54 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ലോക പര്യടനത്തിന് ശേഷം ഫിഫ ലോകകപ്പ് ട്രോഫി ഖത്തറില്‍ തിരിച്ചെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 54 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ലോക പര്യടനത്തിന് ശേഷം ഫിഫ ലോകകപ്പ് ട്രോഫി ഖത്തറില്‍ തിരിച്ചെത്തി.
യഥാര്‍ത്ഥ ലോകകപ്പ് ട്രോഫിയുടെ ആഗോള പര്യടനം മെയ് മാസത്തില്‍ യുഎഇയിലെ ദുബായില്‍ നിന്നാണ് ആരംഭിച്ചത്. 2006 ല്‍ ആദ്യമായി ആരംഭിച്ച ഒരു പാരമ്പര്യമനുസരിച്ച് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ല്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളിലും പര്യടനം നടത്തിയാണ് ട്രോഫി ഖത്തറില്‍ തിരിച്ചെത്തിയത്.
ഖത്തറിന്റെ മണ്ണില്‍ നടക്കുന്ന ലോകകപ്പിന്റെ ആവേശകരമായ എഡിഷനില്‍ കപ്പില്‍ ആര് മുത്തമിടുമെന്നറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കേണ്ടിവരുമെങ്കിലും ലോകകപ്പ് ട്രോഫി നേരില്‍ കാണാനും ഫോട്ടോകളെടുക്കാനുമൊക്കെ വരും ദിവസങ്ങളില്‍ ആരാധകര്‍ക്ക് അവസരമുണ്ടാകും.
ഫിഫ നിയമങ്ങള്‍ അനുസരിച്ച്, മുന്‍ ചാമ്പ്യന്‍മാര്‍ക്കും രാഷ്ട്രത്തലവന്മാര്‍ക്കും മാത്രമേ കപ്പില്‍ തൊടാന്‍ അവകാശമുള്ളൂ. അത് വിജയിക്കുന്ന ടീം താല്‍ക്കാലികമായി സൂക്ഷിക്കുന്നു. പിന്നീട്, വിജയികള്‍ക്ക് ടൂര്‍ണമെന്റിന്റെ പതാക, ആതിഥേയ രാജ്യങ്ങള്‍, വിജയികളായ ടീമുകള്‍ എന്നിവയുടെ ലിഖിതങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക സ്വര്‍ണ്ണം പൂശിയ പകര്‍പ്പ് ലഭിക്കും. അതേസമയം, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച യഥാര്‍ത്ഥ ട്രോഫി ഫിഫയ്ക്ക് തിരികെ നല്‍കുന്നു.
വിജയിക്കുന്ന ടീമിന് ട്രോഫി നല്‍കുന്നുണ്ടെങ്കിലും അത് ഫിഫയുടെ സ്വത്താണ്. 6.142 കിലോഗ്രാം ഭാരമുള്ള തങ്കം കൊണ്ടാണ് ട്രോഫി നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ ഉപരിതലത്തില്‍ ഭൂഗോളത്തെ ഉയരത്തില്‍ വഹിക്കുന്ന രണ്ടുപേരെ കൊത്തിവച്ചിരിക്കുന്നു, അതിന്റെ ഇപ്പോഴത്തെ ഡിസൈന്‍ 1974 മുതലുള്ളതാണ്.