ഖത്തറിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നതായി റിപ്പോര്‍ട്ട്. ഉദാരമായ ട്രാവല്‍ നയങ്ങളും സൗജന്യമായ വിസ ഓണ്‍ അറൈവല്‍ സൗകര്യങ്ങളും പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിന് ആക്കം കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്.
ഫിഫ ലോക കപ്പിന് ആതിഥ്യമരുളുന്ന ആദ്യ അറബ് രാജ്യമെന്ന നിലക്ക്് ഖത്തറിന്റെ തയ്യാറെടുപ്പുകളെ നേരില്‍ കാണുന്നതിനും ഖത്തറില്‍ നടക്കുന്ന സുപ്രധാനമായ ഈവന്റുകളില്‍ പങ്കെടുക്കുന്നതിനും നിരവധി പേരാണ് നിത്യവും ഖത്തറിലെത്തുന്നത്്.
പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കു പ്രകാരം ഡിസംബറില്‍ മാത്രം 146934 ടൂറിസ്റ്റുകളാണ് ഖത്തറിലെത്തിയത്. ഇത് മുന്‍ മാസത്തേക്കാള്‍ 31.7 ശതമാനം കൂടുതലാണ് . 87702 പേര്‍ വിമാനതാവളം വഴിയും 33089 പേര്‍ തുറമുഖം വഴിയും 26143 പേര്‍ കര മാര്‍ഗവുമാണ് ഖത്തറിലെത്തിയത്.
സന്ദര്‍ശകരില്‍ 30 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 40 ശതമാനം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 30 ശതമാനം യൂറോപ്, അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് .
ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ദ്ധന ഹോസ്പിറ്റാലിറ്റി മേഖലയിലും വലിയ ഉണര്‍മാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോട്ടല്‍ മുറികള്‍, ഡീലക്സ്, സ്റ്റാന്‍ഡേര്‍ഡ് ഹോട്ടല്‍ അപ്പാര്‍ട്ട് മെന്റുകള്‍ എന്നിവയിലും വലിയ പുരോഗതിയുണ്ട്.
ഓണ്‍ അറൈവല്‍ വിസകളിലും സന്ദര്‍ശക വിസകളിലുമൊക്കെയായി നിത്യവും നൂറുകണക്കിനാളുകളാണ് ഖത്തറിലെത്തുന്നത്. 85 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യമായി ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്ന ഏക ഗള്‍ഫ് രാജ്യമാണ് ഖത്തര്‍