പുഷ് അപ്‌സില്‍ പുതിയ റെക്കോര്‍ഡ് ലക്ഷ്യം വെച്ച് ഖത്തറിലെ മലയാളി യുവാവ്
അമാനുല്ല വടക്കാങ്ങര
ദോഹ. പുഷ് അപ്‌സില്‍ പുതിയ റെക്കോര്‍ഡ് ലക്ഷ്യം വെച്ച് ഖത്തറിലെ മലയാളി യുവാവ് . കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഖത്തറിലുള്ള തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയായ ഷഫീഖ് മുഹമ്മദാണ് 2022 ല്‍ പുഷ് അപ്‌സില്‍ പുതിയ റെക്കോര്‍ഡിനായി പരിശ്രമിക്കുന്നത്. 2020 ലും 2021 ലും ഇന്റര്‍നാഷണല്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഷഫീഖ് പുതിയ റെക്കോര്‍ഡിനായി പരിശ്രമിക്കുന്നത്.
ദീര്‍ഘകാല ഖത്തര്‍ പ്രവാസിയായ ടി. എ. മുഹമ്മദിന്റേയും സൈനബയുടേയും മകനായ ഷഫീഖ് ഒമ്പതാം ക്‌ളാസ് വരെ നാട്ടിലെ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂള്‍ വിട്ട് കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് നടക്കുന്നതിനിടെയാണ് പ്രവാസ ലോകത്തേക്ക് പറിച്ച് നടപ്പെട്ടത്. 10, 11, 12 ക്‌ളാസുകള്‍ എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂളിലായിരുന്നു ഷഫീഖിന്റെ പഠനം. ഫ്‌ളാറ്റിന്റെ ഇടുങ്ങിയ ഇടനാഴികകളില്‍ വീര്‍പ്പുമുട്ടിയ സമയത്താണ് ശാരീരിക വ്യായാമ മുറകള്‍ പരിശീലിക്കാന്‍ തുടങ്ങിയത്. കുറച്ച് കാലം കരാട്ടെ ക്‌ളാസില്‍ പോയതിനാല്‍ വ്യായാമത്തിന്റെ ബാല പാഠങ്ങള്‍ സ്വായത്തമാക്കാനായി. അന്നുമുതല്‍ മുടങ്ങാതെ നിത്യവും ഒരു മണിക്കൂറെങ്കിലും വര്‍ക് ഔട്ടിനായി ചിലവഴിക്കുന്നു. പുഷ് അപ്‌സിലാണ് തുടക്കം മുതലേ ശ്രദ്ധ കേന്ദ്രീകരിച്ചത്.
പന്ത്രണ്ടാം ക്‌ളാസ് കഴിഞ്ഞ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഡിഗ്രിയും കോയമ്പത്തൂരില്‍ നിന്നും എം.ബി. എ. യുമെടുത്ത് 2006 ല്‍ ദോഹയില്‍ തിരിച്ചെത്തിയ ഷഫീഖ് രണ്ട് വര്‍ഷത്തോളം ഒരു ഓസ്ട്രിയന്‍ കമ്പനിയില്‍ സെയില്‍സ് എക്കൗണ്ടന്റായി ജോലി ചെയ്ത ശേഷം 2008 ല്‍ മള്‍ട്ടി ടെക് ട്രേഡിംഗ് ആന്റ് സര്‍വീസസ് എന്ന പേരില്‍ ഓയില്‍ ഫീല്‍ഡ് സപ്‌ളൈസും ബില്‍ഡിംഗ് മെറ്റീരിയല്‍സും കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനമാരംഭിച്ചു. പിതാവും സഹോദരന്‍ ഷാഹിദ് മുഹമ്മദും കൂടെ ചേര്‍ന്നപ്പോള്‍ ബിസിനസ് രംഗത്ത് വളര്‍ന്നു.
പഠനത്തിലും ജോലിയിലുമൊക്കെ മുഴുകിയപ്പോഴും വ്യായാമ പരിശീലന പരിപാടികള്‍ക്ക് സമയം കണ്ടെത്തിയാണ് ഷഫീഖ് തന്റെ പാഷണ്‍ വളര്‍ത്തിയത്. കോവിഡ് സമയത്ത് പല ഓണ്‍ ലൈന്‍ മല്‍സരങ്ങളിലും പങ്കെടുത്ത് വിജയിച്ചപ്പോഴാണ് റെക്കോര്‍ഡുകള്‍ സ്ഥാപിക്കാമെന്ന ആശയവും ആത്മവിശ്വാസവും വളര്‍ന്നത്. അങ്ങനെയാണ് 2020 ല്‍ ഒരു മിനിറ്റില്‍ 101 പുഷ് അപ്പുകള്‍ ചെയ്ത് ഷഫീഖ് തന്റെ ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം 30 സെക്കന്റില്‍ 35 ക്‌ളാപ്പ് പുഷ് അപ്പുകള്‍ ചെയ്ത് രണ്ടാമതൊരു റെക്കോര്‍ഡും സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഈ വര്‍ഷം ഏറെ ശ്രമകരമായ പുതിയ റെക്കോര്‍ഡ് ലക്ഷ്യം വെച്ച് ഈ ചെറുപ്പക്കാരന്‍ പരിശ്രമിക്കുന്നത്. ഒരു മിനിറ്റിനുള്ളില്‍ 25 സാധാരണ പുഷ് അപ്പ്, 25 ക്‌ളാപ്പ് പുഷ് അപ്പ്, 25 നെക്കിള്‍ പുഷ് അപ്പ്, 10 നോ ഹാന്‍ഡ് പുഷ് അപ്പ് എന്നിവയാണ് പുതിയ റെക്കോര്‍ഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തീവ്രമായ പരിശീലനത്തിലാണെന്നും മൂന്ന് മാസത്തിനകം ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2021 നവംബറില്‍ കൊച്ചി ലി മെറിഡിയന്‍ ഹോട്ടലില്‍ എഫ്. ഐ ഈവന്റ്‌സ് നടത്തിയ മിസ്റ്റര്‍ കേരള മല്‍സരത്തിലെ വിവാഹിതരുടെ വിഭാഗത്തില്‍ മിസ്റ്റര്‍ പെര്‍ഫെക്ടട് ബോഡി എന്ന ടൈറ്റിലും ഷഫീഖ് സ്വന്തമാക്കിയിരുന്നു.
ശാരീരിക വ്യായാമങ്ങളിലും സ്വന്തം വ്യക്തിപരമായ വളര്‍ച്ചയിലുമെന്ന പോലെ ആരോഗ്യ ബോധവല്‍ക്കരണ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായാണ് ഈ ചെറുപ്പക്കാരന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ജിം ഖത്തര്‍ എന്ന കൂട്ടായ്മയുടെ ചെയര്‍മാനായ അദ്ദേഹം നിരവധി സേവന പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണ സംരംഭങ്ങളിലും സജീവമാണ് . ജിം ഖത്തറിന്റെ നേതൃത്വത്തില്‍ എല്ലാ വെളളിയാഴ്ചകളിലും റയ്യാന്‍ പാര്‍ക്കില്‍ സൗജന്യമായ പരിശീലനം നല്‍കാറുണ്ട്. താല്‍പര്യമുള്ള ആര്‍ക്കും ഈ പരിശീലനത്തില്‍ പങ്കെടുക്കാം.
യുവാക്കളെ ആരോഗ്യ സംരംക്ഷണത്തെക്കുറിച്ചും ലൈഫ് സ്റ്റയില്‍ മോഡിഫിക്കേഷനെക്കുറിച്ചുമൊക്കെ ബോധവാന്മാരാക്കുകയും സാമൂഹ്യ പ്രതിബദ്ധതയോടെ സേവന രംഗത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നതിനുള്ള പരിപാടികളാണ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ലൈറ്റ് യൂത്ത് ക്‌ളബ്ബുമായി സഹകരിച്ച് നടത്തിയ രക്ത ദാന ക്യാമ്പും യുവാക്കള്‍ക്കായി നടത്തിയ വെയിറ്റ് ലോസ് ചാലഞ്ചുമൊക്കെ ഈ രംഗത്തെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ് . 45 ദിവസത്തെ വെയിറ്റ് ലോസ് ചാലഞ്ചില്‍ 10 കിലോവരെ ഭാരം കുറക്കാന്‍ യുവാക്കള്‍ക്കായി. വ്യായാമ മുറകളും ഭക്ഷണ ക്രമവും പാലിച്ചാണ് ഈ ലക്ഷ്യം നേടാനായത്.
പ്രവാസ ലോകത്ത് ആരോഗ്യ സംരക്ഷണവും ഫിറ്റ്‌നസും വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യം യുവാക്കളെ ബോധ്യപ്പെടുത്തുകയും സാധ്യമായ ശാരീരിക വ്യായാമങ്ങളിലൂടെ സജീവമാക്കുകയുമാണ് ലക്ഷ്യം. ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞതും ബോധ്യപ്പെട്ടതുമായ കാര്യങ്ങള്‍ സമൂഹത്തിന് പകര്‍ന്നുകൊടുക്കുകയും പ്രായോഗികമായി ആരോഗ്യകരമായ ജീവിതക്രമം പരിശീലിക്കുകയും ചെയ്താണ് ഈ ചെറുപ്പക്കാരന്‍ സമൂഹത്തില്‍ മാതൃകയാകുന്നത്.
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് പ്രവര്‍ത്തിക്കുകയുള്ളൂ. ജീവിത വിജയം നേടണമെങ്കില്‍ മനസ്സും ശരീരവും ആരോഗ്യത്തോടെ നിലനിര്‍ത്തണം .
ജീവിത രീതിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ആരോഗ്യം സംരക്ഷിക്കാനാകൂവെന്നും ഏത് തിരക്കുകള്‍ക്കിടയിലും കുറച്ചുസമയം ശാരീരിക വ്യായാമങ്ങള്‍ക്കായി നീക്കിവെക്കണമെന്നുമാണ് പ്രവാസി യുവാക്കളോട് ഈ ചെറുപ്പക്കാരന് പറയാനുള്ളത്.
ബാസിമ തസ്‌നീമയാണ് ഷഫീഖിന്റെ ഭാര്യ. ഇസാന്‍, ഹംദാന്‍, മെഹ്താബ്, മര്‍സൂഖ് എന്നിവര്‍ മക്കളാണ് .