Uncategorized

2018 ല്‍ ഖത്തറില്‍ രണ്ടായിരത്തോളം കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 80 ശതമാനവും പ്രവാസികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 2018 ല്‍ ഖത്തറില്‍ 1,960 പേര്‍ക്കാണ് പുതുതായി അര്‍ബുദം കണ്ടെത്തിയത്. അതില്‍ 80 ശതമാനവും പ്രവാസികളാണെന്ന് ഖത്തര്‍ നാഷണല്‍ കാന്‍സര്‍ രജിസ്ട്രി ഇന്ന് (ചൊവ്വാഴ്ച) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രവാസി സമൂഹത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 2018 ലെ പുതിയ കാന്‍സര്‍ കേസുകളില്‍ 46 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷന്മാരുമാണ്.

സ്തനാര്‍ബുദമാണ് സ്ത്രീകളില്‍ ഏറ്റവും സാധാരണമായ ക്യാന്‍സര്‍. അര്‍ബുദം കണ്ടെത്തിയ 39.15 ശതമാനം സ്ത്രീകളും സ്തനാര്‍ബുദ രോഗികളായിരുന്നു. 2018 ല്‍ രോഗനിര്‍ണയം നടത്തിയ മൊത്തം രോഗികളില്‍ 16.58 ശതമാനവും സ്തനാര്‍ബുദ രോഗികളായിരുന്നു

വന്‍കുടല്‍ കാന്‍സറാണ് പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍. രോഗനിര്‍ണയം നടത്തിയ പുരുഷന്മാരില്‍ ഏകദേശം 11 ശതമാനം പേരും വന്‍കുടല്‍ കാന്‍സറുള്ളവരാണ് .

രജിസ്ട്രി അനുസരിച്ച്, തൈറോയ്ഡ് കാന്‍സറാണ് ഏറ്റവും സാധാരണമായ മൂന്നാമത്തെ വിഭാഗം കാന്‍സര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളില്‍ 6.33% തൈറോയ്ഡ് കാന്‍സറാണ്

0-14 വയസ് പ്രായമുള്ള കുട്ടികളില്‍ മൊത്തം 46 പുതിയ കാന്‍സര്‍ കേസുകളാണ് 2018 ല്‍ കണ്ടെത്തിയത്. ഇത് ഖത്തറികളില്‍ 33%വും പ്രവാസികളില്‍ 67% ശതമാനവുമായിരുന്നു. മൊത്തം രോഗികളില്‍ 63% പെണ്‍കുട്ടികളും 37% ആണ്‍കുട്ടികളുമായിരുന്നു. കുട്ടികളിലെ ക്യാന്‍സറുകളില്‍ 32.61% ലുക്കീമിയയും 13.04% മസ്തിഷ്‌ക അര്‍ബുദമാണ്.

അതിജീവന നിരക്കില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തര്‍് ഏറ്റവും മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്തനാര്‍ബുദത്തില്‍് 88 ശതമാനവും വന്‍കുടല്‍ കാന്‍സറില്‍ 82 ശതമാനവുമാണ് ഖത്തറിലെ അതിജീവന തോത്.

ക്യാന്‍സര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും വിശിഷ്യാ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍, ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി മതലായവര്‍ തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തത്തിനും നിരന്തരമായ സഹകരണത്തിനും ഖത്തര്‍ ദേശീയ കാന്‍സര്‍ രജിസ്ട്രി ഒരു മികച്ച മാതൃകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ദേശീയ കാന്‍സര്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഥാനി പറഞ്ഞു. ഖത്തര്‍ നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രി ഒരു സുപ്രധാന നേട്ടമാണെന്നും നയ നിര്‍മാതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒരു സുപ്രധാന വിവരമാണെന്നും ഈ ഡാറ്റയില്‍ നിന്ന് പ്രയോജനം നേടുകയും അതിന്റെ തുടര്‍ച്ചയായ വികസനത്തിന് പിന്തുണ നല്‍കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Back to top button
error: Content is protected !!