Breaking News

ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം

 

അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രാജ്യത്തെ വിദേശ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ട് ഖത്തര്‍ നടപ്പാക്കിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്നു. തൊഴിലാളികളുടെ കാര്യം പറഞ്ഞ് ചില തല്‍പര കക്ഷികളായ രാജ്യങ്ങള്‍ ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തത് ശുദ്ധ കാപട്യമാണെന്നാണ് ഈ അംഗീകാരങ്ങള്‍ തെളിയിക്കുന്നതെന്നും തൊഴിലാളികളുടെ സംരക്ഷണത്തിന്റെ ഉജ്ജ്വല മാതൃകയാണ് ഖത്തറെന്ന് വിവിധ അന്താരാഷ്ട്ര വേദികള്‍ വിലയിരുത്തിയത് തൊഴില്‍, മനുഷ്യാവകാശ മേഖലകളില്‍ ഖത്തര്‍ കൈവരിച്ച വന്‍ പുരോഗതിക്കുള്ള സാക്ഷ്യ പത്രമാണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം റിപ്പോര്‍ട്ട്.

ഖത്തറില്‍ തൊഴില്‍ നിയമനിര്‍മ്മാണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാരണമായതായും ഫിഫ ലോകകപ്പിനപ്പുറം ഈ രംഗത്ത് സുസ്ഥിരമായ പുരോഗതി പ്രതീക്ഷിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയ പ്രശംസ ഉയര്‍ത്തിക്കാട്ടി ‘ഖത്തറിന്റെ പരിഷ്‌കാരങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞു’ എന്ന തലക്കെട്ടില്‍ തൊഴില്‍ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കി.

ഖത്തര്‍ പുറത്തിറക്കിയതും നടപ്പിലാക്കിയതുമായ നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങളെക്കുറിച്ച് യൂണിയനും തൊഴിലാളികളും പുറപ്പെടുവിച്ച ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര നിലപാടുകളും പ്രശംസയും റിപ്പോര്‍ട്ട് നിരീക്ഷിച്ചു. ഇത് ഖത്തറിലെ തൊഴില്‍ അന്തരീക്ഷത്തില്‍ സ്പഷ്ടവും ഗുണപരവുമായ മാറ്റങ്ങള്‍ക്ക് കാരണമായി.

ജനീവയില്‍ നടന്ന 2022 ലെ ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ 110-ാമത് സമ്മേളനത്തോടനുബന്ധിച്ച് മന്ത്രാലയം സംഘടിപ്പിച്ച സിമ്പോസിയത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഖത്തര്‍ വികസനത്തിന് സുസ്ഥിരമായ സമീപനമാണ് സ്വീകരിച്ചതെന്ന് തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സ്‌മൈഖ് അല്‍ മാരി പറഞ്ഞു. നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും അപ്ഡേറ്റ് ചെയ്യുകയും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്തു, തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-നുള്ളില്‍ വന്നതാണെന്ന് ഊന്നിപ്പറയുന്നു.

താരതമ്യേന കുറഞ്ഞ സമയത്തിനുള്ളില്‍ തൊഴിലാളി ക്ഷേമ രംഗത്ത് ഖത്തര്‍ വലിയ പുരോഗതി കൈവരിച്ചു. കഫാല സമ്പ്രദായം നിര്‍ത്തലാക്കല്‍, മിനിമം വേതനം, ചൂട് സംരക്ഷണ നടപടികള്‍ മുതലായവ പ്രത്യേകം എടുത്ത് പറയേണ്ടവയാണ് , ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഡയറക്ടര്‍ ജനറല്‍ ഗില്‍ബര്‍ട്ട് എഫ് ഹൂങ്ബോ പറഞ്ഞു: പുരോഗതി തിരിച്ചറിയുന്നത് ജോലി പൂര്‍ത്തിയായി എന്നല്ല. ഇപ്പോള്‍ നമുക്ക് ഏകീകരണത്തിന്റെ ഒരു കാലഘട്ടം ആവശ്യമാണ്, ഈ സമയത്ത് നടപ്പാക്കലിന്റെയും പരിശോധനയുടെയും ചുമതലയുള്ള സ്ഥാപനങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഫിഫ ലോകകപ്പിനപ്പുറം പ്രവര്‍ത്തിക്കാന്‍ ഖത്തറും ഐഎല്‍ഒയും തയ്യാറാണ്. ഖത്തറില്‍ ഞങ്ങള്‍ കണ്ട പുരോഗതി ഈ മേഖലയില്‍ സവിശേഷമാണ്, അദ്ദേഹം പറഞ്ഞു.
ലോകാടിസ്ഥാനത്തില്‍ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും ഏജന്‍സികളും യൂണിയനുകളുമൊക്കെ ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരങ്ങളെ പ്രശംസിച്ച് മുന്നോട്ട് വന്നതായി തൊഴില്‍ മന്ത്രാലയം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!