Breaking News

പ്രവാസികള്‍ക്കാശ്വാസം, ഇന്നുമുതല്‍ ഹോട്ടല്‍ ക്വാറന്റൈനും പി.സി. ആറും വേണ്ട

അമാനുല്ല വടക്കാങ്ങര

ദോഹ: പ്രവാസികള്‍ക്കാശ്വാസം, ഇന്നുമുതല്‍ ഹോട്ടല്‍ ക്വാറന്റൈനും പി.സി. ആറും വേണ്ട . ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ട്രാവല്‍ നയത്തില്‍ മാറ്റങ്ങള്‍ ഇന്ന് വൈകുന്നേരം 7 മണിമുതല്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തിലാണിത്.
അംഗീകൃത വാക്‌സിനെടുത്ത താമസക്കാര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈനും യാത്രക്ക് മുമ്പുള്ള പി.സി.ആര്‍. പരിശോധനയും ഒഴിവാക്കി കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ ട്രാവല്‍നയം ഖത്തര്‍ പ്രഖ്യാപിച്ചത്.

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി രാജ്യങ്ങളെ ചുവപ്പ്, പച്ച , എക്‌സപ്ഷണല്‍ റെഡ് കണ്‍ട്രീസ് എന്നിങ്ങനെ തിരിച്ചിരുന്നതിന് പകരം സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേര്‍സ്, റെഡ് ഹെല്‍ത്ത് മെഷേര്‍സ് എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്‌ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്‍ഡാന്‍, ഫിലിപ്പീന്‍സ് എന്നീ 9 രാജ്യങ്ങളാണ് റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലുള്ളത്. ബാക്കി രാജ്യങ്ങളൊക്കെ സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലായിരിക്കും.

9 മാസമാണ് വാക്‌സിനേഷന്റെ സാധുത പരിഗണിക്കുന്നത്. 9 മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തെങ്കിലേ വാക്‌സിനെടുത്തവരുടെ ആനുകൂല്യങ്ങള്‍ ലഭിക്കുകുള്ളൂ. കോവിഡ് വന്ന് ഭേദമായവര്‍ക്കും ഇതേ വ്യവസ്ഥകളാണ് ബാധകമാവുക.

ട്രാവല്‍ നയത്തിലെ പ്രധാന മാറ്റം താഴെ പറയുന്നവയാണ്

താമസക്കാര്‍

സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേര്‍സ് ബാധകമായ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ( വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ) യാത്രക്ക് മുമ്പുള്ള പി.സി. ആര്‍. പരിശോധന ആവശ്യമില്ല. വാക്‌സിനെടുത്തവര്‍ ഖത്തറിലെത്തി 24 മണിക്കൂറിനകം അംഗീകൃത കേന്ദ്രത്തില്‍ നിന്നും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.

വാക്‌സിനെടുത്തവര്‍ 5 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. ഖത്തറിലെത്തി 24 മണിക്കൂറിനകം അംഗീകൃത കേന്ദ്രത്തില്‍ നിന്നും പി.സി. ആര്‍. പരിശോധനയും ഹോം ക്വാറന്റൈനിന്റെ അഞ്ചാം ദിവസം റാപിഡ് ആന്റിജന്‍ ടെസ്റ്റും നടത്തണം.

റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലുള്ള 9 രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്‌സിനെടുത്ത താമസക്കാര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്കും യാത്രക്ക് മുമ്പുള്ള പി.സി. ആര്‍. പരിശോധനയോ ഹോട്ടല്‍ ക്വാറന്റൈനോ ആവശ്യമില്ല. ഖത്തറിലെത്തി 24 മണിക്കൂറിനകം അംഗീകൃത കേന്ദ്രത്തില്‍ നിന്നും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.

എന്നാല്‍ വാക്‌സിനെടുക്കാത്തവര്‍ യാത്രയുടെ 48 മണിക്കൂറിനുള്ളിലെടുത്ത പി,സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫികക്കറ്റ് ഹാജറാക്കണം. ഖത്തറിലെത്തിയാല്‍ 5 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും വേണം. ഹോട്ടല്‍ ക്വാറന്റൈന്റെ അഞ്ചാം ദിവസം റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.

സന്ദര്‍ശകര്‍

സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷേര്‍സ് ബാധകമായ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ( വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ) യാത്രക്ക് പരമാവധി 48 മണിക്കൂറിനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണം. വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈനോ ഖത്തറിലെത്തിയ ശേഷം കോവിഡ് പരിശോധനയോ ആവശ്യമില്ല. എന്നാല്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് 5 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. ( രക്തബന്ധമുള്ളവരുടെ സന്ദര്‍ശകര്‍ക്ക് 5 ദിവസത്തെ ഹോം ക്വാറന്റൈന്‍ മതിയാകും. ഇതിന് രക്തബന്ധം തെളിയിക്കുന്നതിനുള്ള രേഖ ഹാജറാക്കണം. ക്വാറന്റൈന്റെ അഞ്ചാം ദിവസം റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.

റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലുള്ള 9 രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്‌സിനെടുത്തവര്‍ യാത്രയുടെ 48 മണിക്കൂറനുള്ളിലെടുത്ത പി,സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. അതുപോലെ തന്നെ ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും അതിനു ശേഷമുള്ള റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലുള്ള 9 രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുക്കാത്ത സന്ദര്‍ശകരെ അനുവദിക്കില്ല.

ഫൈസര്‍ ( കൊമിര്‍നാതി), മൊഡേണ( സ്‌പൈക്വാക്‌സ്) , അസ്ട്ര സെനിക 9 കോവിഷീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, വാക്‌സ്സെവ്രിയ ) ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൂര്‍ണമായും അംഗീകരിച്ച വാക്‌സിനുകള്‍. വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞ് 9 മാസം വരെയാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരായി പരിഗണിക്കുക.
സിനോഫാം, സിനോവാക്, സ്പുട്‌നിക്, കോവാക്‌സിന്‍ എന്നിവ ഭാഗികമായി അംഗീകരിച്ച വാക്‌സിനുകളാണ് .വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞ് 6 മാസം വരെയാണ് ഭാഗികമായി അംഗീകരിച്ച വാക്‌സിനെടുത്തവരെ പരിഗണിക്കുക.

Related Articles

Back to top button
error: Content is protected !!