Breaking News

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി നൂറ് റൂമുകളുള്ള ഹോട്ടല്‍ തുറന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി നൂറ് റൂമുകളുള്ള ഹോട്ടല്‍ തുറന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ട് വികസന പദ്ധതിയുടെ ഭാഗമായാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി നോര്‍ത്ത് പ്ലാസയില്‍ പുതിയ ഹോട്ടല്‍ തുറന്നത്. രണ്ടാമത്തെ എയര്‍പോര്‍ട്ട് ഹോട്ടലായ ഒറിക്‌സ് ഗാര്‍ഡന്‍ ഹോട്ടല്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാവുന്ന ഏറ്റവും പുതിയ വേദിയാണ്.

ലോകോത്തര എയര്‍പോര്‍ട്ടിനുള്ള പുരസ്‌കാരങ്ങള്‍ ഒന്നിലധികം തവണ സ്വന്തമാക്കിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വിപുലീകരണ പദ്ധതിയുടെ ഭാഗമായ നിരവധി പുതിയ അനുഭവങ്ങളില്‍ ഒന്നാണ് ഓറിക്‌സ് ഗാര്‍ഡന്‍ ഹോട്ടല്‍.

എയര്‍പോര്‍ട്ട് വിപുലീകരണ പദ്ധതി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ അത്യാധുനിക സൗകര്യങ്ങള്‍ ഗണ്യമായി വിപുലീകരിക്കുന്നു. 90-ലധികം ലോകോത്തര ബ്രാന്‍ഡുകളുള്ള വിശാലമായ ഷോപ്പിംഗ് ഏരിയ , ലോകോത്തര കലാ ശേഖരം, പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം, 10,000 ചതുരശ്ര മീറ്റര്‍ ഇന്‍ഡോര്‍ ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ , 268 ചതുരശ്ര മീറ്റര്‍ വാട്ടര്‍ ഫീച്ചര്‍ തുടങ്ങി എല്ലാ യാത്രക്കാര്‍ക്കും ആകര്‍ഷകമായ നിരവധി സംവിധാനങ്ങളുള്‍കൊള്ളുന്നതാണ് .

ഫിഫ 2022 ലോകകപ്പ് ഖത്തറിന് മുന്നോടിയായി രണ്ടാമത്തെ എയര്‍പോര്‍ട്ട് ഹോട്ടല്‍ തുറക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഞങ്ങളുടെ ആവേശകരമായ വിപുലീകരണ പദ്ധതികളുടെ ഭാഗമായി വിമാനത്താവളം അവതരിപ്പിക്കുന്ന നിരവധി പുതിയ ഓഫറുകളില്‍ ഒന്ന് മാത്രമാണിതെന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.

ഒറിക്‌സ് ഗാര്‍ഡന്‍ ഹോട്ടല്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിലേക്ക് സുസ്ഥിരവും ലോകോത്തരവുമായ മറ്റൊരു സൗകര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നു, അതിഥികള്‍ക്ക് വിശ്രമിക്കാനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഊഷ്മളത അനുഭവിച്ചറിയാനും സഹായിക്കുന്നു.

വിവിധ തരത്തിലുള്ള റൂമുകളും സ്യൂട്ടുകളുമുള്ള ഹോട്ടല്‍ ആധുനികവും സമകാലികവുമായ രൂപകല്‍പ്പനയില്‍ അലങ്കരിച്ചിരിക്കുന്നു. ബിസിനസ്സിനും വിനോദ സഞ്ചാരികള്‍ക്കും ആകര്‍ഷകമായ ഈ ഹോട്ടലില്‍ ട്രാന്ഡസിറ്റ് യാത്രക്കാര്‍ക്ക് പരമാവധി 24 മണിക്കൂര്‍ വരെ സമയം ചിലവഴിക്കാം. ബോര്‍ഡിംഗ് ഗേറ്റുകളില്‍ നിന്ന് നിമിഷങ്ങള്‍ അകലെയാണ് ഹോട്ടല്‍. ഹോട്ടലിലുടനീളം സൗജന്യ വൈഫൈ ലഭ്യമാണ് .

25 മീറ്റര്‍ നീന്തല്‍ക്കുളം, ജിം, സ്പാ, യാത്രക്കാര്‍ക്കായി ഒരു സ്‌ക്വാഷ് കോര്‍ട്ട് എന്നിവ ഉപയോഗിച്ച്, പുനരുജ്ജീവിപ്പിക്കാനുള്ള ഓപ്ഷനുകള്‍ അനന്തമാണ്. ഓറിക്‌സ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ എത്താന്‍, അതിഥികള്‍ക്ക് വിമാനത്താവളത്തിന്റെ നോര്‍ത്ത്, സൗത്ത് പ്ലാസകളെ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സൗകര്യം ഉപയോഗിക്കാം.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ രണ്ട് എയര്‍പോര്‍ട്ട് ഹോട്ടലുകളും 100 ശതമാനം പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൈവരിക്കുന്നതിനുള്ള നിരന്തരമായ പരിശ്രമത്തില്‍ വിവിധ ഹരിത സംരംഭങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഹോട്ടലുകള്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കില്ല . പകരം പരിസ്ഥിതി സൗഹൃദ വാട്ടര്‍ കണ്ടെയ്‌നറുകള്‍ ഉപയോഗിക്കും. എല്ലാ ഹോട്ടല്‍ പ്രിന്റിംഗ് കൊളാറ്ററലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും റീസൈക്കിള്‍ ചെയ്ത പേപ്പറാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ബയോഡീഗ്രേഡബിള്‍ ബാഗുകള്‍ നല്‍കുക എന്നിവയാണ് മറ്റ് ഹരിത സംരംഭങ്ങള്‍.

ഷാംപൂകള്‍ക്കും ബോഡി ലോഷനുകള്‍ക്കുമുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം ഇക്കോപ്യുവര്‍ പിഇടി ബയോ ഡിഗ്രേഡബിള്‍ ബോട്ടിലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഡെന്റല്‍, ഷേവിംഗ് കിറ്റുകള്‍ക്ക് പകരം സ്റ്റാര്‍ച്ച് ടൂത്ത് ബ്രഷുകളും ഷേവിംഗ് യൂട്ടിലിറ്റികളും നല്‍കും. അതുപോലെ തന്നെ പ്ലാസ്റ്റിക് സ്ലിപ്പറുകള്‍, ചീപ്പുകള്‍, ഷവര്‍ തൊപ്പികള്‍ എന്നിവ പരിസ്ഥിതി സൗഹൃദ രൂപങ്ങളില്‍ സംവിധാനിച്ചിരിക്കുന്നു.

Related Articles

Back to top button
error: Content is protected !!