സംഗീത രംഗത്തെ താരജോഡിയായി ഹംദാന്‍ സിംയ ദമ്പതികള്‍
അമാനുല്ല വടക്കാങ്ങര
സംഗീത രംഗത്തെ താരജോഡിയായി ഹംദാന്‍ സിംയ ദമ്പതികള്‍. മാപ്പിളപ്പാട്ടില്‍ സവിശേഷമായ ആലാപന ശൈലിയും ആവിഷ്‌കാരവും സ്വന്തമാക്കിയാണ് സംഗീതാസ്വാദകരുടെ മനം കവര്‍ന്ന് ഈ താരജോഡിയുടെ മുന്നേറ്റം. സംഗീത രംഗത്ത് യാതൊരു പാരമ്പര്യവുമില്ലാത്ത ഹംദാനും ധന്യമായ സംഗീത ചുറ്റുപാടില്‍ നിന്നും വരുന്ന സിംയയും പ്രതിഭയുടെ ആകര്‍ഷണത്തിലാണ് പരസ്പരം അടുത്തത്. സര്‍ഗ വൈഭവവും സംഗീതവും ഒരുമിപ്പിച്ച ഈ കൂട്ടുകാര്‍ ജീവിത പങ്കാളികളായപ്പോഴും സംഗീതരംഗത്ത് കൂടുതല്‍ സജീവമാവുകയാണുണ്ടായത്.
മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായ പട്ടുറുമാലില്‍വെച്ചാണ് ഈ ഇണക്കിളികള്‍ ഹൃദയം കൈമാറിയത്. അവിടുന്നങ്ങോട്ട് സംഗീതവും അനുരാഗവും കോര്‍ത്തിണക്കിയ യാത്രയായിരുന്നു. ഒരു പക്ഷേ മാപ്പിളപ്പാട്ട് രംഗത്തെ ശ്രദ്ധേയമായ ആദ്യ കപ്പിള്‍ ആല്‍ബമെന്ന് വിശേഷിപ്പിക്കാവുന്ന അനുരാഗവും , മക്കത്തുപൂത്തര എന്നു തുടങ്ങുന്ന ഗാനവും കുഞ്ഞീബിയുമൊക്കെ ഈ താര ദമ്പതികളുടെ സംഗീത യാത്രയിലെ അവിസ്മരണീയമായ ഏടുകളാകാം.
സിംയ ഹംദാന്‍ മ്യൂസിക് കമ്പനി സ്ഥാപിച്ച് തങ്ങളുടെ സംഗീത സപര്യയുടെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി പരിശ്രമിക്കുന്ന ഈ താരജോഡിയുടെ ഓരോ പാട്ടുകളും വ്യത്യസ്ത തലങ്ങളുള്ളവയാണ് . പഴയ പാട്ടുകളും സങ്കരയിനം പാട്ടുകളുമൊക്കെ ഒരു പോലെ വഴങ്ങുന്ന സിംയയും ഹംദാനും പഴയ തലമുറയുടെ പാട്ടുകള്‍ക്ക് പുതിയ ജനറേഷന്റെ ആവിഷ്‌ക്കാരം നല്‍കിയാണ് സംഗീത ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകന്നത്. 2018 ല്‍ സ്വന്തമായ യു ട്യൂബ് ചാനല്‍ തുടങ്ങിയ ഈ താര ദമ്പതികള്‍ സ്വന്തമായൊരു ആര്‍ട് സകൂള്‍ എന്ന സ്വപ്‌ന പദ്ധതിയുമായാണ് മുന്നോട്ടുപോകുന്നത്. മ്യൂസികും ഡാന്‍സും യോഗയുമാക്കെ വ്യവസ്ഥാപിതമായി പഠിപ്പിക്കാനുള്ള മികച്ചൊരു കേന്ദ്രമാണ് ലക്ഷ്യം. കോഴിക്കോടും എറണാകുളവുമാണ് ആര്‍ട് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുക.
തൃശൂര്‍ ജില്ലയിലെ തിരുനല്ലൂര്‍ സ്വദേശി ഹംസക്കുട്ടിയുടേയും നദീറയുടേയും ചെറിയ മകനായാണ് ഹംദാന്‍ ജനിച്ചത്. 35 വര്‍ഷത്തോളം അബൂദാബിയില്‍ പ്രവാസിയായിരുന്നു പിതാവ്. മുല്ലശ്ശേരി സെന്റ് ജോസഫ് എല്‍. പി. സ്‌കൂളില്‍ രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യമായി പൊതുവേദിയില്‍ പാടുന്നത്. സ്‌കൂളിലെ അറബി ടീച്ചറായിരുന്ന സിസിലി ടീച്ചറും ഉമ്മയും ചേര്‍ന്ന് പഠിപ്പിച്ച പാട്ട് സ്‌കൂള്‍ വാര്‍ഷികത്തിന് പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ഉപജില്ല കലോല്‍സവത്തില്‍ പങ്കെടുത്ത് സമ്മാനം നേടി. പത്താം ക്‌ളാസ് വരെ ഉപ ജില്ല, ജില്ല തല മല്‍സരങ്ങളില്‍ മാപ്പിളപ്പാട്ട്, അറബി പദ്യം ചൊല്ലല്‍ എന്നിവയില്‍ പങ്കെടുത്തും സമ്മാനം നേടിയും മുന്നേറിയെങ്കിലും ശരിയായ രീതിയില്‍ പാട്ട് പഠിക്കാന്‍ അവസരം ലഭിച്ചത് വെങ്ങനാട് സ്‌കൂളിലെ സഫിയ ടീച്ചറുടെ താല്‍പര്യത്തില്‍ ഹസനുല്‍ ബന്ന പെരുമ്പടപ്പില്‍ നിന്നും സങ്കരയിനം പാട്ടുകള്‍ പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് . പരീദ് ഗുരുക്കളുടെ മകന്‍ ലത്തീഫ് മദ്രസയിലും പാട്ടുപഠിപ്പിക്കാന്‍ തുടങ്ങിയതോടെ മദ്രസ മല്‍സരങ്ങളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ഒരു പാട്ടുകാരനാകണമെന്ന കലശലായ ആഗ്രഹം ജനിക്കുകയും ചെയ്തു. സംസ്ഥാന സ്‌കൂള്‍ യൂവജനോല്‍സവത്തിലും സമ്മാനം ലഭിച്ചതോടെ ഹംദാന്റെ സംഗീതാവേശം വര്‍ദ്ധിച്ചു.
എട്ടാം ക്‌ളാസ് മുതല്‍ പ്‌ളസ് ടു വരെ എം.എ. എസ്. എം. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സഫിയ ടീച്ചറുടെ പ്രോല്‍സാഹനവും പിന്തുണയും ഹംദാനെ ഒരു പാട്ടുകാരനാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു.
പത്താം ക്‌ളാസില്‍ പഠിക്കുമ്പോള്‍ മാമന്‍ കമറുദ്ധീന്‍ പുറത്തിറക്കിയ എന്റേതാണ് ഹാജറ എന്ന ആല്‍ബത്തിന് വേണ്ടി സ്വന്തമായി പാട്ടെഴുതി മ്യൂസിക് ചെയ്താണ് ഹംദാന്‍ സംഗീത രംഗത്ത് ഹരിശ്രീ കുറിച്ചത്. പ്‌ളസ് ടു വിന് പഠിക്കുമ്പോള്‍ അഴകേ കിനാവേ എന്ന ആല്‍ബത്തിന് വേണ്ടി സ്വന്തം രചനയും സംഗീതവും നല്‍കി പാടിയ എന്ത് ചന്തമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാന്‍ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊല്ലം ഷാഫി, സലീം കോടത്തൂര്‍ തുടങ്ങിയ പ്രമുഖ മാപ്പിളപ്പാട്ട് ഗായകരും പാടിയ ആല്‍ബമായിരുന്നു അത്. തേന്‍, ലൗ ലെറ്റര്‍, അത്തര്‍ തുടങ്ങിയ ആല്‍ബങ്ങളിലും പാടിയതോടെ ഹംദാന്‍ അറിയപ്പെടാന്‍ തുടങ്ങി. ലൗ ലെറ്ററില്‍ ജ്യോല്‍സ്‌നയോടൊപ്പവും അത്തറില്‍ എം.ജി. ശ്രീകുമാര്‍, കണ്ണൂര്‍ ഷരീഫ്, രെഹ് ന , വിധു പ്രതാപ് തുടങ്ങിയ പ്രമുഖരോടൊപ്പവുമൊക്കെ പാടിയാണ് ഈ യുവ പ്രതിഭ സംഗീത രംഗത്തെ തന്റെ സഞ്ചാരം സാര്‍ഥകമാക്കിയത്. സ്വന്തമായി എഴുതി മ്യൂസിക് ചെയ്ത അഞ്ച് പാട്ടുകളടക്കം നൂറോളം പാട്ടുകളാണ് ഹംദാന്റേതായി പുറത്തിറങ്ങിയത്.
ദഫ് മുട്ട്, അറബന മുട്ട് എന്നീ മാപ്പിള കലകളിലും തല്‍പനായിരുന്ന ഹംദാന് വിദ്യാര്‍ഥിയായിരിക്കെ തന്നെ നാട്ടിലും ഗള്‍ഫിലുമൊക്കെ സംഗീത പരിപാടികളുടെ ഭാഗമാകുവാന്‍ അവസരം ലഭിച്ചു.
ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് മാപ്പിളപ്പാട്ട് രംഗത്ത് അലയൊലികള്‍ സൃഷ്ടിച്ച പട്ടുറുമാല്‍ എന്ന റിയാലിറ്റിഷോ ആരംഭിച്ചത്. നാട്ടുകാരനും സംഗീതജ്ഞനുമായ കെ.ജി. സത്താര്‍ പട്ടുറുമാലിന്റെ പ്രൊഡ്യൂസറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവസരം ലഭിച്ചത്. ഒഡീഷ്യനില്‍ തെരഞ്ഞെടുക്കപ്പെട്ട ഹംദാന്‍ അവസാന 15 ല്‍ സ്ഥാനം നേടി. പട്ടുറുമാല്‍ വേദിയില്‍ ആലപിച്ച അത്തര്‍ മണക്കുന്ന പട്ടുറുമാലില്‍ എന്നു തുടങ്ങുന്ന ഗാനമാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
തലശ്ശേരിയിലെ പുരാതനമായ ഒ.വി. തറവാട്ടിലെ ഒ. വി. ശൈലയുടേയും ടി.സി.എ. മൊയ്തുവിന്റേയും മകളാണ് സിംയ. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിംയ ഹംദാന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ഹംദാന്റെ സംഗീത ലോകത്ത് വലിയ മാറ്റമാണുണ്ടായത്. ഫൈസല്‍ പൊന്നാനി എഴുതി സിംയ സംഗീതം ചെയ്ത് സിംയയും ഹംദാനും ചേര്‍ന്ന് പാടിയ കിനാകായലില്‍ എന്ന ആല്‍ബം താമസിയാതെ പുറത്തിറങ്ങും. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ ആസ്വാദക വേദികളില്‍ തരംഗം സൃഷ്ടിക്കുകയാണ് .
മാപ്പിളപ്പാട്ടിന്റെ കളിത്തോഴന്‍ എന്നറിയപ്പെടുന്ന മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ തന്റെ ഇരുപതാമത്തെ വയസ്സില്‍ രചിച്ചതെന്ന് കരുതുന്ന ആദ്യ കാല്‍പനിക ഇതിഹാസകാവ്യമായ ബദറുല്‍ മുനീര്‍ ഹുസ്നു ജമാല്‍ പുതുമകളോടെ പ്രശസ്ത സംഗീത സംവിധായകന്‍ മുഹ് സിന്‍ കുരിക്കള്‍ ചിട്ടപ്പെടുത്തിയതാണ് സിംയയും ഹംദാനും ചേര്‍ന്ന് പാടിയത്.മലയാളം കലര്‍ന്ന തമിഴ് , മലയാളം കലര്‍ന്ന സംസ്‌കൃതം , അറബി എന്നീ ഭാഷകളെ കോര്‍ത്തിണക്കിയാണു മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ സങ്കരയിനം മാപ്പിളപ്പാട്ടുകള്‍ക്ക് രൂപം നല്‍കിയിരുന്നത്.
അജ്മീറിലെ രാജാവായ മഹ്സിന്റെ മകള്‍ ഹുസ്നുല്‍ ജമാലും അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ പുത്രന്‍ ബദറുല്‍ മുനീറും പ്രണയം കല്‍പനാസൃഷ്ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യര്‍ ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ രചിച്ചത്. പരിശുദ്ധമായ കല്പനാശക്തിയോടെയാണു കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും തയ്യാറാക്കിയിരുന്നത്. നായകന്റെ പക്ഷിയിലേക്കും തിരിച്ചുമുള്ള രൂപമാറ്റവും ജിന്നിന്റെ പരസ്പരപ്രവര്‍ത്തനങ്ങളുമൊക്കെ കവിതയില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു . പരമ്പരാഗത മാപ്പിളപ്പാട്ട് ലോകത്തേക്കുള്ള ഒരു യാത്രയാണ് ഈ പാട്ട്.
പഴയ തലമുറയേയും പുതിയ തലമുറയേയും പരിഗണിച്ച് ചിട്ടപ്പെടുത്തിയ ഈ ഗാനം എല്ലാതരം ആസ്വാദകര്‍ക്കും സവിശേഷമായ അനുഭൂതി സമ്മാനിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഹംദാന്‍ പറഞ്ഞു. സംഗീത ലോകത്ത് നിരവധി ഓഡിയോ ചാനലുകളുടെ വെരിഫൈഡ് ആര്‍ട്ടിസ്റ്റായ ഹംദാന് വിശാലമായ ആസ്വാദക ലോകമാണുള്ളത്.
സിംയ ഹംദാന്‍ മ്യൂസിക് കമ്പനിയുടെ ബാനറില്‍ പ്രശസ്ത കലാകാരനായ നാസര്‍ പറശ്ശിനി അണിയിച്ചൊരുക്കിയ ദുനിയാവിന്റെ മറിമായം കൊറോണയും പ്രളയവുമൊക്കെ പ്രമേയമാക്കി ഒ. എം. കരുവാരക്കുണ്ട് രചിച്ച് ഗായക ദമ്പതികളായ ഹംദാന്‍ ഹംസയും സിംയ ഹംദാനും പാടിയപ്പോള്‍ സംഗീതാസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഗായികയും സംഗീത അധ്യാപികയുമായ സിംയ ഹംദാന് കഴിഞ്ഞ വര്‍ഷത്തെ ഫോക് ലോര്‍ അക്കാദമിയുടെ മാപ്പിള കലക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഒരു ഗായിക എന്നതോടൊപ്പം തന്നെ സ്‌റ്റേറ്റ് യൂത്ത് ഫെസ്റ്റിവല്‍, യൂണിവേര്‍സിറ്റി കലോല്‍സവങ്ങള്‍ തുടങ്ങി വിവിധ മല്‍സരങ്ങള്‍ക്കായി കുട്ടികളെ തയ്യാറാക്കുന്ന അധ്യാപിക എന്ന നിലക്കും സജീവമായ സിംയയുടെ നാല്‍പതോളം പാട്ടുകള്‍ വിവിധ ആല്‍ബങ്ങള്‍ക്കും അല്ലാതെയും ഇതിനകം റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
സിംയ ഹംദാന്‍ ദമ്പതികളുടെ ഏക മകന്‍ ദിയാന്‍ ഹാഷ്മിയുടെ പാട്ടിലും ഡാന്‍സിലും പിച്ചവെച്ച് തുടങ്ങുന്നത് ഏറെ പ്രതീക്ഷകളോടെയാണ് .