ഖത്തറില്‍ 5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നല്‍കുവാന്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നല്‍കുവാന്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഈ പ്രായത്തിലുള്ള കുട്ടികളില്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കുന്ന സമീപകാല പഠനങ്ങളുടെയും 5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ തുടങ്ങിയ വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ക്ലിനിക്കല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.
മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കുന്ന വാക്‌സിന്‍ ഡോസിന്റെ മൂന്നിലൊന്ന് വാക്‌സിന്‍ ആണ് കുട്ടികള്‍ക്ക് നല്‍കുക. നേരിയ പാര്‍ശ്വഫലങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂവെന്നും മന്ത്രാലയം വിശദീകരിച്ചു.
ഈ പ്രായത്തിലുള്ള കുട്ടികള്‍ കൊവിഡ്-19-ല്‍ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട നീക്കമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. പാന്‍ഡെമിക്കിന്റെ തുടക്കം മുതല്‍ പ്രായമായവരേക്കാള്‍ ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത കുട്ടികളില്‍ കുറവായിരുന്നെങ്കിലും, നിലവിലെ ഒമിക്റോണ്‍ തരംഗത്തില്‍ ധാരാളം കുട്ടികള്‍ രോഗബാധിതരായതിനാല്‍ വാക്‌സിനേഷന്‍ ഏറെ ഫലം ചെയ്യും.
ഖത്തറില്‍ ഒമിക്റോണ്‍ തരംഗം പ്രചരിക്കുന്നത് തുടരുന്നതിനാല്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് 5 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് 19വാക്സിന്‍ എടുക്കുന്നതിന് പിന്തുണ നല്‍കണമെന്ന് മന്ത്രാലയം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
5 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍, എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് ഡോസായാണ് വാക്‌സിനേഷന്‍ നല്‍കുക. ആദ്യത്തെ ഡോസ് എടുത്ത് മൂന്നാഴ്ചയ്ക്ക് ശേഷം രണ്ടാമത്തെ ഡോസെടുക്കാം.
5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനുകള്‍ 2022 ജനുവരി 30 ഞായറാഴ്ച മുതല്‍ എല്ലാ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സെന്ററുകളിലും ലഭ്യമാണ്. യോഗ്യരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടിക്ക് ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിന് 4027 7077 എന്ന നമ്പറില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെടാം.ഈ പ്രായക്കാര്‍ക്കുള്ളവര്‍ക്ക് വാക്ക്-ഇന്‍ അപ്പോയിന്റ്‌മെന്റുകളും ആരോഗ്യ കേന്ദ്രങ്ങള്‍ സ്വീകരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി .