IM Special

ഹോപ് ഖത്തര്‍ പതിനാറാം വര്‍ഷത്തിലേക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : മാനസികമോ ശാരീരികമോ ആയ പ്രയാസങ്ങളാല്‍ പ്രത്യേക പരിചരണമാവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി വളര്‍ത്തിക്കൊണ്ടുവരികയെന്ന ബൃഹത്തായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹോപ് ഖത്തര്‍ പ്രതീക്ഷയോടെ പതിനാറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.  ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പൂര്‍ണ ലൈസന്‍സോടെ ഒട്ടും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഗള്‍ഫ് മേഖലയിലെ തന്നെ വേറിട്ടൊരു സംരംഭമാകാം.

പ്രമുഖ പരിശീലകനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. രാജീവ് മാത്യൂ, പ്രിയതമ ഡോ. സിബി മാത്യൂവും പ്രത്യേക പരിചരണം ആവശ്യമായ തങ്ങളുടെ മകന് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ ഹോപ് ഖത്തര്‍ സാക്ഷാല്‍കൃതമായത്.

ശാരീരിക, മാനസിക പരിമിതികളുള്ളവരും പ്രത്യേക പരിചരണമാവശ്യമുള്ളവരുമായ കുട്ടികളെ വിദഗ്ധ പരിശീലനത്തിലൂടെ സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ വളര്‍ത്തിയെടുക്കാനാണ് ഹോപ് ഖത്തര്‍ പരിശ്രമിക്കുന്നത്. വേണ്ട പരിചരണം കൊടുക്കാതിരുന്നാല്‍ സമൂഹത്തിന് ബാധ്യതയായേക്കാവുന്ന ഒരു വിഭാഗത്തെ സമൂഹത്തിന് മുതല്‍ക്കൂട്ടാക്കി മാറ്റുകയെന്ന സുപ്രധാന ദൗത്യമാണ് ഹോപ് ഖത്തര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രാജീവ് തോമസ് പറഞ്ഞു.

തിരിഞ്ഞ് നോക്കുമ്പോള്‍ ഏറെ അഭിമാനവും ചാരിതാര്‍ഥ്യവുമുണ്ടെന്നും നിരവധി കുടുംബങ്ങളില്‍ പുഞ്ചിരി പടര്‍ത്താന്‍ ഹോപ് ഖത്തറിന് സാധിച്ചുവെന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ അവഗണിക്കപ്പെട്ടിരുന്ന കുട്ടികളെ പരിശീലിപ്പിച്ച് യോഗ്യരും സേവനസന്നദ്ധരുമാക്കുക വഴി സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പരിശ്രമത്തിന്റെ ഭാഗമാകുവാന്‍ ആ കുട്ടികള്‍ക്കായി. പലപ്പോഴും പ്രത്യേക പരിചരണമാവശ്യമുള്ള കുട്ടികള്‍ അസാധാരണമായ പല കഴിവുകളുമുള്ളവരായിരിക്കും. ആ കഴിവുകള്‍ കണ്ടെത്തി പരിശീലിപ്പിക്കുക. അവരെ മികച്ച പൗരന്മാരാക്കി മാറ്റാനാകുമെന്നാണ് തങ്ങളുടെ അനുഭവമെന്ന് ഡോ. രാജീവ് പറഞ്ഞു. ഓരോ വര്‍ഷവും ഹോപ് ഖത്തര്‍ സംഘടിപ്പിക്കാറുള്ള വാര്‍ഷികാഘോഷങ്ങളും കായിക ദിനവും സയന്‍സ് എക്സിബിഷനുകളുമൊക്കെ വിദ്യാര്‍ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുവാനും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും സഹായകമാകാറുണ്ട്. എല്ലാ പരിമിതികള്‍ക്കുള്ളില്‍ നിന്നും സമൂഹത്തിലെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുവാന്‍ സജ്ജമാക്കുന്നതില്‍ പാഠ്യേതര രംഗത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമാകുന്നുണ്ട്.

ശാരീരിക മാനസിക പരിമിതികളെ മറി കടന്ന് ലോകാടിസ്ഥാനത്തില്‍ ശ്രദ്ധ നേടിയ പല പ്രമുഖരേയും ഹോപ് ഖത്തര്‍ കൊണ്ടുവരികയും അവരുമായി പൊതു പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ചിട്ടുണ്ട്. മെസേജ് ഓഫ് ഹോപ് സീരിസില്‍ ഡൗണ്‍ സിന്‍ഡ്രം ഉണ്ടായിരിക്കെ തന്നെ എട്ട് സംഗീതോപകരണങ്ങള്‍ വായിക്കുകയും തൈകൊണ്ടോയില്‍ ബ്ളാക് ബെല്‍റ്റ് നേടി വിന്റര്‍ ഒളിംപിക്സില്‍ പങ്കെടുക്കുകയും ചെയ്ത സുജീത് ദേശായ്്, ലോക പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ നിക്ക് വുജിസിക്, കൈകളില്ലാത്തതിന്റെ പേരില്‍ വായയും പാദവും ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നതില്‍ പ്രശസ്തരായ പത്ത് കലാകാരന്മാര്‍ തുടങ്ങിയവരെ ഖത്തറില്‍ കൊണ്ടുവരികയും ശാരീരിക മാനസിക പരിമിതികളുള്ളവര്‍ക്കും വിസ്മയങ്ങള്‍ തീര്‍ക്കാനാകുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.


2005 ല്‍ ആരംഭിച്ചത് മുതല്‍ നൂറ് കണക്കിന് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് വ്യത്യസ്ത സേവനങ്ങള്‍ക്ക് സജ്ജരാക്കുവാന്‍ കഴിഞ്ഞുവെന്നത് സ്ഥാപനത്തിന്റെ വലിയ നേട്ടമാണ്. പല കുട്ടികളേയും സാധാരണ സ്‌ക്കൂളുകളില്‍ പഠനം തുടരാന്‍ പ്രാപ്തമാക്കിയതോടൊപ്പം വേറെ കുറെ കുട്ടികളെ നാഷണല്‍ ഓപണ്‍ സ്‌ക്കൂളിംഗ് എക്സാമിനേഷന് തയ്യാറാക്കുവാനും ഹോപ് ഖത്തറിന് സാധിച്ചു.

2020 ല്‍ യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൗണ്‍ സിന്‍ഡ്രം ഇന്റര്‍നാഷണലിന്റെ വേള്‍ഡ് ഡൗണ്‍ സിന്‍ഡ്രം ഡേ അവാര്‍ഡ് നേടിയ ഹോപ് ഖത്തര്‍ വേള്‍ഡ് സി. എസ്.ആര്‍. ഡേ അവാര്‍ഡും നേടിയിട്ടുണ്ട്. വിവിധ സംഘടനകള്‍, നയതന്ത്രകാര്യാലയങ്ങള്‍ മുതലായവരുടെ പ്രശംസ പത്രങ്ങള്‍ നേടിയ സ്ഥാപനത്തിന് ഐക്യ രാഷ്ട സംഘടനയുടെ പ്രത്യേക അഭിനന്ദനവും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഹോപ് ഖത്തറിന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷ പരിപാടികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചടങ്ങിലെ വിശിഷ്ട അതിഥികളായിരുന്ന ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, ഇന്തോനേഷ്യന്‍ അംബാസിഡര്‍ റിദ്വാന്‍ ഹസന്‍ എന്നിവര്‍ പ്രത്യേകം പ്രശംസിക്കുകയും ചെയ്തിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ ലൈനില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ നിറഞ്ഞാടിയ കുരുന്ന് പ്രതിഭകള്‍ വശ്യമായ അവതരണത്തിലൂടെ തങ്ങള്‍ ആര്‍ക്കും പിന്നിലല്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

സാമൂഹ്യ സേവനത്തിന്റെ വേറിട്ട മാതൃക സമ്മാനിച്ച ഹോപ് ഖത്തര്‍ ടീമിനെ ഇന്ത്യന്‍ അംബാസിഡര്‍ പ്രത്യേകം അഭിനന്ദിച്ചു. നിങ്ങള്‍ സമൂഹത്തിന്റെ പ്രതീക്ഷയാണെന്നും കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ ഐ.ടി, യോഗ, കരാട്ടെ സാങ്കേതിക വിദ്യകള്‍ മുതലായവ ഉല്‍കൊള്ളുന്ന സവിശേഷമായ പാഠ്യ പദ്ധതി നടപ്പാക്കുന്നതിലൂടെ വലിയൊരു വിപ്ളവമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്നും ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു.

ഓരോ കുട്ടിയിലും അമൂല്യമായ പല കഴിവുകളും ഒളിഞ്ഞ് കിടക്കുന്നുണ്ടെന്നും അവ കണ്ടെത്തി പരിപോഷിപ്പിക്കുകയെന്ന പുണ്യ പ്രവര്‍ത്തിയാണ് ഹോപ് ഖത്തര്‍ നിര്‍വഹിക്കുന്നതെന്നും ഇന്തോനേഷ്യന്‍ അംബാസിഡര്‍ റിദ്വാന്‍ ഹസന്‍ പറഞ്ഞു. ഹോപ് ഖത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവസരം, പങ്കാളിത്തം, വിദ്യാഭ്യാസം എന്ന മനോഹരമായ മുദ്രാവാക്യം മാതൃകാപരമായി രീതിയിലാണ് പ്രാവര്‍ത്തികമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹോപ് ഖത്തറില്‍ വിശ്വാസമര്‍പ്പിച്ച രക്ഷിതാക്കള്‍ക്ക് നന്ദി പറഞ്ഞ ഡോ. രാജീവ് തോമസ് കുട്ടികളെ കൂടുതല്‍ ക്രിയാത്മകമായി വളര്‍ത്താനുള്ള എല്ലാ സാധ്യതകളും ആരായുമെന്നും ഫലപ്രദമായ ഒരവസരവും പാഴാക്കില്ലെന്നും ഉറപ്പ് നല്‍കി.

ഹോപ് ഖത്തര്‍ ചെയര്‍മാന്‍ ജുമ ഇസ്മാഈല്‍ അല്‍ ബുഐനാന്‍, സഹ സ്ഥാപകയും മുന്‍ ഡയറക്ടറുമായ ഡോ. സിബി മാത്യൂ എന്നിവര്‍ സംസാരിച്ചു.

ഹോപ് ഖത്തര്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വാര്‍ഷികാഘോഷം വര്‍ണാഭമാക്കി

Related Articles

Back to top button
error: Content is protected !!