ഫിഫയുടെ ആംബാന്‍ഡ് വിലക്കിനെതിരെ വായ പൊത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ജര്‍മ്മന്‍ ടീമിന്റെ പ്രതിഷേധം
അമാനുല്ല വടക്കാങ്ങര
ദോഹ: എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് പിന്തുണയറിയിച്ച് ഖത്തര്‍ ലോകകപ്പില്‍ ‘വണ്‍ ലൗ’ ആംബാന്‍ഡ് താരങ്ങള്‍ ധരിക്കുന്നത് വിലക്കിയ ഫിഫയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജര്‍മ്മന്‍ താരങ്ങള്‍. വിലക്ക് നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ ജര്‍മ്മന്‍ ടീം, ജപ്പാനെതിരെയുള്ള ആദ്യ മത്സരത്തിന് തൊട്ടുമുന്‍പ് വായ പൊത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു. നാസിസത്തിന്റെ തഴമ്പ് തപ്പുന്ന ജര്‍മ്മനിയുടെ, യുറോപ്യന്‍ വംശീയത പ്രകടമാക്കുന്ന പ്രതിഷേധമാണ് ഈ വായ മൂടി പ്രകടനമെന്നാണ് വിമര്‍ശകര്‍ വിലയിരുത്തിയത്.
ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകളാണ് ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ ‘വണ്‍ ലൗ’ ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇത്തരത്തില്‍ കളത്തിലിറങ്ങുന്നവര്‍ക്കെതിരേ വിലക്കും മഞ്ഞക്കാര്‍ഡ് കാണിക്കുന്നതും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഫിഫ നിലപാട് കടുപ്പിച്ചതോടെ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിക്കുകയായിരുന്നു.