Breaking News

ഖത്തറിലെ അധിക തൊഴിലാളികള്‍ക്കും തൊഴില്‍ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് സര്‍വേ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ തൊഴില്‍ മേഖലകളില്‍ വിപ്ളവകരമായ പല മാറ്റങ്ങളും വരുത്തുന്നുണ്ടെങ്കിലും ഖത്തറിലെ അധിക തൊഴിലാളികള്‍ക്കും തൊഴില്‍ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് സര്‍വേ. ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ സാമൂഹിക ശാസ്ത്ര സര്‍വേ ഗവേഷണ സംരംഭമായ സോഷ്യല്‍ ആന്റ് ഇക്കണോമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സെസ്‌റി) ആണ് ‘ഖത്തറിന്റെ തൊഴില്‍ നിയമ മാറ്റങ്ങളും തൊഴിലാളികളുടെ ക്ഷേമവും’ സംബന്ധിച്ച പഠനത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു.

2020 സെപ്റ്റംബര്‍ 22 മുതല്‍ 2021 ജനുവരി 19 വരെ ഖത്തറിയിലെ സമീപകാല തൊഴില്‍ നിയമ മാറ്റങ്ങളെക്കുറിച്ച് ഖത്തരി പൗരന്മാര്‍, ഉയര്‍ന്ന വരുമാനമുള്ളവര്‍, താഴ്ന്ന വരുമാനമുള്ള പ്രവാസികള്‍ എന്നിവരുള്‍പ്പെടെ 2,760 വ്യക്തികളുടെയിടയില്‍ ഒമ്പത് വ്യത്യസ്ത ഭാഷകളില്‍ ടെലിഫോണ്‍ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് സെസറി സര്‍വേ നടത്തിയത്.

അടുത്തിടെയുള്ള തൊഴില്‍ നിയമത്തിലെ മാറ്റങ്ങള്‍ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെയും പ്രവാസികളുടെ തൊഴില്‍, ജീവിത സാഹചര്യങ്ങളെയും ബാധിക്കുന്നതിനെക്കുറിച്ചും ഖത്തറികള്‍ക്കും പ്രവാസികള്‍ക്കും നല്ല ധാരണയുണ്ടെന്ന് സര്‍വേ കാണിക്കുന്നു. എന്നാല്‍ തൊഴില്‍ രംഗത്തെ പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള പൊതു അവബോധം കുറവാണെന്നും കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

ഖത്തറിയിലെ ഭൂരിഭാഗം സ്വദേശികളും ഉയര്‍ന്ന വരുമാനക്കാരും താഴ്ന്ന വരുമാനക്കാരായ പ്രവാസികളും ഖത്തറിന്റെ തൊഴില്‍ നിയമ മാറ്റങ്ങളെക്കുറിച്ച് അത്ര പരിചിതരല്ല. സര്‍വേയില്‍ പ്രതികരിച്ചവരില്‍ ഏകദേശം (57%) പേര്‍ക്കാണ് മാറ്റങ്ങളെക്കുറിച്ച് അല്‍പമെങ്കിലും ധാരണയുള്ളത്.

ഭൂരിഭാഗം ഖത്തറി പൗരന്മാരും (70%) ഉയര്‍ന്ന വരുമാനമുള്ള പ്രവാസികളും (74%) കരുതുന്നത് തൊഴില്‍ നിയമത്തിലെ പുതിയ മാറ്റങ്ങള്‍ വിദേശ തൊഴിലാളികളെ അവരുടെ തൊഴിലുടമകളെ ആശ്രയിക്കുന്നത് കുറക്കുമെന്നാണ്. എന്നാല്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസികളില്‍ (54%) ശതമാനം പേര്‍ മാത്രമാണ് ഇങ്ങനെ കരുതുന്നത്.

മുക്കാല്‍ ഭാഗവും ഉയര്‍ന്ന വരുമാനമുള്ള പ്രവാസികളും (78%) താഴ്ന്ന വരുമാനക്കാരായ പ്രവാസികളും (77%) മിനിമം വേതനം 1000 ല്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്നാണ് കരുതുന്നത്.
ഖത്തറി പൗരന്മാരില്‍ പകുതിയിലധികം പേരും (58%) മിനിമം വേതനം 1000 റിയാലില്‍ നിലനിര്‍ത്തണമെന്നാണ്് കരുതുന്നത്. തൊഴില്‍ നിയമത്തിലെ മാറ്റങ്ങള്‍ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെയും പ്രവാസി നിവാസികളുടെ തൊഴില്‍, ജീവിത സാഹചര്യങ്ങളെയും ഗുണപരമായി സ്വാധീനിക്കുമെന്ന് ഖത്തരി പൗരന്മാരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വരുമാനമുള്ളവരും താഴ്ന്ന വരുമാനക്കാരായ പ്രവാസികളും കരുതുന്നു.

തൊഴില്‍ നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കിയെന്ന് ഏകദേശം മൂന്നില്‍ രണ്ട് ശതമാനം ഖത്തറികളും (64%) 75 ശതമാനം പ്രവാസികളും റിപ്പോര്‍ട്ട് ചെയ്തു. ഖത്തറികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവാസി നിവാസികള്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉയര്‍ന്ന പോസിറ്റീവ് ഇംപാക്ട് റേറ്റിംഗുകള്‍ നല്‍കാനുള്ള സാധ്യത കൂടുതലാണ്.

തൊഴില്‍ നിയമത്തിലെ പുതിയ മാറ്റങ്ങള്‍ വിദേശ തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഖത്തറി പൗരന്മാര്‍ (51%), ഉയര്‍ന്ന വരുമാനമുള്ള പ്രവാസികള്‍ (60%), താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ (60%) സമ്മതിച്ചു.

സര്‍വേയില്‍ പങ്കെടുത്ത ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗം പേരും തങ്ങളുടെ ബിസിനസ്സ് അല്ലെങ്കില്‍ ജോലിസ്ഥലം ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ (MADLSA) പരിശോധനയ്ക്ക് വിധേയമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. അവരില്‍ 92 ശതമാനം പേരും വേതനസംരക്ഷണ നിയമമനുസരിച്ച് തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴി നല്‍കുന്നവരാണ് .

Related Articles

Back to top button
error: Content is protected !!