ലോകകപ്പ് തയ്യാറെടുപ്പുകള്‍, ലോകത്തെ വിസ്മയിപ്പിച്ച് ദോഹ
അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്തുകളിയുടെ മഹാമേളയായ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തര്‍ സമയബന്ധിതമായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ലോകത്തെ വിസ്മയിപ്പിക്കുകയാണ് . ലോകോത്തര സ്‌റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് റിക്കോര്‍ഡ് വേഗതയില്‍ പൂര്‍ത്തീകരിച്ച ഖത്തര്‍ അക്ഷരാര്‍ഥത്തെ ലോകത്തെ ഞെട്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലേക്കുള്ള 100 ധിവസ കൗണ്ട് ഡൗണിന്റെ ആഘോഷങ്ങളും കലാശക്കൊട്ടും ലോക കായിക തലസ്ഥാനമായ ദോഹ 2022ലെ ഫിഫ ലോകകപ്പ് ഖത്തര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. ലോക കപ്പിന്റെ ചരിത്രത്തില്‍ പശ്ചിമേശ്യയില്‍ ആദ്യമായി ലോകകപ്പ് നടക്കുമ്പോള്‍ ഇത്രയും വേഗം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതും ചരിത്രമാകും.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുവാന്‍ രാജ്യം പൂര്‍ണസജ്ജമായതിന്റെ അടയാളപ്പെടുത്തലാണ് കഴിഞ്ഞ ദിവസങ്ങളിലെ ആഘോഷങ്ങളില്‍ കാണാനായത്.
ഖത്തറിലെ പ്രധാന ബില്‍ഡിംഗുകളിലും പൊതുസ്ഥലങ്ങളിലും ഉയര്‍ന്ന ലോകകപ്പുമായി ബന്ധപ്പെട്ട ബോര്‍ഡുകളും ചിത്രങ്ങളും ഖത്തറിന്റെ ആഘോഷ പരിസരങ്ങളെ വര്‍ണാഭമാക്കുമ്പോള്‍ സ്വദേശികളും വിദേശികളുമടക്കം മുഴുവനാളുകളും ഈ ആഘോഷത്തിന്റെ നിറവിലാണ് .
സുസ്ഥിരതയുടെ തത്വം കണക്കിലെടുക്കുന്ന ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഖത്തര്‍ കാല്‍പന്തുകളിയുടെ മഹാമേളക്ക് നാളുകളെണ്ണി കാത്തിരിക്കുന്നത്. ലോകകപ്പില്‍ ഖത്തര്‍ അതിന്റെ സാമൂഹിക സാംസ്‌കാരിക മുഖവും സൗന്ദര്യാത്മക പാരമ്പര്യവും ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്.