ഖത്തറിലേക്ക് മെതാംഫെറ്റാമൈന് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് മെതാംഫെറ്റാമൈന് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ തപാല്‍ കണ്സൈന്മെന്റ് വിഭാഗം തകര്‍ത്തു.
സ്പോര്‍ട്സ് ഉപകരണങ്ങള്‍ അടങ്ങിയ പാഴ്സലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ 1.65 കിലോഗ്രാം മയക്കുമരുന്നാണ് ഖത്തര്‍ കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങളും കസ്റ്റംസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഈയിടെയായി ഖത്തറിലേക്ക്് മയക്കുമരുന്നുകള്‍ വ്യാപകമായി കടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്യാധുനിക സജ്ജീകരണങ്ങളും പരിശീലനവും നേടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാരണം മിക്ക കേസുകളും പിടിക്കപ്പെടുകയാണ് .
ഒക്ടോബര്‍ 17 തിങ്കളാഴ്ച ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ മെത്താംഫെറ്റാമൈന്‍ പിടികൂടിയിരുന്നു. നാട്ടില്‍ നിന്നും എത്തിയ യാത്രക്കാരന്റെ ബാഗിന്റെ അടിയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികള്‍ മനസ്സിലാക്കാനും കഴിയുമെന്നതിനാല്‍ അവരുടെ കണ്ണുവെടിടിച്ച് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തല്‍ എളുപ്പമാവില്ല.