Archived Articles

മുപ്പത്തിയൊന്നാമത് ദോഹ പുസ്തകോല്‍സവം ജനുവരി 13 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മുപ്പത്തിയൊന്നാമത് ദോഹ പുസ്തകോല്‍സവം ജനുവരി 13 ന് ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ചര്‍ ആന്റ് ഹെറിറ്റേജ് ഈവന്റ്‌സാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.

വിജ്ഞാനം വെളിച്ചമാണ് എന്ന ശ്രദ്ധേയമായ പ്രമേയമാണ് പുസ്തകോല്‍സവം ഉയര്‍ത്തിപ്പിടിക്കുന്നത്. ദോഹ പുസ്തകോല്‍സവത്തിന്റെ അമ്പതാമത് വര്‍ഷമാണിത്. 1972 ലാണ് പ്രഥമ പുസ്തകോല്‍സവം നടന്നത്.

2021 ഖത്തര്‍ അമേരിക്കന്‍ സാംസ്‌കാരിക വര്‍ഷം പരിഗണിച്ച് അമേരിക്കയാകും ഈ വര്‍ഷത്തെ പുസ്തകോല്‍സവത്തിലെ ഗസ്റ്റ് ഓഫ് ഹോണര്‍. കുട്ടികള്‍ക്കുള്ള പ്രത്യേക പുസ്തകങ്ങളുമായയി ഇറ്റലി പുസ്തകോല്‍സവത്തില്‍ പങ്കെടുക്കും.

37 രാജ്യങ്ങളില്‍ നിന്നുള്ള 430 പ്രസാധകരും 90 ഏജന്‍സികളുമാണ് പുസ്തകോല്‍സവത്തില്‍ പങ്കെടുക്കുന്നത്.

നിത്യവും രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും പ്രവേശനം. വെള്ളിയാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 10 മണി വരെയായിരിക്കും പുസ്തകോല്‍സവം. ജനുവരി 22 ന് സമാപിക്കും.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കണിശമായ സുരക്ഷ മുന്‍കരുതലുകളോടെയാണ് പുസ്തകോല്‍സവം സംഘടിപ്പിക്കുന്നത്. വേദിയുടെ 30 ശതമാനം ശേഷിയിലാകും പ്രദര്‍ശനം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. 12 വയസിന് താഴെയുളള കുട്ടികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാണ് .

Related Articles

Back to top button
error: Content is protected !!