ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സുരക്ഷാ സമിതിയുടെ 5 ദിവസത്തെ അഭ്യാസം അടുത്ത ഞായറാഴ്ച മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സുരക്ഷാ സമിതിയുടെ 5 ദിവസത്തെ അഭ്യാസം, വതന്‍ അടുത്ത ഞായറാഴ്ച മുതല്‍ ആരംഭിക്കും.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ മേല്‍നോട്ടത്തില്‍, ഫിഫ ലോകകപ്പ് സുരക്ഷാ തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഞ്ച് ദിവസത്തെ അഭ്യാസം ‘വതന്‍’ നടത്തുന്നത്,
സൈനികാഭ്യാസത്തില്‍ സൗദി അറേബ്യ, പാകിസ്ഥാന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, ഇറ്റലി, ജോര്‍ദാന്‍, കുവൈറ്റ്, സ്‌പെയിന്‍, പലസ്തീന്‍, യുഎസ്എ, തുര്‍ക്കി, യുകെ തുടങ്ങി 13 രാജ്യങ്ങളില്‍ നിന്നുള്ള 11 മന്ത്രാലയങ്ങളും സൈനിക, സുരക്ഷാ വിദഗ്ധരും പങ്കെടുക്കും.
അടിയന്തര ഘട്ടങ്ങളിലെ പ്രതികരണശേഷി വിലയിരുത്തുന്നതിനും സൈനിക, സിവില്‍ ഏജന്‍സികള്‍ തമ്മിലുള്ള കമാന്‍ഡ്, കണ്‍ട്രോള്‍, സഹകരണം എന്നിവയുടെ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും ലോകകപ്പ് സമയത്ത് അവരുടെ പതിവ് ദൗത്യങ്ങളും അധിക ചുമതലകളും നിര്‍വഹിക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുടെ പങ്ക് വര്‍ദ്ധിപ്പിക്കുകയുമാണ് ‘വതന്‍’ എന്ന അഭ്യാസം ലക്ഷ്യമിടുന്നത്.
പ്രധാന കായിക പ്രവര്‍ത്തനങ്ങളും ഇവന്റുകളും സംഘടിപ്പിക്കുന്നതിലെ സുരക്ഷാ സമ്പ്രദായങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനായി സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നത് ഉറപ്പാക്കുന്ന വിധത്തില്‍ പങ്കെടുക്കുന്ന സഹോദര-സൗഹൃദ സേനകളുമായുള്ള അടുത്ത സഹകരണവും അനുഭവങ്ങളുടെ കൈമാറ്റവും വര്‍ദ്ധിപ്പിക്കാനും ഈ അഭ്യാസം ലക്ഷ്യമിടുന്നു.