റിയാദ മെഡിക്കല്‍ സെന്റര്‍ ലോഗോ പ്രകാശനം ചെയ്തു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –
ദോഹ : റിയാദ ഹെല്‍ത്ത് കെയറിന്റെ ആദ്യ സംരംഭമായ റിയാദ മെഡിക്കല്‍ സെന്ററിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം തിങ്കളാഴ്ച്ച നടന്നു. റിയാദ ഹെല്‍ത്ത്കെയര്‍ ചെയര്‍മാന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഥാനിയാണ് വിശിഷ്ടാതിഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ലോഗോ അനാച്ഛാദനം നിര്‍വഹിച്ചത്. സ്വകാര്യ ആരോഗ്യമേഖല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 മുന്നില്‍ കണ്ടുകൊണ്ടാണ് റിയാദ ഹെല്‍ത്ത്കെയര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ലോകോത്തര സംവിധാനങ്ങളും, ആരോഗ്യ രംഗത്തെ വിദഗ്ധരുമടങ്ങുന്ന സെന്റര്‍ ഖത്തറിലെ ആരോഗ്യമേഖലയ്ക്ക് മികച്ച മുതല്‍ക്കൂട്ടായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, ബ്രാന്റിനെ മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും പരിചയപ്പെടുത്തി. മികച്ച ആതുരസേവനവും, ആധുനിക സാങ്കേതിക വിദ്യയും ഒരുമിച്ച് ചേരുന്ന ഈ സ്ഥാപനം ഏറ്റവും മികച്ച സേവനം പരമാവധി ചുരുങ്ങിയ ചിലവില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഎംഒയുമായ ഡോ. അബ്ദുള്‍ കലാം ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു. റിയാദ ഹെല്‍ത്ത് കെയര്‍ ഏറ്റവും ശ്രദ്ധ പതിപ്പിക്കുന്ന മേഖല ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ആരോഗ്യസംരക്ഷണം തന്നെയായിരിക്കുമെന്നും അദ്ധേഹം പ്രസ്താവിച്ചു.
പതിനെട്ടിലധികം ഡിപ്പാര്‍ട്‌മെന്റുകളുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ ദോഹയിലെ സി റിംഗ് റോഡിലാണ് ആരംഭിക്കുന്നത്. ‘ഇന്‍സ്പൈറിങ് ബെറ്റര്‍ ഹെല്‍ത്ത്’ എന്ന ആപ്തവാക്യത്തിലൂന്നി പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന സെന്റര്‍ ആഗോള നിലവാരത്തിലുള്ള ആരോഗ്യ പരിചരണം വാഗ്ദാനം ചെയ്യുന്നു. പൂര്‍ണ്ണമായി സജ്ജീകരിച്ച ഡയഗ്നോസ്റ്റിക് സെന്ററുകള്‍, ഫാര്‍മസി, ഒപ്റ്റിക്കല്‍ ഷോപ്പ് എന്നിവയ്ക്കൊപ്പം 30 ക്ലിനിക്കുകളും ഇവിടെ ലഭ്യമാക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് അനായാസമായി എത്തിച്ചേരാവുന്നിടത്തുള്ള ഹെല്‍ത്ത് സെന്റര്‍ വിശാലമായ കാര്‍ പാര്‍ക്കിങ് ഏരിയയും ഒരുക്കുന്നു. ദോഹയുടെ ഹൃദയഭാഗമായ സി-റിങ് റോഡില്‍ ഈ സൗകര്യം ഉടന്‍ ആരംഭിക്കുമെന്നും അതിനായുള്ള ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.