Archived Articles

വിദേശത്തു നിന്ന് നാട്ടിലെത്തുന്നവര്‍ക്കുള്ള ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ നിബന്ധനക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. വിദേശത്തു നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന ജനുവരി 7 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിബന്ധനക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗല്‍ സെല്ലിനായി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ വിഷയമുന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര സര്‍ക്കാരിനും, കേരള മുഖ്യമന്ത്രിയ്ക്കും നിവേദനം നല്‍കിയിട്ടും പ്രവാസികള്‍ക്ക് അനുകൂലമായ നടപടി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡല്‍ഹി ഹൈകോടതിയില്‍
ഹര്‍ജി സമര്‍പ്പിച്ചത്.

പുതിയ നിബന്ധനയനുസരിച്ച് ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത്.ക്വാറന്റൈന്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ തിരികെയെത്തേണ്ട അവസ്ഥയാണ് ഉള്ളത്. കുടുംബത്തിലുള്ളവരുടെ മരണം, ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന എയര്‍സുവിധയിലെ സൗകര്യവും ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ ജോലി നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ച് പലരും നാട്ടിലേക്കുള്ള യാത്രകള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ( 14 & 21 ) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകളെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളെ പരിഗണിക്കുന്നതിനു പകരം, അവര്‍ക്കെതിരെയുള്ള വിവേചനപരമായ നിലപാട് തെറ്റായ നടപടിയാണ്.

വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു ഹൈകോടതിയുടെ ഇടപെടല്‍ വേഗത്തില്‍ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ കണ്‍ട്രി ഹെഡ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!