IM Special

നാച്വര്‍ ഫോട്ടോഗ്രാഫിയില്‍ പുതിയ പരീക്ഷണങ്ങളുമായി വിഷ്ണു ഗോപാല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ എഫ്.കെ. ടൂള്‍സ് കണ്‍ട്രി സെയില്‍സ് മാനേജറായ വിഷ്ണു ഗോപാല്‍  നാച്വര്‍ ഫോട്ടോഗ്രാഫിയിലും  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന മലയാളിയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ളോമയുമായി 12 വര്‍ഷം മുമ്പ് ഖത്തറിലെത്തിയ കൊല്ലം കോട്ടാരക്കര സ്വദേശിയായ വിഷ്ണുവിന് ഫോട്ടോഗ്രാഫി കമ്പം ഖത്തറില്‍ വന്നശേഷമുണ്ടായതാണ്. വിദ്യാഭ്യാസ കാലത്ത് വരകളില്‍ താല്‍പര്യമുണ്ടായിരുന്നു. ആര്‍ട്‌സ് ക്ളബ്ബ് സെക്രട്ടറിയായി കലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

പരേതനായ ഗോപാലകൃഷ്ണപിള്ളയുടേയും അംബികയുടേയും രണ്ടാമത്തെ മകനായ വിഷ്ണു ഫോട്ടോഗ്രാഫി എന്ന ഹോബി സ്വന്തമായി തെരഞ്ഞെടുക്കുകയായിരുന്നു. ക്രാഫ്റ്റില്‍ സമര്‍ഥനായിരുന്ന അച്ഛനിന്‍ നിന്നും ലഭിച്ച ജന്മവാസനയും സാഹചര്യങ്ങളുമൊക്കെ വിഷ്ണുവിനെ ഒരു മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാക്കി മാറ്റുകയായിരുന്നു.

കലയോടുള്ള താല്‍പര്യമാകാം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും നാച്വര്‍ ഫോട്ടോഗ്രാഫിയിലും താല്‍പര്യം ജനിപ്പിച്ചത്. ദിലീപ് അന്തിക്കാടെന്ന സമര്‍ഥനായ മെന്ററുടെ ശിക്ഷണമാണ് വിഷ്ണുവിന്റെ ഫോട്ടോഗ്രാഫി ലോകം തന്നെ മാറ്റി മറിച്ചത്. പ്രകൃതിയേയും അതിലെ വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളേയും തന്മയത്തത്തോടെ ഒപ്പിയെടുക്കാനുള്ള തീവ്ര പരിശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട നിരവധി വര്‍ക്‌ഷോപ്പുകളും പരിശീലനകളരികളും സംഘടിപ്പിച്ചും പങ്കെടുത്തും സജീവമായി.

ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള മലയാളികളുടെ കൂട്ടായ്മയായ ഫോട്ടോഗ്രഫി മലയാളി ഖത്തറിന്റെ ഭാഗമായി നിരവധി പരിപാടികളാണ് നടത്തിയത്. പുതിയ കാര്യങ്ങള്‍ പഠിച്ചും പഠിച്ച കാര്യങ്ങള്‍ കൈമാറിയും സജീവമായ ഈ കൂട്ടായ്മയില്‍ മൂവായിരത്തോളം അംഗങ്ങളുണ്ട്.

തൃശൂരിലെ ഫോട്ടോ മ്യൂസിലും വിഷ്ണു ഫോട്ടോഗ്രാഫി വര്‍ഷോപ്പുകള്‍ നടത്തിയിട്ടുണ്ട്.

ഖത്തറിലെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വന്തമായും കൂട്ടായും നിരവധി എക്സിബിഷനുകള്‍ സംഘടിപ്പിച്ച വിഷ്ണു കതാറയില്‍ നടന്ന ഇന്തോ ഖത്തര്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള ഇരുപത്തഞ്ച് വീതം ഫോട്ടോഗ്രാഫര്‍മാരുടെ സാംസ്‌കാരിക പ്രാധാന്യമുള്ള തെരഞ്ഞെടുത്ത ഫോട്ടോകളാണ് കതാറയില്‍ പ്രദര്‍ശിപ്പിച്ചത്. ജര്‍മനിയില്‍ നടന്ന ഫോട്ടോഗ്രാഫി എക്സിബിഷനിലും വിഷ്ണു പങ്കെടുത്തിട്ടുണ്ട്.

ഖത്തറിലെ മരുഭൂമിയുടെ വിവിധ ഭാവങ്ങള്‍ മനസിലാക്കാനും കാമറയില്‍ പകര്‍ത്താനും ദിവസങ്ങള്‍ ചിലവഴിച്ച വിഷ്ണു ഇവിടുത്തെ പക്ഷികളേയും കുറുക്കനേയും പാമ്പുകളേയുമൊക്കെ തന്റെ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. വിസ്മയങ്ങളുടെ കലവറയാണ് ജന്തുക്കളുടെ ലോകം. അവയെ അടുത്തറിയാനും ആസ്വദിക്കുവാനും കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. ഓരോ ജന്തുക്കളുടേയും ബിഹേവിയറുകള്‍ മനസിലാക്കി കാമറയില്‍ പകര്‍ത്തുവാന്‍ നല്ല ക്ഷമയും നിരീക്ഷണ പാഠവവും അത്യാവശ്യമാണ്. ദിവസങ്ങളോളം കാത്ത് കിടന്നാലേ ഉദ്ദേശിക്കുന്ന രൂപഭാവങ്ങള്‍ പകര്‍ത്താനാകൂവെന്നതാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ഏറ്റവും പ്രധാന വെല്ലുവിളി.

മരുഭൂമിയുടെ വിവിധ ഭാഷ്യങ്ങള്‍ ഒപ്പിയടുത്ത വിഷ്ണു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഭാഗമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബോട്സുവാന, കെനിയ, സെര്‍ബിയ, അര്‍മേനിയ, സിംബാവേ, ഇന്തോനേഷ്യ, അന്തമാന്‍, ലക്ഷ ദ്വീപ് തുടങ്ങിയവ ഇവയില്‍ ചിലത് മാത്രമാണ് .

കെനിയയിലെ ഗ്രേറ്റ് മൈഗ്രേഷന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള ആര്‍ക്കും ഏറ്റവും പ്രധാനമാണ്. ലക്ഷക്കണക്കിന് മൃഗങ്ങള്‍ കെനിയയില്‍ നിന്നും ടാന്‍സാനിയയിലേക്ക് പാലായനം ചെയ്യുന്ന കാഴ്ച അതീവ ഹൃദ്യമാണ്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഫോട്ടോഗ്രാഫി ക്ളബ്ബ് സെക്രട്ടറിയായ വിഷ്ണു കൂട് മാസികയുടെ ഫോട്ടോഗ്രാഫി എഡിറ്ററായിരുന്നു. ലോകോത്തര ഫോട്ടോഗ്രാഫര്‍മാര്‍ മല്‍സരിച്ച ലുസൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ 25000 റിയാലിന്റെ ഒന്നാം സമ്മാനം കരസ്ഥമാക്കിയ വിഷ്ണു റഷ്യ ആസ്ഥാനമായി നടന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി മല്‍സരത്തിലും സമ്മാനം നേടിയിട്ടുണ്ട്.

സോണിയാണ് ഭാര്യ. രണ്ടാം ക്ളാസില്‍ പഠിക്കുന്ന തീര്‍ഥ, ശ്രദ്ധ എന്നിവരാണ് മക്കള്‍. അച്ഛന്റെ ഹോബികാരണമാകാം തീര്‍ഥ ഇപ്പോള്‍തന്നെ ഓരോ തരം പക്ഷികളെ പ്രത്യേകമായി തിരിച്ചറിയാറുണ്ട്.

Related Articles

Back to top button
error: Content is protected !!