ഖത്തറിന്റെ മിനാരങ്ങളില്‍ സംഗീതത്തിന്റെ മധുരം നിറക്കാന്‍ സ്റ്റീഫന്‍ ദേവസിയെത്തുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. വലിയപെരുന്നാളിന്റെ വിശുദ്ധിയില്‍ ഈദാഘോഷിക്കുന്ന ഖത്തര്‍ മലയാളികള്‍ക്ക് സംഗീതത്തിന്റെ മാന്ത്രികലോകം തീര്‍ക്കാന്‍ സ്റ്റീഫന്‍ ദേവസിയെത്തുകയാണ്. ജൂലൈ പത്തിന് നടക്കുന്ന ഇശല്‍ മധുരം സംഗീത നിശയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
കീബോര്‍ഡില്‍ സ്റ്റീഫന്‍ ദേവസി തീര്‍ക്കുന്ന അത്ഭുതങ്ങള്‍ കാണാന്‍ ഖത്തറിലെ പ്രവാസലോകം കാത്തിരിക്കുകയാണ്. ലോകത്തെ സംഗീതംകൊണ്ട് ഒന്നിപ്പിക്കാമെന്ന് പലകുറി തെളിയിച്ച സംഗീത മാന്ത്രികനാണ് സ്റ്റീഫന്‍ദേവസി.
ഖത്തര്‍ ന്യൂ സലാത്തയിലെ അല്‍ അറബ് സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഗീത നിശ അരങ്ങേറുന്നത്. മാപ്പിളപാട്ടുകളുടെ മുഹബത്തുതീര്‍ക്കാന്‍ സജിലി സലീമും, സജില സലീമും സംഗീത നിശയുടെ ഭാഗമാകും.
മലയാളത്തിന്റെ ഗാനശാഖയില്‍ പുതിയ കാലത്തിന്റെ താരതിളക്കം നല്‍കിയ സലീല്‍ സലീം, റിയാസ് കരിയാട്, ജിയോ ആന്റോ, അനുപമ രുദ്രന്‍ എന്നിവരും ഇശല്‍ മധുരത്തിന്റെ തിളക്കം കൂട്ടാനെത്തും.
ഖത്തര്‍ എ വണ്‍ ഈവന്റ്‌സും റേഡിയോ സുനോയും സംയുക്തമായാണ് സംഗീത നിശ ഒരുക്കിയിരിക്കുന്നത്. സംഗീതനിശക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എ വണ്‍ ഈവന്റ് മാനേജിങ്ങ് ഡയറക്ടടര്‍ ഡേവിഡ് അറിയിച്ചു. പരിപാടിക്കുള്ള ടിക്കറ്റുകള്‍ ക്യൂടിക്കറ്റ് വഴിയാണ് ലഭ്യമാവുക.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംഗീത നിശ നടത്തുന്നതെന്നും, പരിപാടിക്കെത്തുന്നവര്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് സുരക്ഷാ നിബന്ധനകള്‍ പാലിക്കണമെന്നും ഡേവിഡ് അഭ്യര്‍ത്ഥിച്ചു.
ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 55845076,77774768 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.