IM Special

ഡോ. കെ. എക്സ്. ട്രീസ,സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട മാതൃക

അമാനുല്ല വടക്കാങ്ങര

ഓരോരുത്തരും തല്യരാണ്. ലിംഗ നീതിയാണ് പ്രകൃതി നിയമം. സ്ത്രീയുടേയും പുരുഷന്റേയും കൂട്ടായ വ്യക്തിത്വമാണ് സമൂഹത്തിന്റെ പുരോഗതിയെ നിര്‍ണയിക്കുന്നത് തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചക്ക് വെച്ച് അന്താരാഷ്ട്ര വനിത ദിനമാചരിക്കുമ്പോള്‍ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ മാതൃകാപരമായ മുന്നേറ്റത്തിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട മാതൃക സമ്മാനിക്കുന്ന ഡോ. കെ. എക്സ്. ട്രീസ ടീച്ചറുടെ ജീവിത യാത്ര ഏറെ പ്രസക്തമാകുന്നു. സാമ്പത്തികവും സാമൂഹികമായി തരക്കേടില്ലാത്ത കുടുംബത്തിലാണ് പിറന്നതെങ്കിലും ചെറുപ്പത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട അവര്‍ ഒരു ജീവിതകാലം കൊണ്ട് നേടാവുന്ന പരമാവധി ബിരുദങ്ങളും യോഗ്യതകളും നേടിയാണ് സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളോടുള്ള മധുരപ്രതികാരം തീര്‍ത്തത്.

അധ്യാപിക, ഗായിക, നര്‍ത്തകി, കവയിത്രി, ഗാനരചയിതാവ്, നോവലിസ്റ്റ്, ടെലിസീരിയല്‍ കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയയായ ഡോ. കെ.എക്സ്. ട്രീസ്സ ടീച്ചര്‍ വിവിധ വിഷയങ്ങളില്‍ ഒരു ഡസനോളം പി.ജി. നേടിയ ഇന്ത്യയിലെ ഏക വനിതയാണ്. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായ അവര്‍ വി്ദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുന്നേറികൊണ്ടാണ് സ്ത്രീ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതെന്ന നിലപാടുകാരിയാണ്. ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും സ്വാഭാവികം. പുരുഷാധിപത്യമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും ഇച്ഛാശക്തിയുടെ പിമ്പലത്തില്‍ മറികടക്കാനായാല്‍ മാത്രമേ സമത്വം സാക്ഷാല്‍ക്കരിക്കുവാനാവുകയുള്ളൂ. കേവല പ്രഖ്യാപനങ്ങള്‍ക്കപ്പുറം ജീവിത യാഥാര്‍ഥ്യങ്ങളെ ശരിയാംവണ്ണം ഉള്‍കൊണ്ട് അറിവും തൊഴിലും നേടിയാണ് സ്ത്രീ ശക്തയാവേണ്ടത്.

വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപം ഉല്ലല എന്ന ഗ്രാമത്തിലാണ് ട്രീസ ടീച്ചര്‍ ജനിച്ചത്. ഒട്ടേറെ പരിമിതികളുടേയും അരുതായ്മകളുടേയുമിടയിലാണ് ആധുനിക ലോകത്തും പെണ്‍കുട്ടികള്‍ വളരുന്നത്. അവരുടെ ശരിയായ അഭിനിവേശവും കഴിവും പലപ്പോഴും പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്നില്ല. വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലൊക്കെ ഈ അസമത്വവും അനീതിയും നിലനില്‍ക്കുന്ന സാംസ്‌കാരിക പരിസരത്ത് സ്വന്തം ജീവിതം കൊണ്ടാണ് ട്രീസ ടീച്ചര്‍ മാതൃക രചിക്കുന്നത്. മനസുറപ്പുണ്ടെങ്കില്‍ വിജയിക്കാമെന്നതിന്റെ തെളിവാണ് തന്റെ ജീവിതമെന്നാണ് ട്രീസ ടീച്ചര്‍ പറയുന്നത്. നാം ആരോടും പ്രതികാരത്തിന് പോവണ്ട. വെറുപ്പും വിദ്വോഷവും ഒട്ടും വേണ്ട. നമ്മുടെ ഉത്തരവാദിത്തങ്ങളും കടമകളും നിര്‍വഹിക്കുക.സമയം കാര്യക്ഷമായി പ്രയോജനപ്പെടുത്തുക. എങ്കില്‍ ഏത് മേഖലയിലും വിജയിക്കാനാകുമെന്നാണ് തന്റെ അനുഭവം.

സ്ത്രീയുണ്ടെങ്കിലേ പുരുഷന്‍ പൂര്‍ണനാകൂ. പരസ്പര സ്നേഹ ബഹുമാനങ്ങളിലൂടെ പൂരകങ്ങളായി മാറേണ്ട സമൂഹത്തിന്റെ രണ്ട് ഘടകങ്ങളാണ് സ്ത്രീയും പുരുഷനും. ഈ കാഴ്ചപ്പാടാണ് സമൂഹത്തിനുണ്ടാവേണ്ടത്.

പത്തൊമ്പതാം വയസ്സില്‍ കോഴിക്കോട്ടെ ആംഗ്ളോ ഇന്ത്യന്‍ സ്‌ക്കൂളില്‍ മലയാളം അധ്യാപികയായി കരിയര്‍ ആരംഭിച്ച ടീച്ചര്‍ എന്നും ആവേശമുള്ള ഒരു വിദ്യാര്‍ഥിനിയായിരുന്നു. കിട്ടുന്ന ഏതവസരവും പഠനത്തിന് പ്രയോജനപ്പെടുത്തിയാണ് നിരവധി ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളുമായി മികച്ചുനില്‍ക്കുവാന്‍ സാധിച്ചത്. ഓരോ പഠനവും തന്റെ വ്യക്തിത്വവും കരിയറും കൂടുതല്‍ ശോഭയുള്ളതാക്കുകയായിരുന്നുവെന്നാണേ് ടീച്ചര്‍ കരുതുന്നത്.

ആംഗ്ളോ ഇന്ത്യന്‍ സ്‌ക്കൂളിലാകുമ്പോള്‍ തന്നെ ഒരു സിസ്റ്ററുടെ സഹായത്തോടെ ഇംഗ്‌ളീഷ് ഭാഷയും ശരിയായ ഉച്ഛാരണ രീതികളും പഠിച്ചത് സാഹിത്യത്തില്‍ തല്‍പരയാക്കി. അങ്ങനെ ഒരു ഭാഗത്ത് ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങളും മറു ഭാഗത്ത് കുടുംബത്തിന്റെ ആവശ്യങ്ങളുമൊക്കെ ഉള്ളതോടൊപ്പം ടീച്ചര്‍ തന്റെ പഠനം അനസ്യൂതം തുടര്‍ന്നു. ഒഴിവു സമയങ്ങളും വിശ്രമവേളകളുമൊക്കെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളുമുള്ള ഒരു സകല കലാ വല്ലഭയായി ടീച്ചര്‍ മാറുകയായിരുന്നു.


സംഗീതമാണ് ടീച്ചറുടെ ഏറ്റവും വലിയ ശക്തി. സംഗീതം ദിവ്യമാണ്. മനസിനേയും ശരീരത്തേയും സുഖപ്പെടുത്തുവാനും കുളിരേകാനും കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഡീംഡ് യൂണിവേര്‍സിറ്റിയായ കേരള കലാമണ്ഡലത്തില്‍ നിന്നും സംഗീതത്തില്‍ പി. എച്ച്. ഡി. പൂര്‍ത്തിയാക്കിയ ടീച്ചര്‍ ജീവിതതത്തില്‍ സംഗീതത്തിന്റെ പ്രാധാന്യം പ്രത്യേകം അടയാളപ്പെടുത്തുന്നു. ട്രീസ ടീച്ചറുടെ സംഗീത ജീവിതം എന്നത് തന്നെ ഒരു ഗവേഷണ വിഷയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുടുംബത്തിലും സമൂഹത്തിലും സ്ത്രീ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും അനവധിയാണ്. അവയെ ക്രിതാത്മകമായി അതിജീവിക്കണം. ആ നേട്ടത്തിന് ഇരട്ടിമധുരമായിരിക്കും. ഷേക്സ്പിയര്‍ പറഞ്ഞതുപോലെ വേദനയില്‍ കൂടിയുള്ള വിജയത്തിനേ മഹത്വമുണ്ടാകൂ.

വനിതാ ദിനത്തിലും അല്ലാത്തപ്പോഴും എനിക്ക് സ്ത്രീകളോട് പറയുവാനുള്ളത് ഇതാണ്. നാം സ്ത്രീ സമത്വത്തിനും തുല്യാവകാശങ്ങള്‍ക്കും വേണ്ടി മുറവിളി കൂട്ടുകയല്ല വേണ്ടത്. മറിച്ച് ക്ഷമയോടും സഹന ബോധത്തോടെും ഇച്ഛാശക്തിയെ മുന്നോട്ടു നയിക്കുകയാണ് വേണ്ടത്. പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം ദീര്‍ഘങ്ങളാം കൈകളെ നല്‍കിേെയ്രത മര്‍ത്ത്യനെ പാരിലയച്ചതീശന്‍ എന്ന കാവ്യ ശകലമാണ് നമ്മെ പ്രചോദിപ്പിക്കേണ്ടത്.

പതറാതിരിക്കുക. പ്രവര്‍ത്തനോന്മുഖരാവുക. വിജയം നമ്മെ പിന്തുടരും. പക, വിദ്വോഷം, വൈരാഗ്യം, അസൂയ, അത്യാഗ്രഹം, തുടങ്ങിയ ദുഷ്ടവികാരങ്ങള്‍ക്കു കീഴ്പ്പെടാതെ നമ്മുടെ ചിന്താശക്തിയെ ഉദ്ധീപിക്കുക. അങ്ങനെ വിജയത്തിലെത്തുമ്പോള്‍ വീട്ടുകാരും നാട്ടുകാരും സമൂഹവുമൊക്കെ നമുക്ക് മാന്യത തരും. തുല്യത തരും. നമ്മുടെ സക്രിയമായ ജീവിതവും സോദ്ദേശ്യപരമായ പ്രവര്‍ത്തികളുമാണ് നമ്മെ തുല്യരും യോഗ്യരുമാക്കുന്നത്.

അറിവിന്റെ അതിരുകളില്ലാത്ത ലോകത്ത് വിരാചിച്ച് കര്‍മ മണ്ഡലങ്ങളെ പ്രശോഭിതമാക്കുന്ന ഇത്തരം വ്യക്തികളുടെ ജീവിത മാതൃക പുതിയ തലമുറക്ക് വലിയ പ്രചോദനമാണ്. കുടുംബത്തിലും സമൂഹത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ പരിമിതികളായി കാണാതെ വെല്ലുവിളികളൈ അവസരങ്ങളാക്കി മാറ്റി മുന്നേറുകയാണ് വിജയത്തിനുള്ള വഴി എന്നതാണ് ട്രീസ ടീച്ചറുടെ ജീവിതം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം. ഈ തിരിച്ചറിവ് സമ്മാനിക്കുന്ന ഊര്‍ജവും ശക്തിയും സ്ത്രീ ശാക്തീകരണത്തിനും മുന്നേറ്റത്തിനും സഹായകമാകുമ്പോള്‍ ആ ജീവിതം ധന്യമാകുന്നു.
രവീന്ദ്രനാഥ് ടാഗോര്‍ സ്മാരക അവാര്‍ഡ്, രാഷ്ട്രീയ കലാനിര്‍മാണ്‍ അവാര്‍ഡ്, ഇന്ത്യന്‍ ഐക്കോണിക് പേര്‍സണാലിറ്റി അവാര്‍ഡ്, അബ്രഹാം ലിങ്കണ്‍ പാരമൗണ്ട് ലിറ്ററി അവാര്‍ഡ് തുടങ്ങിയ ടീച്ചര്‍ സ്വന്തമാക്കിയ പുരസ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മന്റ് അവാര്‍ഡ് ടീച്ചര്‍ സ്വന്തമാക്കിയത് ഇക്കഴിഞ്ഞ ദിവസമാണ് .

32വര്‍ഷത്തോളം കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കറി സ്‌കൂളില്‍ ടീച്ചറായിരുന്നതിനുശേഷം കോഴിക്കോട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാദമിയില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരുന്നു. മലയാളത്തിലും ഇന്ത്യന്‍ സംഗീതത്തിലും ബി.എ. ബിരുദങ്ങളുള്ള ട്രീസ്സ ടീച്ചര്‍ എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കര്‍ണാട്ടിക് മ്യൂസിക്, സംസ്‌കൃത വ്യാകരണം സംസ്‌കൃത സാഹിത്യം, സംഗീതം, ഭരതനാട്യം, യോഗ, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, സോഷ്യോളജി, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ പന്ത്രണ്ടോളം പി.ജിയാണ് പഠിച്ചു നേടിയിട്ടുള്ളത്.

യവനിക ഉയരുമ്പോള്‍, രംഗവേദി’ സദസ്സ് , തിരിച്ചറിവുകള്‍, മലയാള നാട്, എന്റെ കേരളം, കാവ്യഹാരം എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. ടീച്ചര്‍ രചിച്ച കാത്തിരുന്ന കാലം എന്ന നോവല്‍ 2000ല്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. സീതാപഥം എന്ന നോവല്‍ കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൃഷ്ടിയാണ് .

ട്രീസ്സ ടീച്ചര്‍ രചിച്ച ‘സംഗീതാഭിമുഖം’, ‘സംഗീതത്തേന്‍’ തുടങ്ങി അരഡസനോളം പുസ്തകങ്ങള്‍ താമസിയാതെ പുറത്തിറങ്ങും. റിട്ട. സെന്‍ട്രല്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.സി. സക്കറിയയാണ് ഭര്‍ത്താവ്. സ്വീറ്റി, പ്രിറ്റി, ട്വിറ്റി എന്നിവര്‍ മക്കളാണ്.

Related Articles

Back to top button
error: Content is protected !!