യോഗ ചെയ്ത് യോഗിയും യോഗ്യരുമാകാം
ഡോ. അമാനുല്ല വടക്കാങ്ങര
ഇന്ന് ജൂണ്‍ 21, അന്താരാഷ്ട്ര യോഗ ദിനം. ഇന്ത്യന്‍ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ഇന്ത്യ ലോകത്തിന് നല്‍കിയ സംഭാവനയാണിത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും വിപുലമായ രീതിയില്‍ യോഗ പരിശീലിക്കുന്നുണ്ട്. 2014 ലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്. എഴാമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വര്‍ഷം ആചരിക്കുന്നത്. എന്നാല്‍ ഈ ദിനം ഇത് സംബന്ധമായ ബോധവല്‍ക്കര ണത്തിനാണ് പ്രയോജനപ്പെടുക. യോഗാഭ്യാസമെന്നത് ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ സ്ഥിരമായ അനുഷ്ഠിക്കേണ്ട ഒന്നാണ്. ‘Yoga for well-being'( യോഗ ക്ഷേമത്തിന് ) എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന പ്രമേയം. യോഗ ചെയ്ത് യോഗിയും യോഗ്യരുമാകാമെന്നാണ് ഈ ദിനം നല്‍കുന്ന സന്ദേശം.
ശരീരവും മനസും ശക്തവും സുസ്ഥിരവുമാകുമ്പോഴാണ് വ്യക്തിയുടെ ക്രിയാത്മകത വളര്‍ന്ന് പരിലസിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യ പരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തു കൊണ്ടുവരുന്ന ഒരു ജീവിത രീതിയാണ് യോഗ. ധ്യാനാത്മകമായ പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും മഹത്തായ ദൗത്യനിര്‍വഹണത്തിന് സഹായകമാകുമെന്നതിനാല്‍ യോഗയെ ഏതെങ്കിലും മതപരമോ വിശ്വാസപരമോ ആയ ആചാരമാക്കി പരിമിതപ്പെടുത്തേണ്ടതില്ല. ദൈനംദിന ജീവിതത്തിലെ യോഗയുടെ അടിസ്ഥാന തത്വം തന്നെ മതസ്വാതന്ത്ര്യമാണ്. അത് എല്ലാ മതങ്ങളുടെയും അല്ലെങ്കില്‍ ആത്മീയതയുടെയും ജ്ഞാനത്തിന്റെയുമെല്ലാം ഉറവിടമാണ്. മതപരമായ അതിര്‍വരമ്പുകളെ മറികടന്ന് ഐക്യത്തിലേക്കുള്ള വഴി മനുഷ്യന് വെളിപ്പെടുത്തി തരുന്ന ഒരു പ്രവര്‍ത്തിയാണ് യോഗ.
യോഗ എന്ന വാക്കിന്റെ അര്‍ഥം ചേര്‍ച്ചയെന്നാണ്. മനസും ശരീരവും പരസ്പര പൂരകങ്ങളായി ചേരുമ്പോള്‍ വലിയ പുരോഗതിയുണ്ടാകും. മനസിനും ശരീരത്തിനും ഊര്‍ജം, ശക്തി, സൗന്ദര്യം എന്നിവ പകര്‍ന്നു നല്‍കുന്ന സവിശേഷമായ പരിശീലനമാണ് യോഗ. യോഗ ജീവിതത്തിന്റെ വെളിച്ചമാണ്. അതൊരിക്കല്‍ തെളിയിച്ച് കഴിഞ്ഞാല്‍ മങ്ങാതെ പ്രഭാപൂരിതമാക്കും. കൂടുതല്‍ പരിശീലനം ചെയ്യുന്തോറും ജീവിതം കൂടുതല്‍ പ്രശോഭിതമായി കൊണ്ടിരിക്കുമെന്നാണ് പറയുന്നത്.
മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹര്‍ഷിയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ഇതാണ് യോഗയുടെ അടിസ്ഥാന ഗ്രന്ഥം.
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു. ശരീരത്തിന്റെ വളവുകള്‍ യോഗയിലൂടെ നിവര്‍ത്തി ശ്യാസകോശത്തിന്റെ പൂര്‍ണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു. ഇതുവഴി തലച്ചോറിന്റെ പ്രവര്‍ത്തനം ഉന്നതിയിലെത്തുന്നു, ഉയര്‍ന്ന ചിന്തകള്‍ ഉണ്ടാകുന്നു, വികാരനിയന്ത്രണം സാധ്യമാകുന്നു, ആത്മീയ ഉന്നതി ലഭിക്കുന്നു എന്നതാണ് യോഗയുടെ ശാസ്ത്രം. യോഗ വ്യായാമങ്ങള്‍ ഒരാളില്‍ സ്വാധീനം ചെലുത്തികൊണ്ട് ശരീരവും ആത്മാവും മനസ്സും തമ്മിലുള്ള സന്തുലിതാവസ്ഥ കൂട്ടിചേര്‍ക്കാന്‍ വഴിയൊരുക്കുന്നു. സാധാരണയായി നമുക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ആശങ്കകള്‍, ദൈനംദിന ആവശ്യകതകള്‍ എന്നീ കാര്യങ്ങളെ കൂടുതല്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാന്‍ യോഗശീലം നമ്മളെ സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും കരുത്തും ഓജസും നിലനിര്‍ത്താനും യോഗ സഹായകമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.