മുഹ്‌സിന്‍ തളിക്കുളം, മാപ്പിള കലകളുടെ ഉപാസകന്‍
അമാനുല്ല വടക്കാങ്ങര
ഖത്തറിലെ മാപ്പിള കലാ അക്കാദമി സ്ഥാപക ചെയര്‍മാനും സംഘാടകനുമായ മുഹ്‌സിന്‍ തളിക്കുളം, മാപ്പിള കലകളുടെ ഉപാസകനാണ് . ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളെ പാട്ടുകളാക്കിയും പാട്ടുകള്‍ക്ക് സംഗീതം നല്‍കിയും വേണ്ടി വന്നാല്‍ അവ ആലപിച്ചുമാക്കെ സഹൃദയ മനം കവരുന്ന ഈ കലാകാരന്റെ ഏറ്റവും വലിയ പ്രത്യേകത കഴിവുള്ള കലാകാരന്മാരെ കണ്ടെത്തുകയും അവര്‍ക്ക് വളരാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധിക്കുന്നുവെന്നതാണ് .
സന്ദേശ പ്രധാനമായ നിരവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ മുഹ ്‌സിന്‍ തളിക്കുളത്തിന്റെ മേല്‍നോട്ടത്തില്‍ കലാരംഗത്ത് ശോഭിച്ച നിരവധി പേരാണ് ഗള്‍ഫിലുള്ളത്. ഒഴിവ് വേളകളിലൊക്കെ പാട്ടും സംഗീതവും സംഘാടനവുമായി പ്രവാസ ജീവിതം ധന്യമാക്കുന്ന ഒരു സകല കലാ വല്ലഭനായ അദ്ദേഹത്തിന്റെ കലാസപര്യകള്‍ വൈവിധ്യമനോഹരമാണ്.
തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് മുഹമ്മദ്, സഫിയ ദമ്പതികളുടെ സീമന്ത പുത്രനായാണ് മുഹ് സിന്റെ ജനനം. പ്രവാസിയായിരുന്ന പിതാവ് നല്ലൊരു സഹൃദയനും കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്ന വ്യക്തിയുമായിരുന്നു.
ചെറുപ്പം മുതലേ മുഹ്‌സിന് മാപ്പിള കലകളോട് വല്ലാത്ത അഭിനിവേശമായിരുന്നു. അറവന മുട്ടും കോല്‍ കളിയും ദഫ്്ഫും, മാപ്പിളപ്പാട്ടുമൊക്കെ മുഹ് സിന്റെ കുട്ടിക്കാലത്തെ മറക്കതാനാവാത്ത ഓര്‍മകളാണ് .
സ്‌നേഹ തീരം നമ്പികടവ് തളിക്കുളം ബീച്ചില്‍ ബലിപെരുന്നാളിന്റെ രണ്ടാം ദിവസം സംഘടിപ്പിക്കുന്ന മാപ്പിള കലോല്‍സവത്തിന്റെ വേദിയിലും വേദിക്ക് പിറകിലുമൊക്കെ സജീവമായി പ്രവര്‍ത്തിച്ചത് മുഹ് സിന്‍ ഇന്നും ഓര്‍ക്കുന്നു. ആഘോഷത്തിലെ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താന്‍ അറവന മുട്ടി നടന്നും ഗ്രാമീണോല്‍സവത്തിന്റെ നിഷ്‌കളങ്ക ഭാവങ്ങള്‍ ആസ്വദിച്ചുമൊക്കെയാണ് ബാല്യം കടന്നുപോയത്.
രണ്ടാം ക്‌ളാസില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരു നബി ദിനത്തിന് മദ്രസ അധ്യാപകനും എഴുത്തുകാരനുമായ അലി അക്ബര്‍ തങ്ങളുടെ അംബവാ എന്നു തുടങ്ങുന്ന ഗാനമാലപിച്ചുകൊണ്ടാണ് സംഗീത വഴിയില്‍ മുഹ് സിന്‍ അരങ്ങേറ്റം കുറിച്ചത്. ഉസ് താദിന്റെ പാട്ടുകള്‍ ഇപ്പോഴും പാടാറുണ്ടെന്നും അദ്ദേഹവുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും മുഹ്‌സിന്‍ പറയുമ്പോള്‍ സംഗീത വഴിയിലെ അദ്ദേഹത്തിന്റെ യാത്ര നമ്മെ അത്ഭുതപ്പെടുത്തും.
നാട്ടിക, ഇടശ്ശേരി, ചെമ്മാപ്പള്ളി തുടങ്ങിയ ഗ്രാമങ്ങളിലൊക്കെ അറവന മുട്ടിയും പരിശീലിപ്പിച്ചും ഈ കലാരൂപവുമായി ഹൃദയ ബന്ധം സ്ഥാപിച്ചു. യാസീന്‍ അറവന സംഘത്തിലെ പ്രധാന അംഗമായിരുന്നു. നാട്ടില്‍ രാഷ്ട്രീയ പാരഡികളും തെരഞ്ഞെടുപ്പ് പാട്ടുകളുമൊക്കെ രചിക്കുകയും പാടുകയും ചെയ്ത മുഹ് സിന്‍ ഹര്‍ത്താലിനെതിരെ ചെയ്ത സംഗീത സമരവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
2000 ലാണ് ഖത്തറിലെത്തിയത്. ഖത്തറിലെ ചെറുതും വലുതുമായ സൗഹൃദ കൂട്ടായ്മകളിലും കലാവേദികളിലും മാപ്പിള കലകളവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തിയ മുഹ്‌സിന്‍ യു. എ. ഇ. യില്‍ ഏഷ്യന്‍ വിഷന്‍, കൈരളി, ദര്‍ശന തുടങ്ങിയ ചാനലുകളുടെ റിയാലിറ്റി ഷോകളിലും മാപ്പിളകലകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്.
ഒരു യു. എ. ഇ . പരിപാടിക്കിടെ പരിചയപ്പെട്ട റഫീഖ് തലശ്ശേരി എന്ന കലാകാരനാണ് ഖത്തര്‍ മാപ്പിള കലാ അക്കാദമി സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിച്ചത്. കേരളത്തില്‍ മാപ്പിള കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രേരണയാലാണ് ഖത്തര്‍ മാപ്പിള കലാ അക്കാദമി രൂപീകരിച്ചത്.
2016 മുതലാണ് മു ഹ്‌സിന്‍ മാപ്പിള കലകളുടെ മുന്‍നിര സംഘാടന രംഗത്തേക്ക് കടന്നുവന്നത്. ഓണവും പെരുന്നാളും ഒരുമിച്ചു വന്ന സമയത്ത് സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റെ സന്ദേശവുമായി മുഹ്‌സിന്റെ രചനയില്‍ പുറത്തിറങ്ങിയ മര്‍ഹബ മാവേലി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. സാമൂഹ്യ മാധ്യമങ്ങളും വാര്‍ത്താചാനലുകളുമൊക്കെ ആഘോഷമാക്കിയ മര്‍ഹബ മാവേലി ഇന്നും ജനഹൃദയങ്ങളില്‍ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്.
ഏറെ ജനകീയമായ കലാരൂപമാണ് മാപ്പിള ഗാന ശാഖ. പരമ്പരാഗത മാപ്പിള കലകളെ കോര്‍ത്തിണക്കി സഹൃദയ മനസുകളിലേക്കെത്തിക്കാനാണ് മു ഹ്‌സിന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ തനത് കലകളുമായി ബന്ധപ്പെടുത്തി മാപ്പിളപ്പാട്ടുകളേയും കലാരൂപങ്ങളേയും ആസ്വാദകര്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെണ്ടയുടെ അകമ്പടിയോടെ മാപ്പിളപ്പാട്ട് അവതരിപ്പിക്കാന്‍ മുഹ് സിന്‍ മുന്നോട്ട് വന്നത്. നൂറ്റാണ്ടുകളോളം നമ്മുടെ നാട് കൈമാറി വന്ന സൗഹൃദങ്ങളെ , രണ്ടു സംസ്‌കാരങ്ങളെ സംഗീതത്തിലൂടെ ഒരുമിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് മിഡില്‍ ഈസ്റ്റില്‍ ആദ്യമായി പന്ത്രണ്ടോളം ഗായകരെ ഉള്‍പ്പെടുത്തി അഞ്ചു മിനിറ്റ് മാത്രം ദൈര്‍ഘ്യം ഉള്ള ഒരു മാപ്പിള-ഓണ ഗാനമായി പുറത്തിറങ്ങിയത്.
കൊലപാതക രാഷ്ടീയത്തിനെതിരെയുള്ള കൊലക്കളി, കീഴ്പ്പുളിക്കര ഗ്രാമം, മരൂഭൂവിലെ യാത്ര തുടങ്ങി പല പാട്ടുകളും എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത മുഹ് സിന്‍ മൊത്തം എഴുപതോളം പാട്ടുകള്‍ ഇതിനകം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ഗ്രാമത്തിന്റെ ഓര്‍മകളെ ഓമനിക്കുന്ന തളിക്കുളം താളുകളും, പഠിച്ച സ്‌ക്കൂളിനെക്കുറിച്ച ഗാനം എന്നിവയും മു ഹ്‌സിന്റെ വര്‍ക്കുകളാണ് . ചെയ്ത എല്ലാ വര്‍ക്കുകളും വൈവിധ്യങ്ങളാലും നിര്‍വഹണ ചാതുരിയാലും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ് .
ഗായകരേയും രചയിതാക്കളേയുമടക്കം നിരവധി പ്രതിഭകളെ വേദിയിലേക്ക് കൊണ്ടുവരുവാന്‍ ശ്രദ്ധിക്കുന്നുവെന്നതാണ് മു ഹ്‌സിന്‍ ചെയ്തുവരുന്ന മറ്റൊരു പ്രധാന ദൗത്യം. ഈ രംഗത്ത് സക്കീര്‍ സരിഗയുടെ പിന്തുണ ഏറെ നന്ദിയോടെ മാത്രമേ അനുസ്മരിക്കാനാകൂ. ആത്മ സുഹൃത്തുക്കളായ ഫാസില്‍ ഷാജഹാന്‍,കെ.സി. ആരിഫ് , യൂസുഫ് ലെന്‍സ്മാന്‍, കമറുദ്ധീന്‍ ഇബ്രാഹീം, ശംസുദ്ധീന്‍ സ്‌കൈ വേ, മുത്തലിബ് മട്ടന്നൂര്‍, അലവി വയനാട്, ബഷീര്‍ വട്ടേക്കാട്, നവാസ് ഗുരുവായൂര്‍, അനീസ് ഗുരുവായൂര്‍, ഷഫീര്‍ വാടാനപ്പള്ളി, അബൂബക്കര്‍, ഷാഫി പി.സി. പാലം, റഫീഖ് വാടാനപ്പള്ളി, അലി, അജ്മല്‍ ലിമോസിന്‍, അനുജന്‍ ഹിഷാം, ആര്‍.ജെ. റിജാസ്, ആര്‍ജെ.ആഷ്യ അല്‍താഫ്, അക്ബര്‍ തളിക്കുളം, എം. എച്ച് . ഹാറൂണ്‍ , അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങിയവരുടെ പിന്തുണയും വിസ്മരിക്കാനാവില്ല. ധന്യമായ സുഹൃദ് വലയമാണ് മുഹ് സിനുളളത്. അവരുടെ പിന്തുണയും പ്രോല്‍സാഹനവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചാണ് മുഹ്‌സിന്‍ തന്റെ സംഗീത യാത്ര ആഘോഷമാക്കുന്നത്.
2022 ല്‍ മു ഹ്‌സിന്‍ പാടിയ പുതിയ പല പാട്ടുകളും ഇറങ്ങാനിരിക്കുന്നു. ഷരീഫ് നരിപ്പറ്റയെഴുതിയ മകളേ യെന്നതാണ് ആദ്യത്തേത്. അലവി വയനാടന്‍ , ഷാജു തളിക്കുളം, ഷാഫി പി.സി. പാലം , സാദിഖ് തളിക്കുളം എന്നിവര്‍ എഴുതിയ പാട്ടുകളും ഈ വര്‍ഷം മുഹ്‌സിന്‍ പാടാനിരിക്കുകയാണ് .
ഗുരുവര്യനായ അലി അക് ബര്‍ തങ്ങളുടെ പുതിയ ഒരു പാട്ടും ഈ വര്‍ഷം പാടുന്നുണ്ട്. മുഹമ്മദ് കുട്ടി അരീക്കോട് സംഗീത സംവിധാനം ചെയ്ത ഈ പാട്ടില്‍ മുഹ്‌സിനോടൊപ്പം ഇളയ മക്കളായ മിസ്‌ന, സിയാന എന്നിവരും അനിയന്റെ മകള്‍ ഇസാനയും പാടുന്നുണ്ട്. ഹൃദ്യമായൊരു ഗാനവിരുന്നാകുമിതെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മു ഹ്‌സിന്‍ പറഞ്ഞു. പാട്ടിലൂടെ നല്ല സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കാനായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്.
സജ്‌നയാണ് മുഹ്‌സിന്റെ സഹധര്‍മിണി. റൂബീന,സന സൈനബ്, മിസ്‌ന , സിയാന എന്നിവര്‍ മക്കളാണ്