Archived Articles

യൂത്ത് ഫോറം ദഖീറ ബീച്ച് ശുചീകരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അല്‍ഖോര്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ ദഖീറ ബീച്ച് പരിസരം ശുചീകരിച്ചു. പരിസ്ഥിതി
സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും സെവന്‍സീസും സംയുക്തമായി ആരംഭിച്ച ‘വണ്‍ ടൈഡ്’ പ്രോഗ്രാമിന് കീഴിലാണ് തീര ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.

പ്ലാസ്റ്റിക് വസ്തുക്കള്‍, അലുമിനിയം കാനുകള്‍, കുപ്പികള്‍, തടിക്കഷ്ണങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പ്രദേശത്ത് നിന്നും ശേഖരിച്ച് നീക്കം ചെയ്തു. ആരോഗ്യ-സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അമ്പതോളം യൂത്ത് ഫോറം സന്നദ്ധ പ്രവര്‍ത്തകരും കുടുംബങ്ങളും പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തിലും പരിസര ശുചിത്വ-പരിപാലനത്തിലും പുതുതലമുറക്ക് ഒട്ടേറെ ആവേശം പകരുന്നതായിരുന്നു പരിപാടി. അതോടൊപ്പം ലൈഫ് ബിലോ വാട്ടര്‍, ലൈഫ് ഒണ്‍ ലാന്‍ഡ് എന്നീ ആശയങ്ങളില്‍ ഊന്നിയുള്ള ‘ഖത്തര്‍ നാഷണല്‍ വിഷന്‍ 2030’, ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതില്‍ യൂത്ത് ഫോറം സന്നദ്ധത അറിയിക്കുകയും ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള വ്യതസ്ത പരിപാടികള്‍ എക്കാലവും യൂത്ത് ഫോറത്തിന്റെ താല്‍പര്യമാണെന്ന് പ്രസിഡന്റ് എസ്.എസ് മുസ്തഫ പറഞ്ഞു. പരിപാടിക്ക് മുഴുവന്‍ പിന്തുണയും സഹകരണവും നല്‍കിയ അല്‍ഖോര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്കും വിജയത്തിനായി ആദ്യാവസാനം യത്‌നിച്ച യൂത്ത് ഫോറം സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!