Breaking News

ഖത്തര്‍ കാന്‍സര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി പൊതുജനാരോഗ്യ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ കാന്‍സര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത് . ഗുണനിലവാരവും സമഗ്രവുമായ ഡാറ്റ നല്‍കുന്നതിലൂടെ ക്ലിനിക്കല്‍ ഗവേഷണം മെച്ചപ്പെടുത്തുന്നതിന് പുറമേ, ഡാറ്റാധിഷ്ഠിതവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള കാന്‍സര്‍ ആസൂത്രണവും നയരൂപീകരണവും പ്രാപ്തമാക്കുന്നതിന് ഖത്തറിലെ ദേശീയ കാന്‍സര്‍ ഡാറ്റയുടെയും വിവരങ്ങളുടെയും റഫറന്‍സായാണ് ഖത്തര്‍ കാന്‍സര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിനെ പരിഗണിക്കുക.

ഖത്തറില്‍ കാന്‍സര്‍ സേവനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സമൂഹത്തില്‍ അതിന്റെ സ്വാധീനവും ഊന്നിപ്പറഞ്ഞ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യകാര്യ സഹമന്ത്രി ഡോ. സാലിഹ് അലി അല്‍ മറി, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് തന്ത്രപരമായ പദ്ധതികള്‍ വികസിപ്പിച്ചതായി വിശദീകരിച്ചു. ദേശീയ കാന്‍സര്‍ തന്ത്രം 2011-2016, ദേശീയ കാന്‍സര്‍ ചട്ടക്കൂട് 2017-2022 എന്നിവയിലൂടെ രാജ്യം കൈവരിച്ച നേട്ടമാണ് ഖത്തര്‍ കാന്‍സര്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍.

കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കാന്‍ രോഗത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ആരോഗ്യ പരിരക്ഷാ ദാതാക്കളും ഗവേഷകരും തമ്മില്‍ ബന്ധപ്പെടുത്താനുമാണ് ക്യുസിഐസി പ്രവര്‍ത്തിക്കുന്നത്.

ആരോഗ്യ തന്ത്രങ്ങള്‍ക്കുള്ള ഖത്തറിന്റെ പിന്തുണയും മാര്‍ഗനിര്‍ദേശവും കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വിശിഷ്ടമായ തലത്തിലുള്ള സേവനങ്ങളിലൂടെ അതിന്റെ ഫലങ്ങള്‍ കാണിക്കുന്നുവെന്ന് കാന്‍സര്‍ ഗവര്‍ണേഴ്സ് ബോര്‍ഡ് ലോര്‍ഡ് അര ദാര്‍സി പറഞ്ഞു.ദേശീയ കാന്‍സര്‍ സ്ട്രാറ്റജി 2011-2016 വിശിഷ്ടമായ ആരോഗ്യ സേവനങ്ങള്‍ക്ക് അടിത്തറ പാകിയെന്നും, തുടര്‍ന്ന് രോഗത്തിന്റെ എല്ലാ ഘട്ടങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണ സംവിധാനം നിര്‍മ്മിച്ച് ദേശീയ കാന്‍സര്‍ ചട്ടക്കൂട് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.

കാന്‍സറിനെതിരായ പോരാട്ടത്തില്‍ ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കുടക്കീഴില്‍ ദേശീയ കാന്‍സര്‍ പ്രോഗ്രാം നയിക്കുന്ന നിര്‍ണായക പങ്കിനെയും പരിശ്രമങ്ങളെയും ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ ജബര്‍ അല്‍ താനി പ്രശംസിച്ചു.

ഖത്തര്‍ കാന്‍സര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള നാഷണല്‍ കാന്‍സര്‍ പ്രോഗ്രാമിന്റെ ആക്ടിംഗ് ഡയറക്ടര്‍ അമിദ് അബു ഹ്‌മൈദാന്‍ വിശദമായ അവതരണം നടത്തി.
ഖത്തര്‍ നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രി (ക്യുഎന്‍സിആര്‍), ഖത്തര്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക്ക് (ക്യുഎന്‍ഐഎന്‍), കാന്‍സര്‍ ഇന്‍ഫര്‍മേഷന്‍ ഗവേണന്‍സ് ബോര്‍ഡ് (സിഐജിബി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ക്യുസിഐസിയെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!