Breaking News

2022 മാര്‍ച്ചില്‍ ഖത്തറിലെത്തിയത് 152,700 വിനോദ സഞ്ചാരികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 മാര്‍ച്ചില്‍ ഖത്തറിലെത്തിയത് 152,700 വിനോദസഞ്ചാരികള്‍ . ഫിഫ 2022 ലോക കപ്പിന് ആതിഥ്യമരുളുന്ന രാജ്യമെന്നതും ഉദാരമായ വിസ നടപടികളുമാണ് ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 80 ല്‍ അധികം രാജ്യങ്ങളില്‍ നിന്നമുള്ളവര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ നല്‍കിയാണ് ഖത്തര്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്.

പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ചില്‍ രാജ്യത്തേക്ക് വന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 759% വര്‍ധനവുണ്ട്. 2022 ഫെബ്രുവരിയില്‍ നിന്ന് 98.7% വര്‍ധനയാണ് മാര്‍ച്ചില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തര്‍ പ്രതിമാസ സ്ഥിതിവിവരക്കണക്ക് ബുള്ളറ്റിന്റെ 99-ാമത് ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡാറ്റയനുസരിച്ച് 2021 മാര്‍ച്ചില്‍ 17,780 ടൂറിസ്റ്റുകളാണ് രാജ്യത്തെത്തിയത്. 2022 ഫെബ്രുവരിയില്‍ ടൂറിസ്റ്റുകളുടൈ എണ്ണം 76,880 ആയിരുന്നു.

എന്നാല്‍ 2022 ഏപ്രില്‍ 14 മുതല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഓണ്‍ അറൈവല്‍ വിസയില്‍ വരണമെങ്കില്‍ രാജ്യത്ത് താമസിക്കാനുദ്ദേശിക്കുന്ന കാലം മുഴുവന്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് മുഖേന ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന വ്യവസ്ഥ വന്നതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായാണ് അനൗദ്യയോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!