Breaking News

12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസറിന്റെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ നല്‍കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസറിന്റെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ നല്‍കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ‘ഈ പ്രായത്തിലുള്ളവരില്‍ ഫൈസര്‍-ബയോന്‍ടെക് വാക്‌സിന്‍ ഉപയോഗിക്കുന്ന ബൂസ്റ്റര്‍ ഡോസുകളുടെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കുന്ന സമീപകാല പഠനങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ കോവിഡ് വേരിയന്റുകളിലും ബൂസ്റ്റര്‍ ഡോസ് അവരുടെ പ്രതിരോധശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനുകള്‍ക്ക് 2021 മെയ് മാസത്തിലാണ് മന്ത്രാലയം അംഗീകാരം നല്‍കിയത്. ഖത്തറിലെ പത്ത് കുട്ടികളില്‍ ഒമ്പത് പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത ശേഷം 6 മാസം കഴിഞ്ഞ 12-നും 15-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. അടുത്തിടെ, 16, 17 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഖത്തറില്‍ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, കുട്ടികള്‍ യോഗ്യത നേടുമ്പോള്‍ അവരുടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിന് അവരെ സഹായിക്കണമെന്ന് മന്ത്രാലയം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള ബൂസ്റ്റര്‍ വാക്‌സിനുകള്‍ എല്ലാ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. യോഗ്യരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടിക്ക് ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യാന്‍് 4027 7077 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ഈ പ്രായക്കാര്‍ക്കുള്ള വാക്ക്-ഇന്‍ അപ്പോയിന്റ്‌മെന്റുകളും ആരോഗ്യ കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നു

Related Articles

Back to top button
error: Content is protected !!