Breaking News

ഖത്തറില്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ വന്‍ പുരോഗതി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ അവയവ മാറ്റിവയ്ക്കല്‍ പരിപാടി 100% വിജയനിരക്കോടെ തുടര്‍ച്ചയായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നതായി ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറുമായ ഡോ. യൂസഫ് അല്‍ മസ്ലമാനി അഭിപ്രായപ്പെട്ടു.

മള്‍ട്ടി ഡിസിപ്ലിനറി മെഡിക്കല്‍ ടീമുകളുടെ സഹായത്തോടെ ഈ പ്രോഗ്രാം മികച്ച ചികിത്സാ, ശസ്ത്രക്രിയാ സേവനങ്ങളാണ് നല്‍കുന്നത് . ശസ്ത്രക്രിയാ വിദഗ്ധരും ട്രാന്‍സ്പ്ലാന്റ് വിദഗ്ധരും, ഫിസിയോതെറാപ്പി, പുനരധിവാസം, ചികിത്സാ പോഷകാഹാരം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ വിദഗ്ധരും നഴ്സിങ് സ്റ്റാഫും ഉള്‍പ്പെടുന്ന വിശാലമായ ടീം രോഗികള്‍ക്കായി സമഗ്രമായ ആരോഗ്യ പരിരക്ഷയാണ് ഉറപ്പാക്കുന്നത്.

ഇതിനകം നൂറുകണക്കിന് വൃക്കകളും കരളും മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഖത്തറില്‍ ആദ്യമായി ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞതായും ഡോ അല്‍ മസ്ലമാനി അഭിപ്രായപ്പെട്ടു.

മരിച്ച ദാതാക്കളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ആറ് കരള്‍ മാറ്റിവയ്ക്കല്‍ നടത്തിയിരുന്നു, എല്ലാ കേസുകളും 100% വിജയകരവും സ്വീകര്‍ത്താക്കള്‍ നല്ല ആരോഗ്യവാനും ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2011-ല്‍ ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആരംഭിച്ചതിനുശേഷം ആകെ 45 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് േനടന്നത്. കഴിഞ്ഞ വര്‍ഷം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്ന് 21 ഉം മരണപ്പെട്ട ദാതാക്കളില്‍ നിന്ന് 17 ഉം ഉള്‍പ്പെടെ 38 വൃക്ക മാറ്റിവയ്ക്കല്‍ നടത്തി, അതില്‍ ”എല്ലാ കേസുകളും നല്ല ആരോഗ്യമുള്ളവരാണെന്നും സാധാരണ ജീവിതം നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രോഗിയുടെയും ആരോഗ്യനില നിര്‍ണ്ണയിക്കുന്നതിനും എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ ആവശ്യമായ വൈദ്യസഹായം സമയബന്ധിതമായി നല്‍കുന്നതിനുമായി 866 കേസുകള്‍ ട്രാന്‍സ്പ്ലാന്റിനു ശേഷമുള്ള ഘട്ടത്തില്‍ പ്രത്യേക ക്ലിനിക്കുകളില്‍ ഫോളോ അപ് ചെയ്യുന്നുണ്ടെന്ന് ഡോ. അല്‍-മസ്ലമാന്‍ വിശദീകരിച്ചു.

ഡയാലിസിസിന് വിധേയരാകുന്ന 1,500-ലധികം രോഗികള്‍ നിലവിലുണ്ട്, അവര്‍ വൃക്ക മാറ്റിവയ്ക്കലിന് തയ്യാറാകുന്നതുവരെ പരിശോധനകള്‍ നടത്തി പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിച്ചും നിരീക്ഷണത്തിലായിരിക്കുമെന്ന് ” അദ്ദേഹം പറഞ്ഞു.

ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ദേശീയത പരിഗണിക്കാതെ രോഗികളുടെ ഏകീകൃത വെയിറ്റിംഗ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 2012-ല്‍ ആരംഭിച്ച അവയവദാന പദ്ധതിയില്‍ ഇതിനകം അരലക്ഷം ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്ടിട്ടുണ്ട്.

അവയവദാനവുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ, ഗവേഷണ മേഖലയിലെ വിദഗ്ധരുടെയും അക്കാദമിക് പ്രൊഫഷണലുകളുടെയും അനുഭവങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിന് ഖത്തര്‍ അവയവ മാറ്റിവയ്ക്കല്‍ പരിപാടിക്ക് താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!