IM Special

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ (6)

ഡോ. അമാനുല്ല വടക്കാങ്ങര

ദുബൈ മെട്രോ അഥവാ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ

അനുദിനം വളര്‍ന്നുവികസിക്കുന്ന ദുബൈ നഗരത്തിലെ ഗതാഗതക്കുരുക്കും പാര്‍ക്കിംഗ് പ്രശ്‌നങ്ങളും പരിഹരിച്ച് ചുരുങ്ങിയ ചിലവില്‍ യാത്രാ സൗകര്യമൊരുക്കിയ വിപ്‌ളവ പദ്ധതിയാണ് ദുബൈ മെട്രോ. 2009 സെപ്തംബര്‍ 10 ന് ആരംഭിച്ച മെട്രോ സേവനങ്ങള്‍ വളരെ പെട്ടെന്നാണ് ജനകീയമായത്. കഴിഞ്ഞ 12 വര്‍ഷമായി സുരക്ഷയുടെയും പ്രവര്‍ത്തനക്ഷമതയുടെയും കാര്യത്തില്‍ ആഗോള തലത്തില്‍ തന്നെ മികവ് അടയാളപ്പെടുത്തുന്ന ദുബൈ മെട്രോ സര്‍വിസുകളില്‍ 99.7 ശതമാനം സമയനിഷ്ഠയുമായാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. 2021 ആഗസ്ത് വരെയുള്ള കണക്കനുസരിച്ച് 170 കോടി യാത്രക്കാരാണ് മെട്രോ പ്രയോജനപ്പെടുത്തിയത്.

ദുബൈ പട്ടണത്തിലെ അതിവേഗ റയില്‍ ഗതാഗത ശൃംഖലയാണ് ദുബൈ മെട്രോ. ഡ്രൈവര്‍ ഇല്ലാതെ തികച്ചും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന മെട്രോ ട്രെയിന്‍ ആണ് ഇത്. ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ മെട്രോ എന്ന ബഹുമതിയും ദുബൈ മെട്രോക്ക് തന്നെ. റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍, ബ്ലൂലൈന്‍, യെല്ലോ ലൈന്‍ എന്നിങ്ങനെ നാലു പ്രധാന പാതകളാണ് ദുബൈ മെട്രോയുടെ നിര്‍മ്മാണ പദ്ധതിയിലുള്ളത്. ഇതില്‍ റെഡ്, ഗ്രീന്‍ ലൈനുകളാണ് നിലവില്‍ സേവനം നടത്തുന്നത്.

ദുബൈ മെട്രോ പട്ടണത്തിലൂടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഭൂഗര്‍ഭപാതയിലൂടെയും ഉയര്‍ത്തപ്പെട്ട പാലങ്ങളിലൂടെയുമുള്ള പ്രത്യേക പാതയിലൂടെയുമാണ് ഓടുന്നത്. എല്ലാ ട്രെയിനുകളും സ്റ്റേഷനുകളും അത്യാധുനിക എയര്‍കണ്ടീഷനിംഗ്് സംവിധാനത്തിലൂടെ ശീതീകരിച്ചതാണ്.

2009 സെപ്തംബര്‍ 10 ന് മെട്രോയുടെ റെഡ് ലൈന്‍ ഭാഗികമായാണ് സേവനമാരംഭിച്ചത്. 2010 ഏപ്രില്‍ മാസമാണ് റെഡ് ലൈന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമമായത്. 2011 സെപ്റ്റംബര്‍ 9 ന് 20 കി.മീ. വരുന്ന ഗ്രീന്‍ ലൈനും പ്രവര്‍ത്തനക്ഷമമായി. 52.1 കിലോമീറ്റര്‍ ദൂരമാണ് റെഡ്ലൈനിനുള്ളത്. ഗ്രീന്‍ ലൈനില്‍ ഏകദേശം 20 കിലോമീറ്റര്‍ ദൂരമാണ് കവര്‍ ചെയ്യുന്നത്. ഇതോടേ ദുബൈ മെട്രോ കാനഡയിലെ സ്‌കൈലൈന്‍ വാങ്കോവറിനെ മറികടന്നുകൊണ്ട് ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ എന്ന പദവി കരസ്ഥമാക്കി.ഇതോട് കൂടി സ്‌കൈലൈനിനേക്കാള്‍ 3 കിലോമീറ്റര്‍ കൂടുതല്‍ നീളം ദുബൈ മെട്രോക്കുണ്ടാവും.

ദുബൈ മെട്രോ, ട്രാം എന്നിവയുടെ നടത്തിപ്പ് ബഹുരാഷ്ട്ര ഫ്രഞ്ച് കമ്പനിയായ കിയോലിസ് ഏറ്റെടുത്തത് ഈ വര്‍ഷമാണ്. സെര്‍കോ മിഡില്‍ ഈസ്റ്റ് കമ്പനിയില്‍ നിന്നാണ് മെട്രോയുടെ നടത്തിപ്പും പരിപാലനവും അടക്കമുള്ള ഉത്തരവാദിത്തങ്ങള്‍ ഫ്രാന്‍സ് ആസ്ഥാനമായ കമ്പനി ഏറ്റെടുത്തത്.

ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് അതോരിറ്റീവ് (ആര്‍.ടി. എ.) നല്‍കുന്ന നോല്‍ കാര്‍ഡുകളുപയോഗിച്ചാണ് മെേ്രട്രാ, പബ്‌ളിക് ബസ്, വാട്ടര്‍ ബസ് എന്നിവയിലെ യാത്ര. ദുബൈയെ 7 പ്രധാന സോണുകളാക്കിയാണ് ഗതാഗതസൗകര്യമൊരുക്കിയിരിക്കുന്നത്. ഓരോ റൂട്ടിനും പ്രത്യേകം നമ്പറുകളുള്ളതിനാല്‍ യാത്ര അനായാസമാകും.

റെഡ് ലൈനിലെ പ്രധാന സ്റ്റേഷനുകള്‍ ഇവയാണ്. ( സ്റ്റേഷന്‍ നമ്പര്‍ ബ്രാക്കറ്റില്‍ )

(11) അല്‍ റാഷിദിയ
(12) എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സ്റ്റേഷന്‍
(13) എയര്‍പ്പോര്‍ട്ട് ടെര്‍മിനല്‍ 3
(14) എയര്‍പ്പോര്‍ട്ട് ടെര്‍മിനല്‍ 1
(15) ജിജികൊ
(16) ദേര സിറ്റി സെന്റര്‍
(17) അല്‍ റിഗ്ഗ
(18) യൂണിയന്‍ സ്‌ക്വയര്‍
(19) ബര്‍ജുമാന്‍
(20) എ ഡീ സി ബി
(21) അല്‍ ജാഫിലിയ
(22) വേള്‍ഡ് ട്രേഡ് സെന്റര്‍ സ്റ്റേഷന്‍
(23) എമിറേറ്റ്‌സ് ടവേഴ്‌സ് സ്റ്റേഷന്‍
(24) ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്റ്റേഷന്‍
(26) ബുര്‍ജ്ജ് ഖലീഫ / ദുബായ് മാള്‍ സ്റ്റേഷന്‍
(29) ബിസിനസ് ബേ സ്റ്റേഷന്‍
(30) നൂര്‍ ഇസ്ലാമിക് ബാങ്ക് സ്റ്റേഷന്‍(അല്‍ ക്വോസ്)
(31) ഫസ്റ്റ് ഗള്‍ഫ് ബാങ്ക് സ്റ്റേഷന്‍
(32) മാള്‍ ഓഫ് ദ് എമിറേറ്റ്‌സ് സ്റ്റേഷന്‍
(33) ഷറഫ് ഡി.ജെ. സ്റ്റേഷന്‍
(34) ദുബായ് ഇന്റര്‍നെറ്റ് സിറ്റി സ്റ്റേഷന്‍
(35) നഖീല്‍ സ്റ്റേഷന്‍
(36) ദുബായ് മറൈന സ്റ്റേഷന്‍
(37) ജുമൈറ ലേക് ടവേര്‍സ് സ്റ്റേഷന്‍
(38) നഖീല്‍ ഹാര്‍ബര്‍ മിറ ടവേഴ്‌സ് സ്റ്റേഷന്‍
(39) ഇബ്‌നു ബത്തൂത്ത
(40) എനര്‍ജി സ്റ്റേഷന്‍
(41) ധനൂബ്
(42) ജബല്‍ അലി

2021 ജൂണ്‍ 1 മുതല്‍ രണ്ട് പുതിയ സ്റ്റേഷനുകള്‍ കൂടി മെട്രോ കൂട്ടിച്ചേര്‍ത്തു. ആറ് മാസം മുമ്പ് തുടക്കം കുറിച്ച റൂട്ട് 2020ല്‍ ആണ് ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് സ്റ്റേഷന്‍, എക്സ്പോ 2020 സ്റ്റേഷന്‍ എന്നിവ ചേര്‍ത്തത്.

എക്‌സ്‌പോ 2020 പുതിയ സ്റ്റേഷനായി പ്രവര്‍ത്തനമാരംഭിച്ചത് സന്ദര്‍ശകര്‍ക്ക് ഏറെ സഹായകരമാണ്.

ഗ്രീന്‍ ലൈനിലെ പ്രധാന സ്റ്റേഷനുകളും അവയുടെ നമ്പറുകളും

(11) ഇത്തിസലാത്ത്
(12) അല്‍ ഗിസൈസ്
(13) എയര്‍പോര്‍ട്ട് ഫ്രീ സോണ്‍
(14) അല്‍ നഹ്ദ
(15) സ്റ്റേഡിയം
(16) അല്‍ കിയാധ
(17) അബു ഹൈല്‍
(18) അബുബക്കര്‍ അല്‍ സിദ്ദിക്ക്
(19) സലാഹുദ്ദീന്‍
(20) ഇത്തിഹാദ് / യൂണിയന്‍ ( റെഡ് ലൈന്‍ – 18 )
(21) ബനിയാസ് സ്‌ക്വയര്‍
(22) പാം ദേര
(23) അല്‍ റാസ്
(24) അല്‍ ഗുബൈബ
(25) അല്‍ ഫഹീദി
(26) ബുര്‍ജുമാന്‍ ( റെഡ് ലൈന്‍ – 19)
(27) ഔദ് മേത്ത
(28) ഹെല്‍ത്ത് കെയര്‍ സിറ്റി
(29) ജധ്ധാഫ്
(30) ക്രീക്ക്

ദുബൈ മെട്രോ ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നു. മെട്രോ സ്റ്റേഷനുകള്‍ ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 5 മുതല്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കും. വ്യാഴാഴ്ച രാവിലെ 5 മുതല്‍ 1 വരെ. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ. ദുബൈ എക്‌സ്‌പോ പ്രമാണിച്ച് സേവനസമയം ദീര്‍ഘിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എക്സ്പോയ്ക്കായി ദുബൈ മെട്രോ അധിക സമയം ഓടും. വെള്ളിയാഴ്ച 2021 ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ മെട്രോ
എട്ട് മണി മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട് . സാധാരണ വെള്ളിയാഴ്ചകളില്‍ പത്ത് മണി മുതലാണ് പ്രവര്‍ത്തിക്കുക.

ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ദുബൈ മെട്രോ രാവിലെ അഞ്ച് മണി മുതല്‍ അടുത്ത ദിവസം 1.15 വരെയും, വ്യാഴാഴ്ച രാവിലെ അഞ്ച് മണി മുതല്‍ അടുത്ത ദിവസം രാവിലെ 2.15 വരെയും പ്രവര്‍ത്തിക്കും..
മെട്രോയുടെ ഗ്രീന്‍, റെഡ് ലൈനുകള്‍ക്ക് ദീര്‍ഘസമയം ബാധകമാണ്. വെള്ളിയാഴ്ചകളില്‍ എട്ട് മണിക്ക്
തുടങ്ങുന്ന മെട്രോയില്‍ അടുത്ത ദിവസം രാവിലെ 2.15 വരെ യാത്ര ചെയ്യും. ( തുടരും)

Related Articles

Back to top button
error: Content is protected !!