ഇന്ന് രാത്രി മുതല്‍ അന്തരീക്ഷത്തിലുണ്ടാകുന്ന പൊടിപടലം കുറഞ്ഞ ദൃശ്യപരതയ്ക്ക് കാരണമാകാം: ഖത്തര്‍ കാലാവസ്ഥ വകുപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: അറേബ്യന്‍ പെനിന്‍സുലയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് പൊടിപടലങ്ങള്‍ രൂപപ്പെടുന്നത് ഇന്ന് രാത്രിയോടെ ഖത്തറിലേക്ക് നീങ്ങിയേക്കാമെന്നും ഖത്തറില്‍ ദൃശ്യപരത കുറയുന്നതിന് കാരണമാകാമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ അപ്ഡേറ്റ്.
ഇന്ന് രാത്രിയും നാളെ പുലര്‍ച്ചെയുമായി ഇത് ഖത്തറിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവില്‍, ദൃശ്യപരത 2 കിലോമീറ്ററില്‍ താഴെയും ചിലയിടങ്ങളില്‍ പൂജ്യവും ആയിരിക്കാം.
പകല്‍സമയത്ത് നേരിയ പൊടിയോടുകൂടിയ ചൂടുള്ള കാലാവസ്ഥയാണ് ഇന്നത്തെ പ്രവചനം.
കാറ്റ് വടക്കുപടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് വീശും. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് വകുപ്പ് അറിയിച്ചു.
ഈ കാലാവസ്ഥ കാരണം, എല്ലാ പൗരന്മാരോടും താമസക്കാരോടും മുന്‍കരുതല്‍ എടുക്കാന്‍ ഖത്തര്‍ കാലാവസ്ഥ വകുപ്പ് അഭ്യര്‍ത്ഥിച്ചു.