Breaking News

ഖത്തറിലെ അനധികൃത താമസക്കാര്‍ 2021 ഡിസംബര്‍ 31 വരെയുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തണം . ആഭ്യന്തര മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ അനധികൃത താമസക്കാര്‍ 2021 ഡിസംബര്‍ 31 വരെ നല്‍കിയിട്ടുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു. നിയമനടപടികളൊ പിഴയോ കൂടാതെ രാജ്യം വിടാനുള്ള അവസരം പ്രവാസികള്‍ പ്രയോജനപ്പെടുത്തണം.

രാജ്യത്തേക്കുള്ള വിദേശികളുടെ പ്രവേശനം നിയന്ത്രിക്കുന്ന 2015ലെ 21-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികളുടെ പദവി ശരിയാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഒക്ടോബര്‍ 10 നാണ് ഗ്രേസ് പരിയഡ് അനുവദിച്ചത്. ഇത് ഡിസംബര്‍ 31 വരെ തുടരും. ഡിസംബര്‍ 31 ന് ശേഷം വിശദമായ പരിശോധനകള്‍ നടത്തുമെന്നും അനധികൃത താമസക്കാരെ പിടികൂടുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ കമാല്‍ താഹിര്‍ അല്‍തയ്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി യാതൊരു നിയമ നടപടികളുമില്ലാതെ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്ന അനധികൃത താമസക്കാര്‍ പാസ്പോര്‍ട്ടും ഓപ്പണ്‍ ഫ്ൈളറ്റ് ടിക്കറ്റും സഹിതം ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെ ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ മെയിന്‍ റിസപ്ഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. രേഖകള്‍ പരിശോധിച്ച് രാജ്യം വിടുന്നതിനുള്ള ട്രാവല്‍ പെര്‍മിറ്റുകള്‍ നല്‍കും.

ഇവര്‍ക്കെതിരെ നിയമനടപടികളൊന്നും സ്വീകരിക്കില്ലെന്നും മറ്റ് സാധാരണ യാത്രക്കാരെ പോലെ യാത്ര ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, മറ്റൊരു തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് മടങ്ങാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടാകും.

വിസ പുതുക്കാത്തവര്‍, സന്ദര്‍ശക വിസ, ബിസിനസ് വിസ മുതലായവയിലെത്തി രാജ്യം വിടാത്തവര്‍ തുടങ്ങി നിയമ വിരുദ്ധമായി താമസിക്കുന്ന എല്ലാവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. സ്‌പോണ്‍സറില്‍ നിന്ന് ഓടിപ്പോയ പരാതി രജിസ്റ്റര്‍ ചെയ്ത് 30 ദിവസമാവാത്തവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

എന്നാല്‍ ഫാമിലി റസിഡന്‍സ് വിസയിലോ സന്ദര്‍ശക വിസയിലോ ഖത്തറിലെത്തി അനുവദിച്ച കാലാവധി കഴിഞ്ഞും താമസിക്കുന്നവരും സ്‌പോണ്‍സറില്‍ നിന്ന് ഓടിപ്പോയ പരാതി രജിസ്റ്റര്‍ ചെയ്ത് 30 ദിവസം പിന്നിട്ടവര്‍ക്കും നടപടികളില്ലാതെ രാജ്യം വിടാം. എന്നാല്‍ ഖത്തറിലേക്ക് തിരിച്ച് വരണമെങ്കില്‍ നിയമപരമായ പിഴയൊടുക്കേണ്ടി വരും.

വിസ കാന്‍സല്‍ ചെയ്ത് 90 ദിവസത്തിലധികം രാജ്യത്ത് തങ്ങുന്നവര്‍ക്കും നിയമപരമായ പിഴ യൊടുക്കിയാണ് രാജ്യം വിടുന്നതെങ്കില്‍ ഖത്തറിലേക്ക് തിരിച്ചുവരാന്‍ പ്രയാസമുണ്ടാവില്ല.
എല്ലാ കേസുകളിലും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടുന്ന 18 വയസിന് താഴെയുള്ളവര്‍ക്ക് തിരിച്ചുവരുന്നതിന് യാതൊരു വിലക്കുമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം വിടുന്ന നിയമലംഘകര്‍ രാജ്യത്ത് പിന്തുടരുന്ന കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

2015 ലെ നിയമം (21) ലംഘിക്കുന്ന പ്രവാസികള്‍ക്കായി പ്രവാസികളുടെ സ്്റ്റാറ്റസ് തിരുത്തല്‍ കാലയളവില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങള്‍ വഴി ഏകീകൃത സേവന വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ ഏകീകൃത സേവന വകുപ്പിലെ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ റാഷിദ് വിശദീകരിച്ചു.

2015 ലെ നിയമം (21) ലംഘിക്കുന്ന പ്രവാസികള്‍ക്ക് തിരുത്തല്‍ കാലയളവില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉമ്മു സുലാല്‍ സര്‍വീസസ് സെന്റര്‍, ഉമ്മു സുനൈം സര്‍വീസസ് സെന്റര്‍ (മുമ്പ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സര്‍വീസസ് സെന്റര്‍), മുസൈമീര്‍ സര്‍വീസസ് സെന്റര്‍, അല്‍ വക്ര സര്‍വീസസ് സെന്റര്‍, അല്‍ റയ്യാന്‍ സര്‍വീസസ് സെന്റര്‍ എന്നീ അഞ്ച് കേന്ദ്രങ്ങളും പ്രയോജനപ്പെടുത്താം.

റസിഡന്‍സ് പെര്‍മിറ്റ് ഉടമകളില്‍, പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കല്‍, താമസം എന്നിവ നിയന്ത്രിക്കുന്ന 2015ലെ നിയമം (21) ലംഘിച്ചവരും റസിഡന്‍സ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ് 90 ദിവസം പിന്നിട്ടവരോ അല്ലെങ്കില്‍ തൊഴില്‍ ഉപേക്ഷിച്ച് പോയതായി തൊഴിലുടമ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരോ മറ്റൊരു തൊഴിലുടമയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരോയൊക്കെയാണ് പ്രധാനമായ ഗകാര്‍ഗറ്റ് ഗ്രൂപ്പുകള്‍.

രാജ്യത്ത് പ്രവേശിച്ച് 90 ദിവസം പിന്നിട്ടിട്ടും വിസയടിക്കാത്തവരും തൊഴില്‍ നിന്നും ഒളിച്ചോടിയതായ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ട വരുമാണ് തൊഴില്‍ വിസക്കാരില്‍ നിന്നുള്ള ടാര്‍ഗറ്റ് ഗ്രൂപ്പുകള്‍. ഇവര്‍ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറണമെങ്കില്‍ ലാബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി വേണം. പുതിയ തൊഴിലുടമക്ക് അതേ നാഷണലാറ്റിയില്‍ നിന്നുള്ള തൊഴിലാളികളെ നിശ്ചയിക്കാനുള്ള അനുമതി വേണം.

2021 ഓക്ടോബര്‍ 10 ന് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചതിന് ശേഷം നിയമലംഘകനില്‍ നിന്നോ ‘ജോലി ഉപേക്ഷിക്കുന്നു’ എന്ന പരാതി നല്‍കിയ വ്യക്തിയില്‍ നിന്നോ ഒരു അപേക്ഷയും സ്വീകരിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Back to top button
error: Content is protected !!