നാല് ദോഹ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യമൊരുക്കി ഗതാഗത മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ നാല് ദോഹ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യമൊരുക്കി ഗതാഗത മന്ത്രാലയം. ലുസൈല്‍, എജ്യുക്കേഷന്‍ സിറ്റി, അല്‍ വക്ര, അല്‍ ഖസ്സര്‍ എന്നീ നാല് ദോഹ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമാണ് പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം ലഭ്യമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം രാജ്യത്തെ പൊതുഗതാഗത ശൃംഖലയെയും ദോഹ മെട്രോ സേവനങ്ങളെയും സമൂഹത്തിലെ അംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആരാധകര്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ സഹായിക്കുന്നു. നാല് ദോഹ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം യാത്രക്കാര്‍ക്ക് അവരുടെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനും അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ മെട്രോ സേവനങ്ങള്‍ ഉപയോഗിക്കാനും സാധിക്കും.
രാജ്യത്തുടനീളം എല്ലാവര്‍ക്കും എളുപ്പത്തിലും താങ്ങാനാകുന്നതുമായ ഉയര്‍ന്ന നിലവാരമുള്ള ഗതാഗത സേവനങ്ങളും ആധുനിക പാര്‍ക്കിംഗ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമയവും ചെലവും ലാഭിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി വരുന്നത്. ഖത്തറിന്റെ പൊതുഗതാഗത ശൃംഖലയില്‍ ഗണ്യമായ വര്‍ദ്ധനവ് നല്‍കിക്കൊണ്ട് സുഗമമായ ഗതാഗതം, കുറഞ്ഞ തിരക്ക്, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവയിലൂടെ പൊതു റോഡുകളിലും പ്രധാന കവലകളിലും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്തിട്ടുണ്ട്. ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ എത്തിച്ചേരാന്‍ പൊതുഗതാഗതം പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണിത്.
പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) യുമായി സഹകരിച്ച് മന്ത്രാലയം നടപ്പാക്കുന്ന പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമില്‍ ബസ് ഡിപ്പോകളുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. ലുസൈല്‍, അല്‍ വക്ര, എജ്യുക്കേഷന്‍ സിറ്റി, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ ബസ് ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു, അല്‍ സുഡാനില്‍ കഴിഞ്ഞ വര്‍ഷം ഒരു ടെര്‍മിനല്‍ തുറന്നിരുന്നു.