ഖത്തറില്‍ 15 ലക്ഷത്തിലധികം പേര് പൂര്‍ണമായും വാക്സിനെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 15 ലക്ഷത്തിലധികം പേര് പൂര്‍ണമായും വാക്സിനെടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഇന്നലത്തെ കണക്കനുസരിച്ച് രാജ്യത്ത് 1538870 പേര് പൂര്‍ണമായും വാക്സിനെടുത്തിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനുമെടുത്ത ശേഷം 14 ദിവസം പിന്നിട്ടവരെയാണ് പൂര്‍ണമായും വാക്സിനെടുത്തവരായി കണക്കാക്കുന്നത്.
16 വയസിന് മീതെയുള്ള ജനസംഖ്യയുടെ 65.5 ശതമാനം പൂര്‍ണമായും വാക്സിനെടുത്തവരാണ് . 2020 ഡിസംബര്‍ 23 ന് വാക്സിനേഷന് പ്രോഗാം ആരംഭിച്ചതു മുതല്‍ 3383787 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ഇതോടെ രാജ്യത്ത് 1844917 പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട് .
രാജ്യത്ത് വാക്സിനേഷന് പദ്ധതി ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. 80 ശതമാനം പേരെങ്കിലും വാക്സിനേഷന് പൂര്‍ത്തിയാക്കുന്നതോടെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.