ഹേമ പ്രേമാനന്ദിന്റെ വിയോഗം ഇന്ത്യന്‍ സമൂഹത്തെ ദു:ഖത്തിലാഴ്ത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളുമായി രണ്ടാഴ്ച്ചയിലധികം മല്ലിട്ട ശേഷം ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയ ഹേമ പ്രേമാനന്ദിന്റെ വിയോഗം ഇന്ത്യന്‍ സമൂഹത്തെ ദു:ഖത്തിലാഴ്ത്തി.
ഒരു നൃത്താധ്യാപിക എന്നതിലുപരി സജീവമായ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തക എന്ന നിലക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ പരിപാടികളില്‍ ഹേമയുടെ കയ്യൊപ്പുണ്ടായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, പാലക്കാടന്‍ നാട്ടരങ്ങ്, കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍, സര്‍ഗ്ഗവേദി തുടങ്ങിയ നിരവധി കൂട്ടായ്മകളുമായി സഹകരിച്ച് കലയുടെ സാമൂഹ്യധര്‍മ്മം അടയാളപ്പെടുത്തിയ അധ്യാപികയായിരുന്നു ഹേമ പ്രമാനന്ദ്.
ഒരധ്യാപിക എന്നതിലപ്പുറം വളരെ ചുരുങ്ങിയ കാലം കൊണ്ട് ഖത്തറിന്റെ സാമൂഹ്യ സംസ്‌കാരിക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിത്വമായിരുന്നു അവരുടേതെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വശ്യമായ പെരുമാറ്റത്തിലൂടെ പരിചയപ്പെടുന്നവരുടെയൊക്കെ ഹൃദയം കവര്‍ന്ന ഹേമ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടുകാരിയായിരുന്നു. സ്‌ക്കൂളിലെ നൃത്താധ്യാപിക എന്നതിനപ്പുറം നിരവധി സംഘടനകളുടെ ഡാന്‍സ് പരിപാടികളില്‍ ഹേമയുടെ പങ്കാളിത്തമുണ്ടായിരുന്നു. മികച്ച കൊരിയോഗ്രാഫര്‍ എന്ന നിലക്കും ശ്രദ്ധേയയായിരുന്നു
ഹേമ പ്രേമാനന്ദിന്റെ വിയോഗത്തിലൂടെ ഒരു നല്ല അധ്യാപികയേയും കലാകാരിയേയും സര്‍വ്വോപരി സാമൂഹ്യപ്രവര്‍ത്തകരേയുമാണ് ഇന്ത്യന്‍ സമൂഹത്തിന് നഷ്ടമായെതെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ പറഞ്ഞു.
ഹേമ ടീച്ചറുടെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡറും കുടുംബസുഹൃത്തുമായ സന്തോഷ് കുമാര്‍ പിള്ള പറഞ്ഞു. ഖത്തറില്‍ വന്നതു മുതല്‍ അവരുമായി ഇടപഴകുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തി എന്ന നിലക്ക് അവരുടെ വിയോഗം വ്യക്്തിപരമായും സാമൂഹ്യമായും വലിയ നഷ്ടമാണെന്ന് അദ്ധേഹം പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന്റെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന ഹേമ പ്രേമാനന്ദിന്റെ വിയോഗം ഇന്ത്യന്‍ സമൂഹത്തിന് വന്‍ നഷ്ടമാണെന്ന് ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി മണികണ്ഠന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ സാംസ്‌കാരിക വേദികളിലും പ്രവര്‍ത്തനങ്ങളിലും ഹേമ ടീച്ചറുടെ സജീവമായ കൈയ്യൊപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഹേമ പ്രേമാനന്ദിന്റെ വിയോഗത്തിലൂടെ ഒരു നല്ല കലാകാരിയേയും സാമൂഹ്യ പ്രവര്‍ത്തകയേയുമാണ് ഇന്ത്യന്‍ സമൂഹത്തിന് നഷ്ടമായതെന്ന് ഐ.സി.സി മുന്‍ പ്രസിഡന്റ് ഗിരീഷ് കുമാര്‍ പറഞ്ഞു.
ഒരു പതിറ്റാണ്ടിലേറെ കാലം ഖത്തറിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്ന കലാകാരിയേയാണ് ഹേമടീച്ചറുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് പാലക്കാടന്‍ നാട്ടരങ്ങ് പ്രസിഡന്റ് വി.എ ഗോപിനാഥ് അനുസ്മരിച്ചു. 2012 ല്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ കള്‍ചറല്‍ സെക്രട്ടറിയായി സേവനമനുഷ്്ടിക്കുന്ന കാലത്താണ് ഹേമ ടീച്ചറുമായി പരിചയപ്പെടുന്നത്. അവിടിന്നിങ്ങോട്ട് ഐ.സി.സിയിലും പാലക്കാടന്‍ നാട്ടരങ്ങിലും കേരള സോഷ്യല്‍ കള്‍ചറല്‍ അസോസിയേഷനിലുമൊക്കെ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടായി. അറ നിറഞ്ഞ കലാകാരിയും മനുഷ്യപറ്റുള്ള സാമൂഹ്യ പ്രവര്‍ത്തകയും എന്നതായിരുന്നു അവരുടെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു.