ടിപോരുന്നതുവരെയും ധമനിയുടെ നട്ടെല്ലായിരുന്നു ഷൈജു. ആ കൂട്ടായ്മ ഇപ്പോഴും തുടരുന്നുണ്ട്.
പ്രവാസ ലോകത്തെത്തിയപ്പോഴും നാടന്‍ പാട്ടുകളോടുള്ള കമ്പം കുറഞ്ഞില്ല. ഫ്രന്റ്്സ് കള്‍ചറല്‍ സെന്ററിന്റെ എക്സിക്യൂട്ടീവ്് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരിയും ഉണ്ണികൃഷ്ണന്‍ ചടയമംഗലവുമാണ് ദോഹയിലെ കലാപ്രവര്‍ത്തനത്തിന് പ്രേരകമായത്. എഫ്.സി.സി.യുടെ ഖത്തര്‍ കേരളീയം പരിപാടിയുടെ ഭാഗമായ നാടന്‍ പാട്ട് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
സംസ്‌കൃതി പ്രവര്‍ത്തകനായിരുന്ന എസ്. പ്രദീപ്കുമാര്‍ നാടന്‍ പാട്ട് പഠിപ്പിക്കുവാന്‍ ക്ഷണിച്ചതോടെ ആവേശം വര്‍ദ്ധിച്ചു. അങ്ങനെയാണ് വിജീഷ് വിജയന്‍ ചേര്‍ത്തല, വിനോദ് കുമാര്‍ തൃശൂര്‍, സുധീര്‍ ബാബു വയനാട്, മുഹമ്മദ് സ്വാലിഹ് തൃശൂര്‍ എന്നിവരുമായി ചേര്‍ന്ന് കനല്‍ നാടന്‍ പാട്ട് സംഘം രൂപീകരിച്ചത്.
തനതായ നാടന്‍ പാട്ടുകളും പാടിയും പഠിപ്പിച്ചും ഖത്തര്‍ പ്രവാസികള്‍ക്ക് ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ സമ്മാനിച്ച കനല്‍ നാടന്‍ പാട്ട് സംഘം കേരള ഫോക് ലോര്‍ അക്കാദമിയുടെ അംഗീകാരം ലഭിച്ച ഗള്‍ഫിലെ ആദ്യ സംഘമാണ്.
വര്‍ഷം ഖത്തറിലെ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാടന്‍ പാട്ട് മല്‍സരം നടത്തുന്ന കനല്‍ നാടന്‍ പാട്ട് സംഘം അക്കാദമി അവാര്‍ഡ് കഴിഞ്ഞാല്‍ നാടന്‍ പാട്ട് മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌കാരം ഏര്‍പ്പെടുത്തി നാടന്‍ പാട്ടുകളെ പ്രോല്‍സാഹിപ്പിക്കുന്ന മാതൃകാപ്രവര്‍ത്തനവുമായാണ് മുന്നോട്ടുപോകുന്നത്. നിരവധി അപേക്ഷകളാണ് ഈ പുരസ്‌കാരത്തിന് ലഭിക്കാറുളളത് എന്നത് നാടന്‍പാട്ടുമേഖലയുടെ സജീവതയാണ് അടയാളപ്പെടുത്തുന്നത്.
കായംകുളത്തെ അബ്ദുല്‍ അസീസ് റംലത്ത് ദമ്പതികളില്‍ മൂന്ന് മക്കളില്‍ ഇളയവനായ ഷൈജു തികച്ചും വേറിട്ട സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രവാസി മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഖത്തറിലെ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ അധ്യാപികയായ മിനി ഷൈജുവാണ് ഭാര്യ. ഷെഹ്സാദ് ഷൈജു , സൈദ്ധവ് ഷൈജു എന്നിവര്‍ മക്കളാണ്
ഷൈജുവും കുടുംബവും