
ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലെ ഖസീമിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലെ അഞ്ചാമത്തെ ലക്ഷ്യസ്ഥാനമായ ഖസീമിലേക്കുള്ള സര്‍വീസ് ആഗസ്ത് 22 മുതല്‍പുനരാരംഭിക്കുന്നു. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് വിമാനങ്ങളാണുണ്ടാവുക. എന്നാല്‍ സെപ്തംബര്‍ 2 മുതല്‍ ആഴ്ചയില്‍ നാല് വിമാനങ്ങളായി വര്‍ദ്ധിപ്പിക്കും.
വര്‍ദ്ധിച്ചുവരുന്ന ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിഈ മാസം 18 മുതല്‍ റിയാദിലേക്ക് ആഴ്ചയില്‍ നാല് അധിക ഫ്‌ളൈറ്റുകള്‍ ആരംഭിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി. ഇതോടെ റിയാദിലേക്കുള്ള മൊത്തം പ്രതിവാര ഫ്‌ളൈറ്റുകളുടെ എണ്ണം 20 ആകും
ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കായി 93 പ്രതിവാര സര്‍വീസുകള്‍ നടത്തുന്നു. ഖസിമും റിയാദിലേക്കുള്ള നാല് അധിക വിമാനങ്ങളും കൂടി വരുന്നതോടെ ഖത്തര്‍ എയര്‍വേയ്സിന്റെ സൗദി അറേബ്യയിലേക്കുള്ള പ്രതിവാര വിമാനങ്ങളുടെ എണ്ണം 101 ആകും.