Archived Articles

ഖത്തറിലെ ആദ്യത്തെ പ്രൈവറ്റ് മൊബൈല്‍ ഡെന്റല്‍ യൂണിറ്റിന് നസീം ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ: ഖത്തറിലെ ആദ്യത്തെ സ്വകാര്യ മൊബൈല്‍ ഡെന്റല്‍ യൂണിറ്റിന് പ്രവര്‍ത്തനമാരംഭിച്ച് നസീം ഡെന്റല്‍ സെന്റര്‍. ഓഗസ്റ്റ് 28-ന് ഖത്തറിലെ വെസ്റ്റിനില്‍ നടന്ന ചടങ്ങില്‍ നസീമിന്റെയും 33 ഹോള്‍ഡിംഗിന്റെയും മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മിയാന്‍ദാദ് വി.പി മൊബൈല്‍ ഡെന്റല്‍ യൂണിറ്റിന് ഫ്‌ളാഗ് ഓഫ് ചെയ്തു.

ബുക്കിംഗുകള്‍ അടിസ്ഥാനമാക്കി വീടുകളില്‍ ഡെന്റല്‍ സേവനങ്ങള്‍ എത്തിക്കുക എന്നതാണ് നസീം മൊബൈല്‍ ഡെന്റല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം. രാത്രിയും പകലും ഒരുപോലെ ഡെന്റല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭിക്കും. രോഗികളുടെ സൗകര്യത്തിനനുസരിച്ച് വീടിനുള്ളില്‍ വച്ചോ വാനിനുള്ളില്‍ വച്ചോ പരിശോധിക്കാവുന്ന രീതിയിലാണ് മൊബൈല്‍ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഡെന്റല്‍ ഫില്ലിംഗ്, ബ്ലീച്ചിംഗ്, ക്ലീനിംഗ് ട്രീറ്റ്‌മെന്റ് തുടങ്ങിയ സേവനങ്ങളെല്ലാം നല്‍കുവാന്‍ വാനില്‍ സൗകര്യമുണ്ട്.

ദോഹയിലെ മുന്‍നിര ഡെന്റല്‍ സെന്ററും, ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ശൃംഖലയുമായ നസീമിന് 17 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്. ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യകള്‍, ഏറ്റവും വിദഗ്ദ്ധരായ മെഡിക്കല്‍ ടീം എന്നിവയെല്ലാം നസീമിന്റെ പ്രത്യേകതയാണ്. മാത്രമല്ല 161-ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നസീമില്‍ ചികിത്സയ്ക്കായി എത്തുന്നുമുണ്ട് .

”ഞങ്ങളുടെ രോഗികള്‍ക്ക് ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്നതിനായി നസീം എല്ലായ്‌പ്പോഴും പരിശ്രമിക്കുന്നുണ്ട്, മികച്ച പരിചരണവും പിന്തുണയും വഴി അവരുടെ ജീവിതം സുഗമമാക്കുക എന്നതാണ് നസീമിന്റെ ലക്ഷ്യം,” നസീമിന്റെയും 33 ഹോള്‍ഡിംഗിന്റെയും മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മിയാന്‍ദാദ് വി.പി പറഞ്ഞു.

മൊബൈല്‍ ഡെന്റല്‍ യൂണിറ്റ് ദന്തചികിത്സയില്‍ ദീര്‍ഘ നാളായുള്ള ഒരു ആവശ്യം കൂടിയാണ്. ഇന്ന് ഈ യൂണിറ്റ് സമാരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്, ഖത്തറില്‍ ഇനിയും കൂടുതല്‍ പുതിയ സേവനങ്ങളും സൗകര്യങ്ങളും കൊണ്ടുവരാനും കൂടിയാണ് ഞങ്ങള്‍ ഒരുങ്ങുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആദ്യത്തെ സ്വകാര്യ മൊബൈല്‍ ഡെന്റല്‍ യൂണിറ്റ് ഖത്തര്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ട്’ നസീം ജനറല്‍ മാനേജര്‍ ഡോ. മുനീര്‍ അലി പറഞ്ഞു.

നസീം ഇനി പുഞ്ചിരി നിങ്ങളുടെ വീടുകളില്‍ കൊണ്ടുവരും, ഈ മൊബൈല്‍ യൂണിറ്റ് പൂര്‍ണ്ണമായും എല്ലാ ദന്ത സേവനങ്ങളും നല്‍കാന്‍ സൗകര്യമുള്ളതാണ്. ഖത്തറിലെ ആരോഗ്യ പരിപാലനത്തിന് നിര്‍ണായകമായ സംഭാവന നല്‍കുന്ന ഈ പദ്ധതി വിജയിപ്പിക്കുന്നതിന് നിങ്ങളുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!