IM Special

സിദ്ദിഹ മനസ്സ് തുറക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

കൗമാരത്തിന്റെ കൗതുകത്തിലും തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ ചുട്ടെടുത്ത ജ്വലിക്കുന്ന വരികളാല്‍ സഹൃദയ ലോകത്തെ വിസ്മയിപ്പിച്ച സിദ്ദിഹ പി. എസ് എന്ന കവയിത്രി നീണ്ട പതിനാല് വര്‍ഷത്തെ മൗനത്തിന് ശേഷം കാവ്യങ്ങളുടെ മാസ്മരിക ലോകത്ത് സജീവമാവുകയും അളന്നുമുറിച്ച വാചകങ്ങളിലൂടെ മനോഹരമായ കവിതകള്‍ രചിച്ച് മാനവികതയുടേയും സ്വത്വത്തിന്റേയും വിശാലമായ ലോകം വരച്ചുവെക്കുകയും ചെയ്യുന്നുവെന്നത് അക്ഷര സ്‌നേഹികള്‍ക്ക് സന്തോഷവാര്‍ത്തയാണ്. ജീവിതം പലപ്പോഴും പൊള്ളയാണ്; പൊള്ളിക്കുന്നതും. ദുരന്തങ്ങളെ നേരിട്ടാണ് ജീവിതക്കരുത്ത് നേടുന്നത്. അതിനാല്‍ കാഴ്ചയില്‍ ദുര്‍ബലയാണെങ്കിലും അനുഭവങ്ങളില്‍ കാരിരുമ്പാണ് സിദ്ദിഹ. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് സിദ്ദിഹയുടെ കവിതകള്‍ക്ക് കണ്ണീരുപ്പു പകര്‍ന്നത്. കവിതയും കാലവും പ്രകൃതിയും ഇഴചേര്‍ന്നുകിടക്കുന്ന ജീവിതാനുഭവങ്ങള്‍ മികച്ച രചനക്ക് പരിസരമൊരുക്കാതിരിക്കില്ല.

ഭാവനയുടെയും സര്‍ഗവൈഭവത്തിന്റേയും സിദ്ധിയില്‍ ജീവിതത്തിന്റെ മണല്‍തരികളെ മുത്തുകളാക്കി മാറ്റാന്‍ ശ്രമിക്കുന്ന സിദ്ദിഹ ആധുനിക സമൂഹത്തിന് ഒരു പാഠപുസ്തകമാണ്. യൗവ്വനാരംഭത്തില്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനാവാതെ പകച്ചുനിന്ന സമയത്താണ് എന്റെ കവിത എനിക്ക് വിലാസം’ എന്ന ആദ്യ കവിതാസമാഹാരം സഹൃദയലോകത്തിന് സമ്മാനിച്ചത്. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങളുമായി ഏറ്റുമുട്ടിയും സഹവസിച്ചും അക്ഷരങ്ങളുടെ മനോഹരമായ ലോകത്തുനിന്നും നിശബ്ദമായി മാറി നിന്ന് കയ്യില്‍ വിളക്കേന്തിയ സേവനത്തിന്റെ മാലാഖയായി കര്‍മരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. കുറച്ചുകാലം മക്കയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച ശേഷം നാട്ടിലേക്ക് തിരിച്ചുപോയ സിദ്ദിഹ തിരിച്ചെത്തിയത് ഖത്തറെന്ന പുണ്യ ഭൂമിയിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനെന്ന ആതുരസേവന കേന്ദ്രത്തിലാണ്.

കോവിഡിന്റെ കരാള ഹസ്തങ്ങളില്‍ മനുഷ്യ ജീവനുകള്‍ പൊലിയുന്നതിന് സാക്ഷ്യം വഹിച്ചപ്പോഴാകും സിദ്ദിഹയിലെ ഉറങ്ങിക്കിടന്ന കവി രണ്ടാമതും ഉയര്‍ത്തെഴുനേറ്റത്. അന്നനുഭവിച്ച വൈകാരിക തീവ്രതയും നൊമ്പരങ്ങളും അവാച്യമാണെന്നാണ് സിദ്ദിഹ പറഞ്ഞത്. വാക്‌സിന്‍ കണ്ടെത്തുന്നതിന് മുമ്പുള്ള കോവിഡിന്റെ ആദ്യ കാലം ആരോഗ്യ പ്രവര്‍ത്തതകര്‍ക്ക് എന്തുമാത്രം സമ്മര്‍ദ്ധങ്ങളാണ് നല്‍കിയതെന്നത് വിവരണണാതീതമാണ്. ജനനവും മരണവും ജീവിതവും-മൂന്നും മൂന്നു അത്ഭുതങ്ങളായി തന്നെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഓരോന്നിനെ പറ്റിയും കൂടുതല്‍ അറിയുന്തോറും അത്ഭുതവും ഏറി വന്നു. എത്രയെത്ര ജനനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അതിലും എത്രയോ അധികം മരണങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെ നീണ്ട കോവിഡ് കാലാനുഭവം എന്നെ സാക്ഷിയാക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഓരോ മരണത്തിനും മുന്നിലും പിന്നിലും ജീവിതമെന്ന അത്ഭുതം അതിന്റെ എരിയുന്ന കണ്ണുകളുമായി എന്നെ തുറിച്ചുനോക്കി നില്‍ക്കാറുണ്ട്. കാരണം, ഒരു മരണവും ഓരാളുടേത് മാത്രമല്ലല്ലോ.

ഒരൊറ്റ കവിത സമാഹാരത്തിലൂടെ മലയാളി മനസ്സില്‍ ഹൃദയവികാരങ്ങളുടെ നവീനഭാവുകത്വം നിറച്ച സിദ്ദിഹയുടെ ഓരോ കവിതയും ഏറെ കൗതുകത്തോടെയാണ് അക്ഷരലോകം സ്വീകരിക്കുന്നത്.
ഏതെങ്കിലും ഒരു കൃതി വായിക്കാന്‍ തുടങ്ങുമ്പോള്‍ അപരിചിതത്വം തോന്നിക്കുകയും എന്നാല്‍ തുടര്‍ന്നു വായിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണെങ്കില്‍ ആ രചന സാഹിത്യത്തില്‍ മാറ്റമാണ് സൂചിപ്പിക്കുന്നത്.ഇന്ന് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ആ അനുഭവം സിദ്ദിഹയുടെ എന്റെ വീട് എനിക്ക് വിലാസം എന്ന കവിത സമാഹാരത്തില്‍ നിന്നും എനിക്ക് കിട്ടി. ഈ കവി ഭാവിയില്‍ എന്താകും എന്നൊന്നും എനിക്കറിയില്ല. ഇന്ന്, ഇപ്പോള്‍, ഈ നിമിഷം സിദ്ദിഹയെ വായിക്കുന്നത് എനിക്കിഷ്ടമാണ് എന്നാണ് 2006 സെപ്തംബര്‍ 22 ന് എന്‍.എസ്. മാധവന്‍ അദ്ദേഹത്തിന്റെ വെള്ളിടി എന്ന കോളത്തിലൂടെ സിദ്ദിഹ എന്ന കുട്ടി കവിയത്രിയെ വായനാസമൂഹത്തിന് പരിചയപ്പെടുത്തികൊണ്ട് കുറിച്ചത്.

സാഹിത്യവും കവിതയുമൊക്കെ സംബന്ധിച്ച സ്വന്തവും സ്വാതന്ത്രവുമായ കാഴ്ചപ്പാടുകളാണ് സിദ്ദിഹയുടെ രചനകളുടെ വ്യതിരിക്തത. കവിത സര്‍വവ്യാപിയാണ്. കവി കവിതയ്ക്ക് വേണ്ട മൂലകങ്ങള്‍ തിരയുന്നത് ജീവിതത്തില്‍ നിന്നാണ്. കവിതയുടെ ഉത്‌പ്രേരകം മാത്രമാണ് കവിയുടേതായുള്ളത്. പദ്യമോ ഗദ്യമോ ചിത്രമോ ശില്‍പമോ ഏതു പാത്രത്തിലേക്കെടുത്താലും ആ പാത്രത്തിന്റെ രൂപം കൈവരിക്കുന്ന വെള്ളമാണ് കവിത.

സാഹിത്യത്തിന്റെ പൊക്കിള്‍ബന്ധമില്ലാതെ എഴുത്തിന്റെ ലോകത്തേക്ക് പെരുമഴയത്തെന്ന പോലെ ഓടിക്കയറുന്ന ഒരുവള്‍ക്ക്, തികച്ചും അപരിചിതമായിടത്തു ഉടുതുണി വാരിപ്പിടിച്ചൊതുങ്ങി നില്‍ക്കുന്ന ഒരുവള്‍ക്ക്, ജനായത്തബോധ്യമുള്ള സമൂഹത്തില്‍ ഒരിടം ഒരുക്കാനാവും എന്ന ആത്മവിശ്വാസമാണ് സാഹിത്യലോകത്തെ എന്റെ മൂലധനം. സ്വയം കവിതയാവുമ്പോള്‍ നമ്മെ ഉള്‍ക്കൊള്ളുന്ന പാത്രത്തെ നമ്മള്‍ തന്നെ പൊരുതിയൊരുക്കേണ്ടതുണ്ട് എന്നതാണ് എഴുത്തു തന്ന വലിയ പാഠം. അതത്ര എളുപ്പമല്ല; എങ്കിലും അസാധ്യമല്ല എന്ന ഉറച്ച ബോധ്യമാണ് സിദ്ദിഹ എന്ന യുവ കവയത്രിയെ അടയാളപ്പെടുത്തുന്നത്. വാചാലതയല്ല മിതത്വമാണ് സിദ്ദിഹ കവിതകളുടെ സൗന്ദര്യം.

രുചിക്കും തോറും ആസ്വാദനം വര്‍ദ്ധിക്കുന്ന മനോഹരമായൊരു സര്‍ഗവ്യാപാരമാണ് കവിത. ശക്തമായ വികാരത്തിന്റെ ‘അനര്‍ഗ്ഗളമായ കുത്തൊഴുക്കാണ് കവിത ‘എന്നാണല്ലോ വേര്‍ഡ്‌സ് വര്‍ത് കവിതയെ നിര്‍വചിച്ചത്. ‘മനുഷ്യന്റെ സര്‍ഗ്ഗക്രിയയ്ക്ക് പ്രാപ്യമാവുന്ന ഏറ്റവും ആനന്ദകരവും ഭദ്രവുമായ ഭാഷണമാണ് കവിത ‘എന്ന ഷെല്ലിയുടെ വിശകലനവും ശ്രദ്ധേയമാണ്. വാക്കുകളും വികാരങ്ങളും ഒരു പ്രത്യേക വൈകാരിക തീക്ഷ്ണതയില്‍ സമജ്ഞസമായി സമ്മേളിക്കുമ്പോഴാണ് കവിത ജനിക്കുന്നത്. വൈകാരിക പ്രേരണയും ഭാവനയും ലയാത്മകമായി പ്രയോഗിക്കുമ്പോഴാണ് കവിതയുടെ ഗന്ധര്‍വ്വലോകത്ത് വിരാചിക്കാനാവുന്നത്. ആ അവാച്യമായ താളവും ലയവുമാണ് നമ്മെ ആസ്വാദനത്തിന്റെ അവിസ്മരണീയത ബോധ്യപ്പെടുത്തുന്നത്.

കോട്ടയം ജില്ലയില്‍ പൊന്‍കുന്നത്ത് പലചരക്ക് വ്യാപാരിയായ ഷാഹുല്‍ ഹമീദ്, ആമിന ദമ്പതികളുടെ മകളായി ജനിച്ച സിദ്ദിഹ ചെറുപ്പം മുതലേ കഷ്ടപ്പാടുകളുടേയും അനിശ്ചിതത്വങ്ങളുടേയുമിടയിലാണ് ജീവിച്ചത്.വിവിധ സ്ഥലങ്ങളിലെ സ്‌ക്കൂളുകളിലായിരുന്നു പഠനം. സ്വന്തമായി വീടിന്റെ മേല്‍വിലാസം പറയാനില്ലാതിരുന്നത് പഠനത്തില്‍ മിടുക്കിയായ സിദ്ദിഹയെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. വാടക വീടുകളില്‍ നിന്നും വാടക വീടുകളിലേക്കുള്ള യാത്ര. അനിശ്ചിതത്വങ്ങളും ആശങ്കകളും നിറഞ്ഞ ദിനങ്ങള്‍. വായിക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും പുസ്്തകങ്ങളോ സൗകര്യങ്ങളോ ലഭ്യമായിരുന്നില്ല. പിതാവിന്റെ പീടികയില്‍ സാധനങ്ങള്‍ പൊതിയുവാന്‍ കൊണ്ടുവരുന്ന പഴയ പേപ്പറുകളായിരുന്നു പാഠപുസ്തകങ്ങള്‍ കഴിഞ്ഞാല്‍ കാര്യമായും വായിച്ചിരുന്നത്.

ആറാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ആധുനിക വിദ്യാഭ്യാസവും കുട്ടികളും എന്ന വിഷയത്തെ അധികരിച്ച് നടന്ന പ്രബന്ധമല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതാകാം എഴുത്ത് രംഗത്തെ സിദ്ദിഹയുടെ ആദ്യ ശ്രമം. പ്രബന്ധത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും മുതിര്‍ന്ന കുട്ടികളേക്കാളും മികച്ച കാഴ്ചപ്പാടും അവതരണവുമാണെന്ന് പ്രിയപ്പെട്ട അധ്യാപകന്‍ ഗഫൂര്‍ മാഷ് അഭിപ്രായപ്പെട്ടത് സിദ്ദിഹ ഇന്നും ഓര്‍ക്കുന്നു. മാധ്യമം ദിനപത്രം മുഖ്യ പത്രാധിപരായിരുന്ന സി.രാധാകൃഷ്ണനാണ് സിദ്ദിഹ ആദ്യം വായിച്ചവരില്‍ പേരോര്‍മിക്കുന്ന പ്രധാന സാഹിത്യകാരന്‍.

പത്താം ക്ലാസുവരെ ഒരു കുട്ടിക്കവിത പോലും കുറിച്ചിട്ടില്ലാത്തൊരു സിദ്ദിഹ എന്ന പെണ്‍കുട്ടി.പതിനൊന്നാം ക്ലാസ്സില്‍ ബയോളജി പരീക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ കവിതയെഴുത്ത് മത്സരത്തിന് പോയതാകാം സിദ്ദിഹയുടെ ജീവിതത്തിലെ വഴിത്തിരിവായത്. കവിതാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് വീണ്ടും എഴുതാന്‍ പ്രചോദനമായി. പിന്നൊരിക്കല്‍ കൂട്ടുകാരി തലയില്‍ ചൂടാന്‍ കൊടുത്ത റോസാപൂവിന്റെ തണ്ടൊടിഞ്ഞതു കണ്ട് ആ വേദന പുസ്തകത്തില്‍ പകര്‍ത്തി. പിന്നീട് ജീവിതത്തിലെ ഓരോ അനുഭവങ്ങളും കുത്തിക്കുറിച്ചു തുടങ്ങി.

പലപ്പോഴായി കുത്തിക്കുറിച്ച വരികള്‍ ചെന്നൈ കേരള വിദ്യാലയത്തിലെ അദ്ധ്യാപക ദമ്പതികളായ അജയന്‍ മാഷിനും, സുഹാസിനി ടീച്ചര്‍ക്കും വായിക്കാന്‍ കൊടുത്തു. സിദ്ദിഹയുടെ സിദ്ധിയിലും അവതരണ ചാരുതയിലും ആകൃഷ്ടരായ മാഷും ടീച്ചറും വായിക്കാന്‍ നിരന്തരം പുസ്തകങ്ങള്‍ കൊടുത്തും എഴുതാന്‍ പ്രോല്‍സാഹിപ്പിച്ചും സിദ്ദിഹയിലെ കവിയെ പുറത്തുകൊണ്ടുവരികയായിരുന്നുവെന്ന് വേണം പറയാന്‍. റഷ്യന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫിയോദര്‍ മിഖായലോവിച്ച് ദസ്തയേവ്സ്‌കിയുടെ ജീവ ചരിത്രമാണ് ആദ്യമായി ആസ്വദിച്ച സാഹിത്യ സൃഷ്ടി. പിന്നീടങ്ങോട് വായനയുടെ വസന്തമായിരുന്നു. ചിന്തകള്‍ക്ക് പരിമളം പകരുന്ന വായനയാണ് കവിതാരചനക്ക് കരുത്ത് പകര്‍ന്നത്. മുപ്പതോളം കവിതകളായപ്പോഴാണ് അജയന്‍ മാഷും, സുഹാസിനി ടീച്ചറും മുന്‍കൈയെടുത്ത് ‘എന്റെ കവിത എനിക്ക് വിലാസം’ എന്ന കവിതസമാഹാരം പ്രസിദ്ധീകരി്ക്കപ്പെട്ടത്. അതീവ സാധാരണ കൗമാരാനുഭവങ്ങളുടെ ലളിതമായ ആഖ്യാനമെന്നാണ് അദ്ദേഹം പുസ്തകത്തെ വിശേഷിപ്പിച്ചത്. എഴുത്തു പാരമ്പര്യമോ വായനാ സാഹചര്യമോ അവകാശപ്പെടാനില്ലാതിരുന്നിട്ടും, അവള്‍ താന്‍ ജീവിക്കുന്ന കാലത്തെ ആകുലതകള്‍ക്ക് മനോഹരമായ കാവ്യഭാഷ നല്‍കി. സാഹിത്യ നിരൂപകന്‍ ഡോ ആസാദ് അവതാരിക എഴുതി. കോഴിക്കോട് ഇന്‍സൈറ്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

‘എന്റെ കവിതകള്‍
എന്റെ പ്രേമം പോലെ തീവ്രമെങ്കില്‍
കവിതയുടെ കാടുകള്‍ പൂക്കട്ടെ
എന്റെ കവിതകള്‍ എനിക്കു വിലാസമാകട്ടെ’

എന്നാണ് സിദ്ദിഹ കുറിച്ചത്. ഇത് വാസ്തവത്തില്‍ അവരുടെ ജീവിതാനുഭവത്തിന്റെ നിസ്സഹായതയായിരുന്നു. സ്വന്തമായൊരു വീടോ വിലാസമോ ഇല്ലാത്ത ഒരു കൗമാരക്കാരിയുടെ മനസിന്റെ നിഷ്‌കളങ്കകമായ നിദര്‍ശനം. കാവ്യ സമാഹാരത്തില്‍ സിദ്ദിഹ അന്ന് സ്‌ക്കൂളിന്റെ വിലാസമാണ് നല്‍കിയത്. അജയന്‍ മാഷും, സുഹാസിനി ടീച്ചറും സിദ്ദിഹക്ക് വഴികാട്ടിയായി, ഉറച്ചു നിന്നു. 2005 ല്‍ ഇന്‍സൈറ്റ് പബ്ലിക്കയിലൂടെ. പുസ്തകത്തില്‍ ചേര്‍ക്കാന്‍ സ്ഥിരമേല്‍വിലാസം തരൂ എന്ന് ഇന്‍സൈറ്റ് പബ്ലിക്കയുടെ സുമേഷേട്ടന്‍ ആവശ്യപ്പെട്ടു. അങ്ങനെയൊന്നില്ലല്ലോ എന്ന ചിന്തയില്‍ നിന്നാണ് ‘എന്റെ കവിത എനിക്ക് വിലാസം’ എന്ന പുസ്തകത്തിന്റെ തലക്കെട്ട് ഉയിര്‍ക്കൊണ്ടത്, സിദ്ദിഹ പറഞ്ഞു. ഇതിലെ കവിതകളെല്ലാം ആത്മനിഷ്ഠങ്ങളാണെന്ന് നിസ്സംശയം പറയാം. കാരണം തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് ഈ കവിതകളോരോന്നും രചിക്കപ്പെട്ടിരിക്കുന്നത്. ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോള്‍തന്നെ തികച്ചും തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രതയാകാം സിദ്ദിഹയുടെ കവിതകളെ അനശ്വരമാക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

അജയന്‍ മാഷും, സുഹാസിനി ടീച്ചറും

കവിത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വി.ആര്‍. സുധീഷ്, സച്ചിദാനന്ദന്‍, കുരിപ്പുഴ ശ്രീകുമാര്‍, പവിത്രന്‍ തീക്കുനി തുടങ്ങി പ്രമുഖരായ പലരും സിദ്ദിഹയുടെ ആത്മാവിനെ പകര്‍ത്തുന്ന ആഖ്യാനശൈലിയെ അഭിനന്ദിച്ചു.

ചിന്തകളും പ്രതീക്ഷകളും തുറന്ന് വിട്ട പ്‌ളസ് ടു വിന് ശേഷം നഴ്‌സിംഗ് പഠിക്കാനാണ് സിദ്ദിഹ തിരിഞ്ഞത്. നഴ്‌സിംഗ് കോളേജിലെ അച്ചടക്കത്തിന്റെ തടവില്‍ ശ്വാസം മുട്ടികഴിഞ്ഞ നാളുകളില്‍ സിദ്ദിവ കവിതയെ മറക്കുകയോ മാറ്റി നിര്‍ത്തുകയോ ആയിരുന്നു. സാഹിത്യത്തില്‍ ബിരുദം ആഗ്രഹിച്ച എനിക്ക് വീട്ടിലെ സാമ്പത്തിക നില മാനിച്ചു നഴ്‌സിംഗ് പഠനത്തിന് പോകേണ്ടിവന്നു. ആ ചുവടുമാറ്റം സര്‍ഗാത്മകതയുടെ കതകുകള്‍ വിരലറ്റുപോകുമാറു വലിച്ചടച്ചു എന്നാണ് അതിനെക്കുറിച്ച് സിദ്ദിഹ പറഞ്ഞത്.

തികച്ചും യാന്ത്രികമായ നഴ്‌സിംഗ് ദിനങ്ങള്‍ സൃഷ്ടിച്ച മരവിപ്പാകാം സിദ്ദിഹയെ ഇത്രയും കാലം എഴുതാതിരിക്കുവാന്‍ പ്രേരിപ്പിച്ചത്. വായനലോകത്തെ സംഭവവികാസങ്ങളൊന്നും സിദ്ദിഹ അറിഞ്ഞിരുന്നില്ല. മൂന്നാം വര്‍ഷം നഴ്‌സിംഗ് വിദ്യാര്‍ഥിയായിരിക്കെ തികച്ചും യാദൃശ്ചികമായാണ് തന്റെ കവിതാസമാഹാരത്തെക്കുറിച്ച് എന്‍.എസ്. മാധവന്‍ എഴുതിയ കുറിപ്പ് കോളേജ് കാന്റീനിലെ ജീവനക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലുള്ള കോവിഡ് ആശുപത്രിയായ ഹസം മെബൈരിക് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന സിദ്ദിഹ ക്രിയാത്മക രംഗത്ത് രചനാത്മകമായ പ്രവര്‍ത്തനങ്ങളുമായി സജീവമാവുകയാണ്. എഴുത്ത്, ജീവിതത്തിന് മനോഹരഭാവം നല്‍കുന്നുവെങ്കില്‍ അതറിയുന്നവര്‍ക്ക് അധിക നാള്‍ നിശബ്ദമായി തുടരാനാവില്ല.

അടവിരിയിച്ചു കഴിഞ്ഞാല്‍ പിന്നെ കൊത്തിയോടിക്കുമ്പോലെയാണ് നഴ്‌സിംഗ്. പഠനത്തിന് വേണ്ട ഭീമമായ ചിലവും തുച്ഛമായ ശമ്പളവും സമരസപ്പെടില്ല. പലായനങ്ങളുടെ നാളുകളില്‍ കൂടെയെപ്പോഴും പഴകിയൊരു ഡയറി കരുതിയിരുന്നു. പഴകിപ്പഴകി വീഞ്ഞായിപ്പോയ ഒന്ന്. ഇടയ്ക്കിടെ ദ്രവിച്ചു തുടങ്ങിയ പേജുകള്‍ മറിച്ചു കവിതയുടെ അന്ത്യശ്വാസം വലിച്ചു. ഇനിയൊരിക്കലും തിരിച്ചു പോക്കുണ്ടാവില്ലെന്ന് തോന്നി. ജീവിതത്തില്‍ നിസ്സംഗയായ എന്നെ പല സംഭവങ്ങളും ഉഴുതുമറിച്ചു കടന്നുപോയി.

കൊറോണക്കാലത്തു പിന്നെയും ചില വരികള്‍ കുത്തിക്കുറിച്ചു. അയക്കണമെന്ന് തോന്നിയതൊക്കെ അയച്ചു. അങ്ങനെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വാക്കുത്സവത്തില്‍ പതിന്നാലുവര്‍ഷ വനവാസത്തില്‍ നിന്നുള്ള തിരിച്ചുവരവെന്നോണം കവിതകള്‍ കെ.പി റഷീദിന്റെ കുറിപ്പോടു കൂടി വന്നത്. എന്നെയോര്‍ക്കുന്നവര്‍, സ്‌നേഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവില്‍ ഉള്‍ക്കനലില്‍ വെന്തു കിടന്ന ചില്ലകള്‍ നിറയെപ്പൂത്തു. പഴയ പച്ചമനുഷ്യരില്‍ ചിലരെ വീണ്ടെടുത്തു. പുതിയ സൗഹൃദങ്ങളുണ്ടായി. എഴുത്തിലേക്ക് ഉണങ്ങാത്ത മുറിവുകളോടെ തിരിച്ചു നടക്കുന്നു; പഴയമുറിവെണ്ണക്കുപ്പി ഇടയ്ക്കിടെ നിറച്ചു വെക്കുന്നു.

ഇപ്പോള്‍ കേരള പെണ്‍ കവികള്‍ ഫോറം എന്ന കൂട്ടായ്മയില്‍ സജീവമാണ് സിദ്ദിഹ. വായിക്കപ്പെടേണ്ട കൃതികള്‍ കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യുന്ന സര്‍ഗവേദിയാണത്. സ്ത്രീ പക്ഷത്തുനിന്നും സ്വതന്ത്രമായ മൗലിക രചനകളുണ്ടാകണമെങ്കില്‍ തുല്യനീതിയെന്നത് സങ്കല്‍പത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്കെത്തണം. തങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും സംബന്ധിച്ച് പല തരത്തിലുള്ള സാമൂഹിക പ്രതിസന്ധികളും സ്ത്രീ സമൂഹം അനുഭവിക്കുന്നുണ്ട്. തലച്ചോറിനെ ആര്‍ക്കും കടം കൊടുക്കാതെ സ്വതന്ത്രമായി ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരങ്ങളാണ് ആവശ്യം.

കോഴിക്കോടുകാരന്‍ ഷംഷീറാണ് ഭര്‍ത്താവ്, ഹനീന്‍ മകളാണ്.

Related Articles

Back to top button
error: Content is protected !!