IM Special

ഡോ. യൂസുഫുല്‍ ഖറദാവി ,ഇസ്‌ലാമിക ജീവിതം അടയാളപ്പെടുത്തിയ കര്‍മയോഗി

അമാനുല്ല വടക്കാങ്ങര

ആഴമുള്ള പാണ്ഡിത്യം, ധീരമായ നിലപാടുകള്‍, ആര്‍ജവമുള്ള സമീപനം, സമന്വയത്തത്തിന്റെ പരിവ്രാജകന്‍ തുടങ്ങിയവയൊന്നും ഡോ. യൂസുഫുല്‍ ഖറദാവി എന്ന ഐതിഹാസികമായ വ്യക്തിത്വത്തിന്റെ ജീവിതം അടയാളപ്പെടുത്തുവാന്‍ മതിയാവുകയില്ല. ഒരു നൂറ്റാണ്ടോളം നീണ്ട ധന്യമായ പ്രവര്‍ത്തന പാരമ്പര്യം കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ കര്‍മയോഗിയാണ് അദ്ദേഹം. ജീവിതാന്ത്യം വരെ വൈജ്ഞാനിക നവോത്ഥാനത്തിന്റെ നായകനായും മുന്നണിപ്പോരാളിയായും നിലകൊണ്ട അദ്ദേഹം തന്റെ പാണ്ഡിത്യം കൊണ്ടും ധിഷണാപാഠവം കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. തീവ്രവാദത്തെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്ത ഡോ. ഖറദാവി ഇസ്‌ലാം തീവ്രതക്കും ജീര്‍ണതക്കും മധ്യേ എന്ന ഉദാത്തമായ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചത്.

ആധുനിക മുസ്ലിം ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ മഹാപണ്ഡിതനായിരുന്നു ഡോ. യൂസുഫുല്‍ ഖറദാവി. ഇസ്ലാമിന്റെ സാമൂഹ്യക്രമങ്ങളും സാമ്പത്തിക കാഴ്ചപ്പാടുകളുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍. മുസ്ലിംകളുടെ ആധുനിക പ്രശ്നങ്ങളില്‍ കൃത്യമായ നിലപാടുകളും വീക്ഷണങ്ങളും പുലര്‍ത്തിയ അദ്ദേഹത്തിന്റെ ഫത്വകള്‍ക്ക് മുസ്ലിം പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുണ്ട്.

അന്തര്‍ദേശീയ മുസ്ലിം പണ്ഡിത സഭയുടെ സ്ഥാപക അധ്യക്ഷനായിരുന്ന അദ്ദേഹം സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചും ഏകാധിപത്യ ഭരണാധികരികള്‍ക്കെതിരെ നിലകൊണ്ടും ഇസ് ലാമികമായ നയസമീപനങ്ങള്‍ക്ക് പ്രായോഗിക പരിപ്രേക്ഷ്യം ലോകത്തിന് പരിചയപ്പെടുത്തി. അസുഖ ബാധിതനായി കിടപ്പിലാകുന്നതുവരേയും എഴുത്തും വായനയും ചിന്തകളും ചര്‍ച്ചകളുമായി പ്രബുദ്ധ സമൂഹത്തിന്റെ ജ്വലിക്കുന്ന ജിഹ്വയായി മാറിയ ഖറദാവി ഇസ് ലാമിക വിദ്യാഭ്യാസ രംഗത്തും പ്രബോധന പ്രവര്‍ത്തനങ്ങളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.

സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. വര്‍ത്തമാന ഇസ്ലാമിക ലോകത്തെ മധ്യമനിലപാടിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം പക്ഷേ ഭരണാധികാരികള്‍ക്ക് സ്തുതിഗീതമോതാന്‍ ഒരിക്കലും തയ്യാറായില്ല. അറബ് മുസ്ലിം നാടുകളിലെ രാഷ്ട്രീയ,ഭരണ പരിഷ്‌കരണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുകയും ഇസ്ലാമിക ജനാധിപത്യം എന്ന ബദല്‍ വ്യവസ്ഥ മുന്നോട്ടുവെക്കുകയും ചെയ്തു. സമഗ്ര ഇസ്ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ച് മുസ്ലിം ഐക്യത്തിന്റെ ശക്തനായ വക്താവായ ഖറദാവി ജീവിതകാലം മുഴുവന്‍ ഇസ്ലാമിക ചിന്താധാരകള്‍ക്കിടയില്‍ സംവാദ പരിപാടികള്‍ക്ക് മുന്‍കൈയെടുത്തു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം സര്‍വമതനിന്ദക്കെതിരായ നിലപാടുകളിലൂടേയും ശ്രദ്ധേയനാണ്.

1926ല്‍ ഈജിപ്തിലെ ത്വന്‍തക്ക് സമീപം സ്വഫ്ത് തുറാബിലാണ് ജനനം. അതീവ ബുദ്ധിമാനായിരുന്ന ഖറദാവി പത്ത് വയസ്സിനു മുമ്പു തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. ത്വന്‍തയിലെ മതപാഠശാലയില്‍ പ്രാഥമിക, സെക്കന്ററി വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം ഉപരിപഠനത്തിനായി അല്‍ അസ്ഹറില്‍ ചേര്‍ന്നു.

കൗമാര പ്രായത്തില്‍ തന്നെ ഈജിപ്തിലെ ഇമാം ഹസനുല്‍ ബന്നാ ശഹീദിന്റെ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡില്‍ (അല്‍ഇഖ്വാനുല്‍ മുസ്ലിമൂന്‍) ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഈജിപ്ത് ഭരണകൂടം തടവിലിട്ടിട്ടുണ്ട്. 1949, ’54, ’56 കാലങ്ങളില്‍ ജയില്‍വാസമനുഷ്ഠിച്ചു.

1953ല്‍ ഒന്നാം സ്ഥാനത്തോടെ ആലിയ ബിരുദം നേടിയ ഖറദാവി 54ല്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കി. 1958ല്‍ ഭാഷയിലും സാഹിത്യത്തിലും ഡിഗ്രിയും 1960ല്‍ ഉലൂമുല്‍ ഖുര്‍ആനിലും സുന്നത്തിലും മാസ്റ്റര്‍ ഡിഗ്രിയും ലഭിച്ചു. പഠനഗവേഷണ മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ മുഖമുദ്രയാക്കിയ യൂസുഫുല്‍ ഖറദാവി ‘സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സക്കാത്തിന്റെ സ്വാധീനം’ എന്ന വിഷയത്തില്‍ 1973ല്‍ ഡോക്ടറേറ്റ് നേടി.

ഏറെക്കാലം ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കിയ ശേഷം ഖത്തര്‍ സെക്കന്ററി റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി. 1973ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍ കുകയും അതിന്റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1977ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ശരീഅ: ആന്റ് ഇസ്ലാമിക് സ്റ്റ്ഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിന്റെ ഡീന്‍ ആയി തുടരുകയും ചെയ്തു. കേരളത്തില്‍ ഇസ് ലാമിക പ്രബോധന രംഗത്ത് ശ്രദ്ധേയരായ പലരും ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.

യൂണിവേഴ്‌സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്റെ തലവനായും ഖറദാവി നിറഞ്ഞുനിന്നു 1990-91ല്‍ അല്‍ജീരിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നേതൃസ്ഥനങ്ങള്‍ വഹിച്ചു. 1961ല്‍ ദോഹയിലെത്തിയതുമുതല്‍ ദോഹ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ ഖുതുബ(പ്രഭാഷണം)നിര്‍വഹിക്കുന്നു. ഖത്തര്‍ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് നിരവധി ശ്രോതാക്കളുണ്ട്. സമകാലിക ഇസ്ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലയ്ക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അല്‍ജസീറ ചാനലില്‍ അവതരിപ്പിക്കുന്ന ശരീഅത്തും ജീവിതവും പരിപാടി അറബ് ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടെലിവിഷന്‍ പരിപാടികളിലൊന്നായിരുന്നു

ഈജിപ്റ്റിലെ ഹുസ്‌നി മുബാറക്ക് ഭരണകൂടം യൂസുഫുല്‍ ഖറദാവിക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയും മുഹമ്മദ് മുര്‍സി അധികാരത്തിലെത്തുകയും ചെയ്തപ്പോള്‍ പുതിയ സ്വാതന്ത്ര്യ പ്രഖ്യാപനം തഹ്രീര്‍ സ്‌ക്വയറില്‍ 2011 ഫെബ്രുവരി 18 ന് വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിലൂടെ അദ്ദേഹം തന്നെ നടത്തിയത് വിപ്ലവപ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു.

അല്‍-അമീര്‍ അബ്ദുല്‍ ഖാദിര്‍ യൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി അടക്കം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതികളില്‍ അംഗമായിരുന്നു. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഈ ഗ്രന്ഥങ്ങള്‍ മലയാളമടക്കം നിരവധി ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങളും പുസ്തക രൂപത്തില്‍ ലഭ്യമാണ്. ഫിഖ്ഹുസ്സകാത്ത്(സകാത്തിന്റെ കര്‍മശാസ്ത്രം)എന്ന ഗ്രന്ഥം സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. നാല് പതിറ്റാണ്ടിലേറെയായി ദോഹയിലെ വലിയ പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ഉമറുബ്നുല്‍ ഖത്ത്വാബ് പള്ളിയില്‍ ഖുത്വുബ നിര്‍വഹിക്കുകയും ചെയ്തു.

നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ്, കുവൈത്തിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലും കൗണ്‍സിലുകളിലും അംഗമാണ്. ഇസ്ലാമിക പ്രചാരണത്തിനായി വെബ്സൈറ്റു വഴി നടത്തുന്ന ഇസ്ലാം ഓണ്‍ലൈന്‍ പരിപാടിക്ക് മികച്ച സ്വാധീനം ലോകത്ത് ചെലുത്താനായിട്ടുണ്ട്.

കേരളത്തിലെ ഇസ് ലാമിക ചലനങ്ങളുമായി ഏറെ ബന്ധം പുലര്‍ത്തിയ അദ്ദേഹത്തിന് നിരവധി ശിഷ്യ ഗണങ്ങള്‍ മലയാളികളായുണ്ട്. ശാന്തപുരത്ത് ഇസ്‌ലാമിക വൈജ്ഞാനിക നവോത്ഥാനത്തിന്റെ കേന്ദമായ അല്‍ ജാമിഅ അല്‍ ഇസ് ലാമിയ ഉദ്ഘാടനം ചെയ്തതത് ശൈഖ് ഖരദാവിയായിരുന്നു .

കിംഗ് ഫൈസല്‍ അവാര്‍ഡ്, സുല്‍ത്താന്‍ ഹസന്‍ അല്‍ ബോക്കിയ അവാര്‍ഡ്, ഇസ്ലാമിക് ഡവലപ്മെന്റ് അവാര്‍ഡ് മലേഷ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിററിയുടെ പ്രത്യേക അവാര്‍ഡ്, മികച്ച ഇസ്ലാമിക വ്യക്തിത്വത്തിനുള്ള പുരസ്‌കാരം (ദുബൈ) തുടങ്ങി നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്.
96 വര്‍ഷത്തിന്റെ സക്രിയ ജീവിതത്തിന് ഇന്നുച്ചയോടെ വിരാമമായപ്പോള്‍ കാലത്തിന് മുന്നേ സഞ്ചരിച്ച ബഹുമുഖ പ്രതിഭയെ മാത്രമല്ല ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും ശ്രദ്ധേയനായ ഗുരുവര്യനെയാണ് ലോകത്തിന് നഷ്ടമായത്.

Related Articles

Back to top button
error: Content is protected !!