
ഖത്തറില്‍ എക്‌സ്പയറി ഡേറ്റ് തിരുത്തിയ 250 ടണ്‍ ശീതീകരിച്ച മാംസം പിടിച്ചെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ എക്‌സ്പയറി ഡേറ്റ് തിരുത്തിയ 250 ടണ്‍ ശീതീകരിച്ച മാംസം പിടിച്ചെടുത്തു. മുനിസിപ്പാലിറ്റി മന്ത്രാലയം വാണിജ്യ വ്യവസായ മന്ത്രാലയവുമായി ഏകോപിച്ച് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മാസം പിടികൂടിയത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു മാംസ ഉല്‍പാദന ഫാക്ടറി ഒരു ഇറച്ചി വ്യാപാര സ്ഥാപനത്തിലെ ശീതീകരിച്ച മാംസത്തിന്റെ സാധുത നീട്ടിയതായി മന്ത്രാലയ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഫാക്ടറി ഇറച്ചി പാക്കേജിംഗും യഥാര്‍ത്ഥ കാലഹരണപ്പെടല്‍ തീയതികളും നീക്കംചെയ്തതായി കണ്ടെത്തി. ഇറച്ചിയുടെ സാധുത ഒരു വര്‍ഷം മുഴുവന്‍ നീട്ടിക്കൊണ്ട് വീണ്ടും പായ്ക്ക് ചെയ്യുകയും അതിന്റെ ലോജിസ്റ്റിക് വെയര്‍ഹൗസുകളില്‍ സംഭരിക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്.
ഉടന്‍ തന്നെ നിയമലംഘനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും മാംസം പിടിച്ചെടുക്കുകയും അത് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പിന്തുടരുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും നിയമലംഘനത്തിന് ഉത്തരവാദികളായവരെ അന്വേഷണ അധികാരികള്‍ക്ക് കൈമാറുന്നതിനും ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായും മുനിസിപ്പല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസിലെ സെന്‍ട്രല്‍ ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ തലവന്‍ ഡോ.നാവല്‍ മുഹമ്മദ് അബ്ദുള്ളയെ ഉദ്ധരിച്ച് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു
വഞ്ചനയിലൂടെയോ കേടായ ഭക്ഷണം വില്‍ക്കുന്നതിലൂടെയോ മറ്റേതെങ്കിലും ലംഘനങ്ങളിലൂടെയോ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി .