IM Special

അല്‍ ഇഹ്‌സാന്‍ അഥവാ മനുഷ്യ സേവനത്തിന്റെ വേറിട്ട മാതൃക

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ കേരള മുസ്‌ലിം കള്‍ചറല്‍ സെന്ററിന്റെ മയ്യത്ത് പരിപാലന സമിതിയായ അല്‍ ഇഹ്‌സാന്‍ മനുഷ്യ സേവനത്തിന്റെ വേറിട്ട മാതൃകയാണ് രചിക്കുന്നത്. ഖത്തറില്‍ മരിക്കുന്നവര്‍ക്ക് അന്ത്യകര്‍മങ്ങള്‍ക്കുള്ള എല്ലാ സേവനങ്ങള്‍ക്കും സന്നദ്ധരായ എട്ടംഗങ്ങളുടെ നേതൃത്വത്തിലുള്ള ഈ വിഭാഗം സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭീഷണിയിലും ആശങ്കകള്‍ക്കിടയിലും സജീവമായ അല്‍ ഇഹ്‌സാന്‍ മനുഷ്യ സേവനത്തിന്റെ മഹത്വമാണ് അടയാളപ്പെടുത്തുന്നത്. സേവനമാവശ്യമുള്ള ഏത്് സമയത്തും സേവന സന്നദ്ധരാണ് എന്നതാകാം ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ പ്രത്യേകത. മത ജാതി രാഷ്ടീയ ദേശ ഭാഷ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യരെ കാണുകയും ഏറെ ആദരവോടെ മൃതശരീരങ്ങളെ അന്ത്യകര്‍മങ്ങള്‍ക്കായി തയ്യാറാക്കുകയും ചെയ്യുന്നുവെന്നതാണ് അല്‍ ഇഹ്‌സാന്‍ സൃഷ്ടിക്കുന്ന മനുഷ്യ സേവനത്തിന്റെ വേറിട്ട മാതൃക

മരണം ആര്‍ക്കും എവിടെവെച്ചും സംഭവിക്കും. എന്നാല്‍ മരിച്ചുകഴിഞ്ഞാലുള്ള നടപടിക്രമങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയണമെന്നില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനും ഇവിടെ തന്നെ സംസ്‌കരിക്കുന്നതിനും ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മഹ്ബൂബ് നാലകത്ത് ചെയര്‍മാനും ഖാലിദ് കല്ലു ജനറല്‍ കണ്‍വീനറുമായ അല്‍ ഇഹ്‌സാന്‍ ഇരുപത്തിനാലുമണിക്കൂറും സേവന സന്നദ്ധരായി രംഗത്തുള്ളത് സമൂഹത്തിന് വലിയ ആശ്വാസമാണ്.

കഴിഞ്ഞ ഇരുപതുവര്‍ഷത്തോളമായി കെ.എം.സി.സി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പതിനഞ്ച് വര്‍ഷത്തിലേറെയായി വളരെ സംഘടിതമായ രീതിയിലാണ് മയ്യിത്ത് പരിപാലന സേവനങ്ങള്‍ നിര്‍വഹിക്കുന്നത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുവാന്‍ വേണ്ട ഒത്താശകള്‍ ചെയ്യുവാനായതും നിരവധി മൃതദേഹങ്ങള്‍ ഇവിടെ തന്നെ സംസ്‌കരിക്കാന്‍ ഏര്‍പാടുകള്‍ ചെയ്യാനായതുമൊക്കെ മനസ്സിന് വല്ലാത്ത സന്തോഷം നല്‍കുന്ന കാര്യമാണെന്ന് മഹ്ബൂബ് നാലകത്തും ഖാലിദ് കല്ലുവും പറഞ്ഞു. ഇന്ത്യക്കാരല്ലാത്ത ബംഗ്‌ളാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമൊക്കെ ഈ കൂട്ടായ്മ സേവനം ചെയ്യാറുണ്ട്..

ഇന്ത്യന്‍ എംബസി, സി.ഐ.ഡി, ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് എന്നിവിടങ്ങളില്‍ നിന്നൊക്കെ ലഭിക്കുന്ന സഹകരണമാണ് ഞങ്ങളുടെ സേവനം അനായാസമാക്കുന്നത്. ഏത് പ്രശ്‌നത്തിലും അധികൃതരുടെ പിന്തുണയും സഹായവും വളരെ വലുതാണ്, മഹബൂബ് പറഞ്ഞു.

നിരവധി പേരാണ് ഈയടുത്ത ദിവസങ്ങളിലായി മരണപ്പെടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നൂറ് കണക്കിനാളുകള്‍ മരിച്ചു. സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തില്‍ മരിക്കുന്ന അത്രയും ആളുകള്‍ മൂന്ന് മാസങ്ങളില്‍ മരിച്ചുവെന്നത് ഗുരുതരമായ സാമൂഹ്യാന്തരീക്ഷമാണ് സൂചിപ്പിക്കുന്നത്. അതീവ ജാഗ്രതയോടെ മുന്നോട്ടുപോവേണ്ട നാളുകളാണിത്.

ഇന്ത്യക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഇന്ത്യന്‍ എംബസിയുടെ എന്‍.ഒ..സി ആവശ്യമാണ്. ഈ രംഗത്ത് എംബസിയിലെ ദീരജ് കുമാറിന്റെ ആത്മാര്‍ഥമായ സഹകരണം പ്രത്യേകം എടുത്ത്് പറയേണ്ടതാണെന്ന് മെഹബൂബ് പറഞ്ഞു. ഏത് സമയത്തും ബന്ധപ്പെടാവുന്ന ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിന് വലിയ ഭാഗ്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മൃതദേഹം നാട്ടിലേക്കയക്കാനുള്ള തുകയും എംബസിയുടെ വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും ലഭിക്കാറുള്ള കാര്യം ഖാലിദ് കല്ലു അനുസ്മരിച്ചു.

മയ്യിത്ത് പരിപാലനമെന്നത് ഏറെ പുണ്യമുള്ള പ്രവര്‍ത്തിയാണ്. ജനങ്ങളുടെ നന്ദിയോ പ്രീതിയോ അല്ല ഞങ്ങള്‍ നോക്കുന്നത്. എങ്കിലും മനസിനെ സ്പര്‍ശിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സേവനരംഗത്തുനിന്നും ലഭിക്കാറുണ്ട്. ഏത് പ്രതിസന്ധിയും പരിഹരിക്കാനും സദാ സേവന നിരതരാകാനും ഊര്‍ജം പകരുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ നല്‍കുന്ന അനുഭൂതിയും മാനസിക സംതൃപ്തിയും പറഞ്ഞറിയിക്കാനാവാത്തതാണ് .
മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് മഹബൂബ് നാലകത്ത് 55202458, ഖാലിദ് കല്ലു 74745838 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!