Breaking News

ഖത്തറിലേക്ക് എല്ലാവര്‍ക്കും സ്വാഗതം , രാജ്യത്തിന്റെ സംസ്‌കാരത്തെ മാനിക്കണം

അമാനുല്ല വടക്കാങ്ങര

ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഫിഫ ലോകകപ്പ് നടക്കുമ്പോള്‍ യാതൊരുവിധ മുന്‍വിധികളുമില്ലാതെയാണ് ലോകത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നതെന്നും ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ഖത്തറിലെത്തുന്ന ആരാധകര്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ മാനിക്കുകയെന്നത് സാമാന്യ മര്യാദയാണെന്നും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 സി.ഇ. ഒ. നാസര്‍ അല്‍ ഖാഥര്‍ അഭിപ്രായപ്പെട്ടു. അല്‍ ജസീറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഗള്‍ഫ് മേഖലയെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ സൃഷ്ടിച്ച തെറ്റിദ്ധാരണകള്‍ തിരുത്തുമെന്നും അറേബ്യന്‍ സംസ്‌കാരത്തെ അടുത്തറിയുവാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദിവസം മുതല്‍ ഖത്തറിനെതിരെ നിലകൊണ്ട പത്രങ്ങളും മാധ്യമ സൈറ്റുകളും ഞങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് അല്‍ ഖാഥര്‍ പറഞ്ഞു. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിദ്വേഷ പ്രചാരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമാണ് ഖത്തര്‍ വിധേയമായത്. എന്നാല്‍ എല്ലാ വെല്ലുവിളികളേയും ക്രിയാത്മകമായി നേരിട്ടാണ് ഖത്തറിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

ഈ ടൂര്‍ണമെന്റ് തങ്ങളുടെ കുത്തകയാണെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തെറ്റിദ്ധരിക്കുന്നു. ചില വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയവും വംശീയവുമായ ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഒരു അറബ്, ഇസ് ലാമിക രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന ആശയം പലര്‍ക്കും ഉള്‍കൊള്ളാനായില്ല. കേവലം പ്രസ്താവനകള്‍കെംാണ്ടോ നിയമതലത്ിതിലോ പ്രതികരിക്കുന്നതിന് പകരം കര്‍മതലത്തിലാണ് ഖത്തര്‍ ഇത്തരം ആക്ഷേപങ്ങള്‍ക്ക് മറുപടി കൊടുത്തത്. പ്രതികരണം ആവശ്യമുള്ള വിമര്‍ശനങ്ങളെ മാധ്യമങ്ങളിലൂടെയും നിയമ തലത്തിലും ഖത്തര്‍ കൈകാര്യം ചെയ്തു. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഖത്തര്‍ നടത്തി കഴിഞ്ഞു.

ടൂര്‍ണമെന്റിലും അതിന്റെ വിജയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണനയെന്ന് അല്‍ ഖാഥര്‍ പറഞ്ഞു.

ലോകമെമ്പാടും ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആവേശം അലയടിക്കുന്നുവെന്നാണ് ലോകകപ്പിനുള്ള ടിക്കറ്റുകള്‍ക്കായി ലഭിച്ച 40 ദശലക്ഷം അഭ്യര്‍ത്ഥനകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം മൂന്ന് ദശലക്ഷം ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു.
ഖത്തറിന്റെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക നിക്ഷേപ മേഖലകളിലൊക്കെ വമ്പിച്ച കുതിച്ചുചാട്ടത്തിന് കാരണമായ ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നത് ഖത്തറില്‍ തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കരണത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Related Articles

Back to top button
error: Content is protected !!