IM Special

റേഡിയോ ആര്‍.ജെകള്‍ക്കൊപ്പം കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ

ഡോ. അമാനുല്ല വടക്കാങ്ങര

സഞ്ചാരികളെ കൊതിപ്പിക്കുകയും മനം മയക്കുകയും ചെയ്യുന്ന നഗരമാണ് ദുബൈ. എത്ര കണ്ടാലും മതിവരാത്ത വിസ്മയങ്ങളുടെ കലവറകളൊളുപ്പിക്കുന്ന നഗരം. നിര്‍മാണ രംഗത്തും വാണിജ്യ വ്യവസായ രംഗങ്ങളിലും പുതുമകളും സാധ്യതകളും തുറന്നുവെക്കുന്ന ദുബൈ നഗരം പല തവണ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഈ പ്രാവശ്യത്തെ സന്ദര്‍ശനം സവിശേഷമായിരുന്നു.

കേട്ടുകേട്ടു കൂട്ടുകൂടിയ ഖത്തറിലെ റേഡിയോ സുനോയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് റേഡിയോ ആര്‍.ജെ.കളോടൊപ്പം നാല് ദിവസത്തെ ദുബൈ യാത്ര സംഘടിപ്പിച്ചത്. ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച യാത്ര ആദ്യന്തം ആവേശ്വോജ്വലമായത് റേഡിയോ ഒലീവ് സുനോ നെറ്റ് വര്‍ക് സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീറലി പരുവള്ളി, റേഡിയോ സുനോ പ്രോഗ്രാം ഹെഡ് അപ്പുണ്ണി, ആര്‍.ജെ.കളായ അഷ്ടമി, ബോബി, ജ്യോതിക, നിസ, വിനു, ഷാഫി, ആസ്യ, റേഡിയോ ഒലീവ് ആര്‍.ജെ.കളായ വിവേക്, സിംറന്‍, പ്രിയങ്ക, സുനോ ലങ്ക അവതാരകരായ ഇഷാനി, യതീഷ് തുടങ്ങിയവരുടെ സജീവമായ പങ്കാളിത്തം കൊണ്ടാണ്. ആടിയും പാടിയും സംഘം യാത്ര മനോഹരമാക്കി.

 

ഏതൊരു സ്ഥാപനത്തിന്റേയും വിജയം നിശ്ചയിക്കുന്നത് ജീവനക്കാരുടെ ഒരുമയും സഹകരണവും തന്നെയാണ്. ടീം റേഡിയോ സുനോ, റേഡിയോ ഒലീവ് അംഗങ്ങള്‍ പ്രകടിപ്പിച്ച ടീം സ്പിരിറ്റും സഹകരണവും മാതൃകാപരമായിരുന്നു.യാത്രയിലെ ചെറിയ ചെറിയ അസൗകര്യങ്ങളൊക്കെ അവഗണിച്ച് ഓരോ നിമിഷങ്ങളും ആഘോഷമാക്കി മാറ്റിയാണ് ടീം യാത്ര ധന്യമാക്കിയത്.

ആര്‍.ജെ.കളും മാനേജിംഗ് ഡയറക്ടുമൊപ്പം വിവിധ മല്‍സരങ്ങളിലൂടെ തെരഞ്ഞെടുത്ത ശ്രോതാക്കളും സംഘത്തിലുണ്ടായിരുന്നു. കേവലം കേള്‍വിക്കാര്‍ മാത്രമല്ല ശരിയായ സൗഹൃദവും കൂട്ടുമാണ് റേഡിയോ സമ്മാനിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു യാത്ര.
ദോഹയില്‍ നിന്നും ഞങ്ങളേയും വഹിച്ചുകൊണ്ടുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ഷാര്‍ജ ലക്ഷ്യമാക്കി പറന്നു. ഏകദേശം 50 മിനിറ്റുകള്‍ കൊണ്ട് തന്നെ വിമാനം ഷാര്‍ജയിലിറങ്ങി. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോളം പോലും വലുപ്പമില്ലാത്ത ഒരു ചെറിയ എയയര്‍പോര്‍ട്ടാണ് ഷാര്‍ജ അന്താാരാഷ്ട്ര വിമാനതാവളം. വലിയ ആള്‍കൂട്ടമോ ബഹളങ്ങളോ ഇല്ല. വന്നിറങ്ങിയ ഉടനെ സൗജന്യമായി പ്യൂര്‍ ഹെല്‍ത്ത് കൗണ്ടറില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ എടുത്ത് നേരെ എമിഗ്രേഷനിലേക്ക്. വളരെ പെട്ടെന്ന് തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തു കിടന്നു.

ഞങ്ങളേയും പ്രതീക്ഷിച്ച് ലക്ഷ്വറി ബസ് പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നേരെ ദുബൈയിലേക്ക് യാത്ര തിരിച്ചു. വൈകുന്നേരമായതിനാല്‍ അത്യാവശ്യം ട്രാഫിക് ഉണ്ടായിരുന്നുവെങ്കിലും കൃത്യസമയത്ത് തന്നെ ലക്ഷ്യസ്ഥാനത്തെത്തിയ സായൂജ്യം.

ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയപ്ളസും സംയുക്തമായി സംഘടിപ്പിച്ച റേഡിയോ സുനോ, റേഡിയോ ഒലീവ് ഫ്ളൈ വിത്ത് ആര്‍.ജെ സംഘത്തിന് ദുബൈയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് അല്‍ റഈസ്, ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ഏവന്‍സ് ഹോളിഡേയ്സ് മാനേജര്‍ അന്‍വര്‍ സാദിഖ് അബ്ദുല്‍ സലാം എന്നിവര്‍ ചേര്‍ന്ന് സംഘത്തെ ബൊക്കെ നല്‍കി സ്വീകരിച്ചു. ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ ദുബൈയിലെ പ്രഥമ ഓഫീസ് ഉദ്ഘാടനത്തില്‍ സംബന്ധിക്കാനായതും അവിസ്മരണീയമായ അനുഭവമായി.

അല്‍ കൂരി സ്‌കൈ ഗാര്‍ഡന്‍ ഹോട്ടലിലാണ് സംഘത്തിന് താമസമൊരുക്കിയിരുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര ഹോട്ടല്‍. ഹോട്ടല്‍ ജനറല്‍ മാനേജര്‍ മലയാളിയായ അരുണ്‍ കുമാര്‍ സംഘത്തിന് എല്ലാ സൗകര്യങ്ങളുമൊരുക്കിയതിനാല്‍ താമസം ഏറെ ഹൃദ്യമായി.

അറേബ്യന്‍ ഐക്യ നാടുകളിലെ ഏഴു എമിറേറ്റുകളില്‍ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ദുബൈ. പെട്രോള്‍, ഗ്യാസ് വരുമാനങ്ങളെ കാര്യമായി ആശ്രയിക്കാതെ ടൂറിസവും വ്യവസായവും കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന നഗരമെന്നതാകും ദുബൈയയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് തോന്നുന്നു.

ഭരണ മികവും നയനിലപാടുകളും കൊണ്ട് മികച്ചുനില്‍ക്കുന്ന ദുബൈ ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളര്‍ന്നുകോണ്ടിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ലോകോത്തര ഹോട്ടലുകളും വൈവിധ്യമാര്‍ന്ന കെട്ടിട സമുച്ഛയങ്ങളും മാത്രമല്ല കലയും സംസ്‌കാരവും വിദ്യാഭ്യാസവും പാരമ്പര്യവുമൊക്കെ സമന്വയിപ്പിക്കുന്ന സ്വന്തവും സ്വതന്ത്രവുമായ പാതയിലൂടെയുള്ള ദുബൈയുടെ മുന്നേറ്റം അത്ഭുതകരമാണ്.

പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന ദുബൈ എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തില്‍ താഴെ മാത്രമെ പെട്രോളിയം ശേഖരത്തില്‍ നിന്നും ലഭിക്കുന്നുള്ളു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദുബൈയിലേക്കൊഴുകുന്ന ലക്ഷക്കണക്കിനാളുകളാണ് ഈ നഗരത്തിന്റെ വളര്‍ച്ചാവേഗം കൂട്ടുന്നത്.

കരകൗശല വൈദഗ്ധ്യവും നിര്‍മാണചാതുരിയും വെളിവാക്കുന്ന ആഡംബര കെട്ടിടങ്ങളും മാതൃകകളുമാകാം ദുബൈക്ക് ആര്‍ക്കിടെക്ട്‌സ് പ്‌ളേ ഗ്രൗണ്ട് എന്ന വിശേഷണം നേടിക്കൊടുത്തത്. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന വശ്യമനോഹരമായ നിരവധി മോഡലുകളിലുള്ള കെട്ടിടങ്ങളും സംവിധാനങ്ങളും ഏവരിലും കൗതുകമുണര്‍ത്തും. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ള ദുബൈയുടെ വളര്‍ച്ച അസൂയാവഹമാണ്. വന്‍ നിക്ഷേപ സാധ്യതകള്‍ തുറന്നുവെക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉയര്‍ന്നുവരുന്ന കെട്ടിട സമുച്ഛയങ്ങളും ഹോട്ടലുകളുമൊക്കെ നഗരത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതോടൊപ്പം വരുമാനം ഉറപ്പാക്കുകയും ചെയ്താണ് പുരോഗതിയുടെ വേഗം കൂട്ടുന്നത്.

അര നൂറ്റാണ്ട് പിന്നിടുന്ന സജീവമായ ഗള്‍ഫ് കുടിയേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ച നഗരമാണിത്. മുമ്പൊക്കെ ഗള്‍ഫിലേക്ക് പോകുന്നതിന് ദുബൈക്ക് പോവുകയെന്നാണ് മലയാളികള്‍ പറഞ്ഞിരുന്നത്. ദുബൈകാരന്റെ വരവ് കേരളത്തിലെ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക മേഖലകളിലുണ്ടാക്കിയ മാറ്റം പ്രധാനമാണ്. കേരളത്തിന്റെ പട്ടിണിയും തൊളിലില്ലായ്മയുമൊക്കെ പരിഹരിക്കുന്നതിനും ബഹുമുഖ പുരോഗതി ഉറപ്പുവരുത്തുന്നതിനുമാണ് ഗള്‍ഫ് കുടിയേറ്റം വഴിയൊരുക്കിയത്.

ദുബൈയുടെ തുറന്ന സമീപനമാകാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകരേയും വ്യാപാരികളേയും ഈ നഗരത്തിലേക്കാകര്‍ഷിച്ചത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ നിര്‍മാണ രംഗത്ത് ദുബൈ കൈവരിച്ച നേട്ടം നിസ്തുലമാണ്. കുറച്ചുകാലങ്ങള്‍ കൊണ്ട് സ്ഥിരമായ വളര്‍ച്ചയിലൂടെ ദുബൈ ഇന്നൊരും ലോകനഗരമായും ഗള്‍ഫ് രാജ്യങ്ങളുടെ സാംസ്‌കാരിക, വ്യാവസായികത്താവളമായും മാറിക്കഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ഇവിടെ താമസിക്കുകയും ജോലി ചെയ്യുകയും വ്യാപാരങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു. വ്യോമമാര്‍ഗ്ഗമുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന ഇടത്താവളമാണ് ദുബൈ. ലോകാടിസ്ഥാനത്തിലുള്ള നിക്ഷേപവും വ്യാപാര ബന്ധങ്ങളും തന്നെയാണ് ഈ നഗരത്തെ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നത്.

1971 ല്‍ തന്നെ സ്വാതന്ത്ര്യം നേടിയെങ്കിലും 2000 ന് ശേഷമാണ് അത്യാധുനികവും അനന്യവുമായ വന്‍ നിര്‍മ്മിതികള്‍ കൊണ്ട് ദുബൈ ലോകജനശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയത്. അംബരചുംബികളായ ബുര്‍ജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും കടല്‍ നികത്തി നിര്‍മ്മിച്ച പാം ദ്വീപുകളും വന്‍ ഹോട്ടലുകളും വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുള്‍പ്പെടുന്നു.

അറേബ്യന്‍ ഐക്യനാടുകള്‍ രൂപീകൃതമാവുന്നതിനും ഏതാണ്ട് 150 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ദുബൈ നഗരം നിലനിന്നിരുന്നതായാണ് പറയപ്പെടുന്നത്. നിയമം, രാഷ്ട്രീയം, സൈന്യം, സാമ്പത്തികം എന്നീ മേഖലകള്‍ മറ്റ് 6 എമിറേറ്റുകളുമായി ഐക്യനാടുകള്‍ എന്ന ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ട് പങ്കുവയ്ക്കുന്നു. എന്നിരുന്നാലും ഓരോ എമിറേറ്റിനും അതിന്റെതായ പ്രവിശ്യാനിയമങ്ങളും, മറ്റും നിലവിലുണ്ട്. അറേബ്യന്‍ ഐക്യനാടുകളില്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തും, വിസ്തീര്‍ണ്ണത്തില്‍ രണ്ടാം സ്ഥാനത്തും ആണ് ദുബായ് നിലകൊള്ളുന്നത്. 1833 മുതല്‍ തന്നെ അല്‍-മക്തൂം രാജകുടുംബം ആണ് ദുബായ് ഭരണനിര്‍വ്വഹണം നടത്തിവരുന്നത്. ദുബായ് എമിറേറ്റിന്റെ ഇപ്പോഴത്തെ ഭരണകര്‍ത്താവ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം ആണ്. ഇദ്ദേഹം അറബ് ഐക്യനാടുകളുടെ പ്രധാനമന്ത്രിപദവും ഉപരാഷ്ട്രപതിസ്ഥാനവും വഹിക്കുന്നു.

ഇന്ത്യയില്‍ നിന്നും ആദ്യകാലത്ത് ദുബൈയിലെത്തിയവരധികവും ലോഞ്ചിലൂടേയും കപ്പലിലൂടെയുമൊക്കെയാണ് കടല്‍ കടന്നത്. എന്നാല്‍ വ്യോമഗതാഗത രംഗത്തെ വമ്പിച്ച പുരോഗതി യാത്ര സുഗമമാക്കിയിരിക്കുന്നു. ബജറ്റ് വിമാനങ്ങളും അല്ലാത്തവുമായി നിരവധി വിമാനങ്ങളാണ് നൂറ് കണക്കിനാളുകളേയും വഹിച്ച് ഈ നഗരത്തിന്റെ സ്വപ്‌നലോകത്തേക്ക് പറന്നിറങ്ങുന്നത്. കോവിഡ് മഹാമാരി വിതച്ച ആശങ്കകളെ ലോകം മെല്ലെ മറികടക്കാന്‍ തുടങ്ങുന്നതോടെ ദുബൈയിലെ ടൂറിസം മേഖലയും ഉണര്‍ന്നുവരികയാണ്.

ലോകപ്രസിദ്ധയാര്‍ജിച്ച നിര്‍മ്മിതികള്‍ കൊണ്ടും മറ്റു വികസന പദ്ധതികള്‍ കൊണ്ടും പ്രത്യേകമായ കായികവിനോദങ്ങള്‍ കൊണ്ടും ദുബൈ എമിറേറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. നിത്യവും പുതുമകള്‍ സമ്മാനിച്ചാണ് ഈ നഗരം സന്ദര്‍ശകരെ മാടിവിളിക്കുന്നത്. മോഹിപ്പിക്കുന്ന, കൊതിപ്പിക്കുന്ന മനം മയക്കുന്ന വിസ്മയകരമായ ദുബൈ നഗരകാഴ്ചയുടെ മോഹവലയത്തിലൂടെ സഞ്ചരിക്കുന്നത് തന്നെ അനുഭൂതി പകരുന്നതാണ് ( തുടരും )

Related Articles

Back to top button
error: Content is protected !!