Archived Articles

കോഴിക്കോട് വിമാനത്താവളം; റണ്‍ വേ നീളം കുറക്കില്ല; എം.പി മാരുടെ സംഘത്തിന് വ്യോമയാനമന്ത്രിയുടെ ഉറപ്പ്

അമാനുല്ല വടക്കാങ്ങര

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി മാരുടെ സംഘത്തെ അറിയിച്ചു.

വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ മലബാറില്‍ എംപിമാരുടെ സംഘം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദര്‍ശിച്ച വേളയിലാണ് ഇക്കാര്യമറിയിച്ചത്.

എം.പിമാരായ ഡോ. അബ്ദുസ്സമദ് സമദാനി, എം.കെ രാഘവന്‍, ഇ.ടി മുഹമദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, വി.കെ. ശ്രീകണ്ഠന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്.

കേരളത്തിലെ 20 എം.പിമാര്‍ ഒപ്പുവെച്ച വിശദമായ പ്രതിഷേധ കുറിപ്പ് വ്യോമയന മന്ത്രിക്ക് കൈമാറി. അടിയന്തിരമായി നടപടി നിര്‍ത്തിവെക്കണമെന്നും റണ്‍വേ വെട്ടികുറക്കാനുള്ള നീക്കത്തിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹമൊന്നടങ്കം എതിരാണെന്നും സംഘം വ്യക്തമാക്കി.

റണ്‍വേ നീളം കുറക്കുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കുകയല്ല ഓപ്പറേഷന്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനു പകരം ഋങഅട സ്ഥാപിച്ച് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്തുകയോ, റെസ റണ്‍വേക്ക് പുറത്തേക്ക് നീട്ടാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നും മന്ത്രിയോട് പറഞ്ഞു.

ചെലവ് കുറഞ്ഞ മാര്‍ഗത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഭീമമായ സാമ്പത്തികം ചെലവഴിച്ചു സുരക്ഷ കുറക്കുന്ന നടപടി വ്യോമയാന വകുപ്പിന് തന്നെ നാണക്കേടും തെറ്റായ നടപടിയുമാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തി.

മംഗലാപുരത്ത് റണ്‍വേക്ക് പുറത്ത് റെസ നീളം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കോഴിക്കോട് റണ്‍വേ നീളം കുറച്ചു മാത്രമേ റെസ വര്‍ദ്ധിപ്പിക്കൂ എന്ന സമീപനം ദുരുദ്ദേശപരമാണ്. വലിയ വിമാനങ്ങളുടെ സര്‍വീസും ഹജ്ജ് എമ്പാര്‍ക്കെഷന്‍ പോയിന്റും എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന, വിമാനത്താവളത്തെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്നും ഉടനെ പിന്മാറണമെന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ച് റെസ റണ്‍വേക്ക് പുറത്തേക്ക് എര്‍ത്ത് ഫില്ല് ചെയ്തു നീട്ടാന്‍ ഉള്ള നിര്‍ദേശം ഉടനെ നല്‍കണമെന്നും മന്ത്രിയോട് പറഞ്ഞു.

അട്ടിമറി നീക്കങ്ങളുമായി മുന്നോട്ട് പോയാല്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നു വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് മന്ത്രി, വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബന്‍സല്‍, ജോയിന്റ് സെക്രട്ടറി എസ്.കെ മിശ്ര, എയര്‍പ്പോര്‍ട്ട അതോറിറ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അരുണ്‍ കുമാര്‍, വ്യോമയാനമന്ത്രിയുടെ പി.എസ് അജയ് യാദവ് എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എം.പി മാരുടെ സംഘത്തെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!