Breaking NewsUncategorized

മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേറ്റഡ് സ്‌പൈനല്‍ സര്‍ജറി നടത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍


അമാനുല്ല വടക്കാങ്ങര

ദോഹ. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേറ്റഡ് സ്‌പൈനല്‍ സര്‍ജറി നടത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ .ഹമദ് ജനറല്‍ ഹോസ്പിറ്റലിന്റെ ന്യൂറോ സര്‍ജിക്കല്‍ ടീം ആണ് ‘ഓഗ്മെന്റഡ് റിയാലിറ്റി വിത്ത് ഇലക്ട്രോണിക് നാവിഗേഷന്‍’ എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അറുപതുകളിലുള്ള ഒരു രോഗിയുടെ സ്പൈനല്‍ ട്യൂമര്‍ നീക്കം ചെയ്തത്. നെക്സ്റ്റ്എആര്‍ സ്പൈനല്‍ ഉപകരണത്തിന്റെ പിന്തുണയുള്ള ഈ ആധുനിക സാങ്കേതികവിദ്യ ഖത്തറിലും മിഡില്‍ ഈസ്റ്റിലും ആദ്യമായാണ് ഉപയോഗിക്കുന്നത്.

എച്ച്എംസിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ സിറാജുദ്ദീന്‍ ബെല്‍ഖൈറിന്റെ നേതൃത്വത്തിലുള്ള സര്‍ജിക്കല്‍ ടീമാണ് ഈ ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ സുഷുമ്നാ നിരയ്ക്കുള്ളില്‍ ഉയര്‍ന്ന കൃത്യതയോടെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ ഈ നൂതന സാങ്കേതികവിദ്യ സഹായിക്കുന്നതിനാല്‍ ഇത് ചുറ്റുമുള്ള വാസ്‌കുലര്‍, ന്യൂറല്‍ ടിഷ്യൂകള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുകയും ശസ്ത്രക്രിയാ പ്രക്രിയയുടെ പാര്‍ശ്വഫലങ്ങള്‍ പരിമിതമാക്കുകയും ചെയ്യും.

ശസ്ത്രക്രിയയ്ക്കിടെ സര്‍ജന്‍ ധരിക്കുന്ന ഇലക്ട്രോണിക് ഗ്ലാസുകളിലൂടെ രോഗിയുടെ സുഷുമ്നാ കോളം സിടി സ്‌കാന്‍ ചിത്രങ്ങള്‍ രോഗിയുടെ നട്ടെല്ലുമായി സംയോജിപ്പിക്കുന്നതിനെയാണ് സാങ്കേതികവിദ്യ ആശ്രയിക്കുന്നത്.

ഈ ഗ്ലാസുകള്‍ ഓപ്പറേറ്റിംഗ് റൂമിനുള്ളിലെ ബ്ലൂടൂത്ത് വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നു, ഇത് നട്ടെല്ല് ഇംപ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വ്യക്തമായ കാഴ്ച നല്‍കുന്നു. തല്‍ഫലമായി, ശസ്ത്രക്രിയാ നടപടിക്രമം മുമ്പത്തേക്കാള്‍ വേഗത്തിലും കൂടുതല്‍ കൃത്യതയോടെയും നടത്താന്‍ കഴിയും.

60 വയസ്സുള്ള രോഗിക്ക് , സുഷുമ്‌നാ നാഡിയില്‍ സമ്മര്‍ദം ചെലുത്തുന്ന ട്യൂമര്‍ ബാധിച്ച് രണ്ട് കാലുകളും തളര്‍ന്ന് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ചികില്‍സ തേടിയത്. എന്നാല്‍ ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം, ട്യൂമര്‍ വിജയകരമായി നീക്കം ചെയ്യുകയും ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം രോഗി നടക്കാനുള്ള ശേഷി വീണ്ടെടുക്കുകയും ചെയ്തതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. നടക്കാനുള്ള കഴിവ് പൂര്‍ണ്ണമായി വീണ്ടെടുക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുമായി രോഗി ഇപ്പോള്‍ ശസ്ത്രക്രിയാനന്തര ഫിസിയോ തെറാപ്പിക്ക് വിധേയനാണ്.

Related Articles

Back to top button
error: Content is protected !!