Breaking News

മൂന്ന് വര്‍ഷം കൊണ്ട് ദോഹ മെട്രോ വിറ്റത് 15 ലക്ഷം ട്രാവല്‍ കാര്‍ഡുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പൊതുഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയ ദോഹ മെട്രോ മൂന്ന് വര്‍ഷം കൊണ്ട് വിറ്റത് 15 ലക്ഷം ട്രാവല്‍ കാര്‍ഡുകള്‍.

രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പ്രധാന ഗതാഗത തിരഞ്ഞെടുപ്പും ഖത്തറിലെ സംയോജിത പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലുമായി മാറിയ ദോഹ മെട്രോയുടെ പ്രിവ്യൂ സര്‍വീസ് ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷികമാഘോഷിക്കുകയാണ് ഇന്ന്

2019 മെയ് 8 നാണ് ഖത്തര്‍ റെയില്‍ ദോഹ മെട്രോയുടെ പ്രിവ്യൂ സര്‍വീസ് ആരംഭിച്ചത്. റെഡ് ലൈനില്‍ വടക്ക് അല്‍ ഖസ്സര്‍ സ്റ്റേഷന്‍ മുതല്‍ തെക്ക് അല്‍ വക്ര സ്റ്റേഷന്‍ വരെ 13 സ്റ്റേഷനുകളോടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവിലെ നെറ്റ്വര്‍ക്കിലുള്ള മൂന്ന് മെട്രോ ലൈനുകള്‍ 2020 സെപ്തംബറോടെയാണ് പൂര്‍ണ്ണമായും  പ്രവര്‍ത്തനക്ഷമമായത്.

സുരക്ഷിതവും ആധുനികവും വികസിതവും സുസ്ഥിരവുമായ ഗതാഗത സേവനം നല്‍കിക്കൊണ്ടാണ് ദോഹ മെട്രോ രാജ്യത്തെ താമസക്കാരുടെയും സന്ദര്‍ശകരുടെയും വിശ്വാസം നേടിയെടുത്തത്. അത് യാത്രക്കാര്‍ക്ക് രാജ്യത്തെ പ്രധാന ആകര്‍ഷണങ്ങള്‍ക്കും ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഇടയില്‍ മിതമായ നിരക്കില്‍ സുഗമമായ യാത്രാ സംവിധാനമൊരുക്കി.

മെട്രോലിങ്ക്, മെട്രോ എക്‌സ്പ്രസ് തുടങ്ങിയ അനുബന്ധ സേവനങ്ങളിലൂടെ തടസ്സങ്ങളില്ലാത്ത യാത്രാനുഭവം നല്‍കാനും ഖത്തര്‍ റെയിലിന് സാധിച്ചു. മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെട്രോലിങ്ക് റൂട്ട് ശൃംഖല 13 റൂട്ടുകളില്‍ നിന്ന് 43 റൂട്ടുകളായി വളര്‍ന്നു.

ലുസൈല്‍ ട്രാമിന്റെ ഓറഞ്ച് ലൈനിലെ അഞ്ച് സ്റ്റേഷനുകള്‍ക്ക് പുറമെ ഡിഇസിസി, വെസ്റ്റ് ബേ -ഖത്തര്‍ എനര്‍ജി,, അല്‍ ഖസര്‍, കത്താറ, ലെഗ്‌തൈഫിയ, ഖത്തര്‍ യൂണിവേഴ്സിറ്റി, അല്‍ വാബ് ക്യുഎല്‍എം എന്നീ ഏഴ് മെട്രോ സ്റ്റേഷനുകളും നിലവില്‍ മെട്രോ എക്സ്പ്രസ് സര്‍വീസ് ഉള്‍ക്കൊള്ളുന്നു. 2019 ജൂലൈയില്‍ മെട്രോ എക്‌സ്പ്രസ് ആരംഭിച്ചപ്പോള്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ മാത്രമാണ് മെട്രോ എക്സ്പ്രസ് സര്‍വീസില്‍ ഉള്‍പ്പെട്ടിരുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഖത്തറില്‍ നടന്ന പ്രധാനപ്പെട്ട നിരവധി പരിപാടികളുടെ വിജയത്തില്‍ ദോഹ മെട്രോയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദോഹ മെട്രോയുടെ സമാരംഭത്തിന്റെ മൂന്നാം വാര്‍ഷികം ഫിഫ ലോകകപ്പ് ഖത്തര്‍ 2022-നുള്ള കമ്പനിയുടെ പ്രവര്‍ത്തന സന്നദ്ധത പരിപാടിയുമായി ഒത്തുപോകുന്നു.

ഖത്തറിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടൂര്‍ണമെന്റിലുടനീളം സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും അനുയോജ്യമായ ഗതാഗത സംവിധാനം നല്‍കുന്നതിനൊപ്പം ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാനും ദോഹ മെട്രോ സഹായകമാകും.

Related Articles

Back to top button
error: Content is protected !!