ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് അപ്പോയന്റ്മെന്റ് ബുക്ക് ചെയ്യാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് അപ്പോയന്റ്മെന്റ് ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നിരവധി പേര്‍ രാവിലെ തന്നെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുകയും മണിക്കൂറുകളോളം കാത്തിരുന്ന ശേഷം നിരാശരായി മടങ്ങുകയും ചെയ്യുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ ക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ നല്‍കിയത്.
രാജ്യത്തെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഒരു കേന്ദ്രത്തിലും നിയമപരമായി വാക് ഇന്‍ അനുവദിക്കുന്നില്ല.
രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കേന്ദ്രത്തില്‍ വാക്സിന്‍ നല്‍കുന്നത്. കമ്പനിയുടെ വിവരങ്ങള്‍, തൊഴിലാളികളുടെ എണ്ണം, തൊഴില്‍ സ്വഭാവം മുതലായവ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളിയുടെ പേര്, ഐ.ഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, സ്ത്രീ, പുരുഷന്‍ എന്നീ വിവരങ്ങളും വേണം. [email protected] എന്ന ഇമെയിലിലേക്കാണ് ഈ വിവരങ്ങള്‍ അയക്കേണ്ടത്.
വിവരങ്ങള്‍ പരിശോധിച്ച് ഓരോ കമ്പനിക്കും അപ്പോയന്റ്മെന്റ് നല്‍കും. അതനുസരിച്ചാണ് തൊഴിലാളികളെ വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ടത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പഴയ മെഡിക്കല്‍ കമ്മീഷന്റെ സ്ഥലത്താണ് പുതിയ വാക്‌സിനേഷന്‍ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 7 മണി മുതല്‍ വൈകുന്നേകം 7 മണി വരെ കേന്ദ്രം പ്രവര്‍ത്തിക്കും.